രാംപുനിയാനി
‘ഹിന്ദുത്വ’യുമായി ബന്ധപ്പെട്ട പുനഃപരിശോധനാ കേസുകളില്‍ സുപ്രീം കോടതിയിലെ ഏഴംഗ ബെഞ്ച് കഴിഞ്ഞ മാസം 25 ാം തിയ്യതിയാണ് വിചാരണ ആരംഭിച്ചത്. ഹിന്ദുത്വ, ഹിന്ദുയിസം തുടങ്ങിയ വാക്കുകള്‍ തെരഞ്ഞെടുപ്പു വേളകളില്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് ഒരു കൂട്ടം കേസുകളാണ് കോടതിയുടെ പരിഗണനയിലുള്ളത്. വോട്ട് ചെയ്ത് തന്നെ അധികാരത്തിലെത്തിച്ചാല്‍ മഹാരാഷ്ട്രയെ രാജ്യത്തെ പ്രഥമ ഹിന്ദു രാഷ്ട്രമായി മാറ്റുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മനോഹര്‍ ജോഷി പ്രസംഗിച്ചതാണ് ഇതിലൊരു കേസ്. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുമായി ബന്ധപ്പെട്ടതാണ് മറ്റൊന്ന്. 1987ല്‍ താക്കറെ നടത്തിയ പ്രസംഗമാണ് കേസിനാസ്പദം. തങ്ങളുടെ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഹിന്ദുയിസം സംരക്ഷിക്കാനാണെന്നും മുസ്‌ലിംകളുടെ വോട്ടുകള്‍ ഞങ്ങള്‍ കാര്യമായെടുക്കുന്നില്ലെന്നും രാജ്യം ഹിന്ദുക്കള്‍ക്ക് സ്വന്തമാണെന്നുമായിരുന്നു താക്കറെയുടെ പ്രസംഗം. ഈ രാജ്യം ഹിന്ദുക്കളുടേതാണെന്നും ശിവസേന അധികാരത്തിലെത്തിയാല്‍ എല്ലാവരും ഹിന്ദു മതത്തിന് ദീക്ഷ നല്‍കണമെന്നും താക്കറെ പ്രസംഗിച്ചു.
ഹിന്ദുത്വം മതമല്ലെന്നും ഒരു ജീവിത രീതിയോ മാനസികാവസ്ഥയോ ആണെന്നുമാണ് 1995ലെ വിധിയില്‍ ജസ്റ്റിസ് വര്‍മ്മ അഭിപ്രായപ്പെട്ടത്. ഹിന്ദു, ഹിന്ദുത്വ, ഹിന്ദുയിസം എന്നീ പദങ്ങള്‍ക്ക് സംക്ഷിപ്തമായ അര്‍ത്ഥം നല്‍കാനാകില്ല. ഉപഭൂഖണ്ഡത്തിലെ ജനങ്ങളുടെ ജീവിത രീതിയാണ് ഹിന്ദുത്വം എന്നായിരുന്നു വിധി പ്രസ്താവത്തില്‍ ജസ്റ്റിസ് വര്‍മ ചൂണ്ടിക്കാട്ടിയിരുന്നത്. ഹിന്ദുത്വം ജീവിത രീതിയാണെന്ന കോടതിയുടെ അഭിപ്രായം സംഘ് പരിവാറിന്റെ ഹിന്ദു രാഷ്ട്ര അജണ്ട ബലപ്പെടുത്തുന്നതിനാണ് ഉപയോഗപ്പെടുക. ഗുരുവായൂര്‍ ക്ഷേത്ര കേസും ഈ അഭിപ്രായം തന്നെയാണ് നല്‍കുന്നത്. പ്രത്യേക മത പരിഗണന ലഭിക്കണമെന്നാവശ്യപ്പെട്ട് സദ്‌സംഘികള്‍ നല്‍കിയ കേസിലും മറിച്ചല്ല കോടതി നിലപാട്. ഹിന്ദുയിസം ഒരു ജീവിത രീതിയാണെന്നും അപ്പോള്‍ എങ്ങനെയാണ് സദ് സംഘികള്‍ക്ക് പ്രത്യേക മതത്തിന്റെ പരിഗണന നല്‍കാനാകുകയെന്നുമാണ് കോടതിയുടെ ചോദ്യം.
മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തരുതെന്നും രാഷ്ട്രീയത്തില്‍ നിന്ന് മതത്തെ മുക്തമാക്കാന്‍ നിര്‍ദേശം നല്‍കണമെന്നുമാവശ്യപ്പെട്ട് പ്രമുഖ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദാണ് കോടതിയെ സമീപിച്ചത്. ഹിന്ദുയിസം, ഹിന്ദുത്വ എന്നിവക്കു കൃത്യമായ വ്യാഖ്യാനം നല്‍കാന്‍ ഈ കേസിന്റെ വിചാരണ വേള കോടതിക്കു നല്ല അവസരമായിരുന്നു. വളരെയേറെ വൈവിധ്യങ്ങള്‍ നിറഞ്ഞതാണ് ഹിന്ദുയിസമെന്ന് നിരവധി അഭിപ്രായങ്ങളുണ്ടായിട്ടുണ്ട്. അതിനാല്‍ ഇതൊരു മതമല്ല, ഇതൊരു ജീവിത രീതിയാണ്. ഹിന്ദുയിസം, ഹിന്ദുത്വ എന്നീ പദങ്ങള്‍ നിരവധി തവണ പരസ്പരം മാറ്റിയും മറിച്ചും ഉപയോഗിച്ചിട്ടുണ്ട്.
ഒരു പ്രവാചകനില്ലാതെ ഉദയം ചെയ്തതാണ് ഹിന്ദു മതമെന്നതിനാലാണ് ഹിന്ദുയിസം, ഹിന്ദുത്വ തുടങ്ങിയ പദങ്ങളുടെ ആശയക്കുഴപ്പത്തിനു കാരണം. വ്യക്തമായ ഒരു വേദ പുസ്തകമോ പ്രവാചകനോ ഏക ദൈവമോ ഇതിനില്ല. പ്രവാചകര്‍ പ്രബോധനം ചെയ്ത് പ്രചരിപ്പിച്ച ക്രിസ്തു മതം, ബുദ്ധ മതം, ഇസ്‌ലാം മതം, സിക്കുമതം തുടങ്ങിയവയില്‍ നിന്നും ഹിന്ദു മതത്തിന്റെ ഘടന വളരെ വ്യത്യസ്തമാണ്. ആര്യന്മാരുടെ ആദര്‍ശങ്ങളും ജീവിത രീതിയും പ്രതിപാദിക്കുന്ന വേദങ്ങളിലൂടെയാണ് ഹിന്ദുമതം വ്യക്തമാക്കപ്പെടുന്നത്. സര്‍വ ജീവത്വവാദത്തില്‍ നിന്ന് തുടങ്ങി നിരീശ്വരവാദത്തിലെത്തുന്ന സകലതും ഒരു കുടക്കീഴിലൊതുങ്ങുന്നതാണ് അവരുടെ വിശ്വാസം. പതിനെട്ടാം നൂറ്റാണ്ടിലാണ് ഹിന്ദുയിസം എന്ന പദം പ്രയോഗത്തിലെത്തിയത്. മധ്യേഷ്യയില്‍ നിന്നാണ് ഇതിന്റെ തുടക്കം. സിന്ധു എന്ന പദത്തില്‍ നിന്നാണ് ഈ വാക്ക് ഉത്ഭവിച്ചതെന്ന് കരുതുന്നു. അടിസ്ഥാനപരമായി ബ്രാഹ്മണര്‍, നാഥ്, തന്ത്ര, സിദ്ധ, ശിവ, സിദ്ധാന്ത തുടങ്ങി നിരവധി മത പാരമ്പര്യമായിരുന്നു നിലനിന്നിരുന്നത്. ഈ വിഭിന്ന പ്രവണതകള്‍ പരിഗണിച്ചാവണം ഹിന്ദുയിസത്തിന്റെ ആദ്യ നിര്‍മ്മാണം നടത്തേണ്ടത്. ഈ മത ശാഖക്കു ചുറ്റുമുള്ളവരില്‍ നിന്നാണ് പിന്നീട് ഹിന്ദുയിസം ഒരു മതമായി മാറുന്നത്. ജൈന മതവും ബുദ്ധ മതവും ശരിയായ അളവില്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും ബ്രിട്ടീഷുകാരുടെ ആഗമനത്തോടെയാണ് ഹിന്ദുയിസത്തിന്റെ നിര്‍മ്മാണം രേഖപ്പെടുത്തപ്പെട്ടത്. വര്‍ഗീയതയുടെ വിത്ത് വന്നതോടെ ഹിന്ദുയിസം ഇസ്‌ലാം മതത്തിനും ക്രിസ്തു മതത്തിനും എതിരായി.
മുഴുവന്‍ ഹിന്ദുക്കളും ഹിന്ദുത്വ എന്ന പദത്തിനു കീഴില്‍ വരുമെന്ന വ്യക്തമായ നിര്‍വചനം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഹൈന്ദവ ദേശീയതയുടെ മുന്നണിപ്പോരാളി സവര്‍ക്കര്‍ നല്‍കുകയുണ്ടായി. ഹിന്ദു മതമായി സങ്കല്‍പിക്കുന്നതും ഹിന്ദു ദേശീയതയുടെ രാഷ്ട്രീയവും അതിലുള്‍പ്പെടും. അതിനാല്‍ സ്വാഭാവികമായും മതം, ബ്രാഹ്മണിസത്തിന്റെ പ്രബല ഭാഗമായ ഹിന്ദുയിസം എന്നിവ ഹിന്ദു ദേശീയതയുമായി പിണഞ്ഞു കിടക്കുന്നു. ഹൈന്ദവ ദേശീയത എന്നത് ഉയര്‍ന്ന ജാതിക്കാരും ജന്മികളും ഉള്‍പ്പെട്ട ഹിന്ദുക്കളുടെതാണ്. സ്വാതന്ത്ര്യം, ഏകത്വം, സാഹോദര്യം തുടങ്ങിയ ഘടകങ്ങളില്‍ ഇന്ത്യയെ രൂപപ്പെടുത്തുന്നത് ഇവര്‍ നിരുത്സാഹപ്പെടുത്തുകയാണ്. ഹൈന്ദവ ദേശീയ വാദികള്‍ മനുസ്മൃതി പോലുള്ളവ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ ഭൂരിപക്ഷ ഹിന്ദുക്കളും മഹാത്മാ ഗാന്ധിജി മതേതര, ജനാധിപത്യ മൂല്യങ്ങള്‍ പരിപോഷിപ്പിച്ചതായി കരുതുന്നവരാണ്.
ജാതി ഘടകങ്ങള്‍ ആധിപത്യം വഹിക്കുന്ന ഒരു കുടക്കീഴില്‍ സങ്കീര്‍ണമായി കിടക്കുന്ന വ്യവസ്ഥിതിയാണ് ഹിന്ദുയിസം. ബ്രാഹ്മണിക് വിശ്വാസ പ്രമാണങ്ങളാണ് ഹിന്ദുയിസമെന്നാണ് അംബേദ്ക്കര്‍ അഭിപ്രായപ്പെട്ടത്. നാഥ് തന്ത്ര, ഭക്തി തുടങ്ങിയവ ക്ഷയിക്കുകയും ബ്രാഹ്മീണ അരാജകത്വം ഹിന്ദുത്വമായി ആവിഷ്‌കരിക്കുകയും ചെയ്തു. ഹിന്ദുയിസം മുഴുവന്‍ ഇന്ത്യക്കാരുടെയും മതമല്ലെന്നത് വളരെ വ്യക്തമാണ്. ഹിന്ദുയിസത്തിലെ ബ്രാഹ്മണ നിരയുമായി ബന്ധപ്പെട്ട് പണിതതാണ് ഹിന്ദുത്വ. ജനപ്രാതിനിധ്യ നിയമത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിനു മുമ്പ് ഈ സങ്കീര്‍ണത മനസ്സിലാക്കുന്നത് അത്യാവശ്യമാണ്. ഹിന്ദുയിസം, ഹിന്ദുത്വ എന്നിവയുടെ നിര്‍വചനം മനസ്സിലാക്കുന്നതിന്റെ പ്രയോജനം എസ്.ആര്‍ ബൊമ്മൈ കേസില്‍ സുപ്രീം കോടതി മനസ്സിലാക്കിയതാണ്. മതത്തിന്റെ പലകയില്‍ നിന്നു തെരഞ്ഞെടുപ്പിനെ നേരിടുന്നത് രാജ്യത്തിന്റെ മതേതര കെട്ടുറപ്പിനെ ക്ഷയിപ്പിക്കുന്നതിനു സമാനമാണെന്നാണ് ജസ്റ്റിസ് ബി.പി ജീവന്‍ റെഡ്ഢി എഴുതിയത്. എന്നാല്‍ കഷ്ടി ഒരു വര്‍ഷത്തിനു ശേഷം, ഹിന്ദുത്വ കേസുകളുമായി ബന്ധപ്പെട്ട വിധികളിലൂടെ ഇന്ത്യയുടെ മതേതര യോഗ്യത നശിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്.
മതവും സാംസ്‌കാരികവുമായ യാതൊരു പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെടാതെയാകണം തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്ക്കര്‍ അഭിപ്രായപ്പെട്ടത്. ജനങ്ങളുടെ ദൈനംദിന കാര്യങ്ങളില്‍ ഏതെങ്കിലും തരത്തില്‍ ബന്ധമില്ലാത്ത വൈകാരികതക്കു ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അനുമതി നല്‍കരുതെന്നും അംബേദ്കര്‍ വ്യക്തമാക്കുകയുണ്ടായി. രാഷ്ട്രീയത്തില്‍ നിന്നും മതത്തെ വേര്‍തിരിക്കുന്ന ഈ സംജ്ഞയാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ്. ഇന്ത്യന്‍ ഭരണഘടനയുടെയും മതേതരത്വ മൂല്യത്തിന്റെയും അടിസ്ഥാനത്തില്‍ ഹിന്ദുത്വത്തെക്കുറിച്ച് കൃത്യമായി നിര്‍വചനം നല്‍കാന്‍ കോടതിക്കുള്ള ചരിത്രപരമായ അവസരമാണിത്.