X

ഹോട്ടല്‍ ഭക്ഷണം പൊള്ളും

Sadhya

 
ജി.എസ്.ടി നിലവില്‍ വന്നതോടെ ഹോട്ടല്‍ ഭക്ഷണത്തിന് 13 ശതമാനം വരെ വില വര്‍ധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. വിലവര്‍ധിക്കുന്നത് നികുതിയുടെ പേരിലല്ലെന്നും ഇന്‍പുട്ട് എത്ര കിട്ടുന്നോ അതു കുറക്കുമ്പോള്‍ വില നിയന്ത്രിക്കാനാവുമെന്നും ഐസക് പറഞ്ഞു.
ഇന്‍പുട്ട് എത്രയാക്കണമെന്ന് ചര്‍ച്ചയിലൂടെ തീരുമാനിക്കും. ഹോട്ടലുടമകളുമായി ചെറിയ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. തുടക്കമെന്ന നിലയില്‍ അഞ്ചോ എട്ടോ ശതമാനം കുറയ്ക്കണമെന്ന തീരുമാനത്തിലെത്തിയിട്ടുണ്ട്. ഇതു നടപ്പാക്കുന്നതില്‍ പ്രായോഗികമായ തടസങ്ങളുണ്ട്. അതിനാല്‍ മൂന്നുമാസത്തെ സാവകാശം വേണമെന്നാണ് വ്യാപാരികളുടെ സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. 18 ശതമാനം വരെ നികുതി വരുന്നതാണു കാരണം- മന്ത്രി പറഞ്ഞു.
തിങ്കളാഴ്ച മുതല്‍ കോഴി വില 87 രൂപ ആക്കിയേ തീരൂവെന്നും കോഴി വ്യാപാരികളുടെ അഹങ്കാരം അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതിനിടെ, ജി.എസ്.ടി നിലവില്‍ വന്നശേഷം ഹോട്ടല്‍ ഭക്ഷണത്തിന് കൂട്ടിയ വില കുറക്കുമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ വ്യക്തമാക്കി. ജി.എസ്.ടിയിലൂടെ ലഭിക്കുന്ന ഇന്‍പുട്ട് ക്രെഡിറ്റ് ബില്ലില്‍ കുറക്കും.
എ.സി, നോണ്‍ എ.സി റസ്റ്ററന്റുകളില്‍ യഥാക്രമം ഏഴ്, 10 ശതമാനം നികുതിയേ ഈടാക്കൂവെന്നും അസോസിയേഷന്‍ പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജി പറഞ്ഞു. നിലവില്‍ 12, 18 ശതമാനം നികുതിയാണ് ഈടാക്കുന്നത്. രണ്ടു ദിവസത്തിനകം ഇതു പ്രാബല്യത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്.ടി ഏര്‍പ്പെടുത്തിയതുമൂലം ഹോട്ടല്‍ ഭക്ഷണത്തിന് 18 ശതമാനവും 12 ശതമാനവും നികുതി പിരിക്കുന്നതുമൂലം ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ അസോസിയേഷന്‍ ഭാരവാഹികളും ധനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. എ.സി റസ്റ്റോറന്റുകളില്‍ നിലവിലുള്ള വിലയില്‍ എട്ട് ശതമാനം ഡിസ്‌ക്കൗണ്ട് നല്‍കി 18 ശതമാനം ജി.എസ്.ടി പിരിക്കുവാനും നോണ്‍ എ.സി റസ്റ്റോറന്റുകളില്‍ നിലവിലുള്ള വിലയില്‍ അഞ്ച് ശതമാനം ഡിസ്‌ക്കൗണ്ട് നല്‍കി 12 ശതമാനം ജി.എസ്.ടി പിരിക്കാനുമാണ് ധാരണയായത്.
ജി.എസ്.ടി ഏര്‍പെടുത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ മേഖലയിലുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ അടുത്ത ജി.എസ്.ടി കൗണ്‍സിലില്‍ നടപടി സ്വീകരിക്കുന്നതാണെന്നും അടുത്ത മൂന്ന് മാസത്തേക്ക് ജി.എസ്.ടിയുടെ പേരില്‍ ഹോട്ടലുകളില്‍ പരിശോധനകളോ നടപടികളോ സ്വീകരിക്കുന്നതല്ലെന്നും മന്ത്രി ഉറപ്പുനല്‍കി. പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജി, ജനറല്‍സെക്രട്ടറി ജി. ജയപാല്‍, വര്‍ക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

chandrika: