ബാര്‍സിലോണ: സ്‌പെയിനില്‍നിന്ന് സ്വതന്ത്ര്യം നേടി വേറിട്ടുപോകുന്നതു സംബന്ധിച്ച് കാറ്റലോണിയയില്‍ ഹിതപരിശോധന നടത്താനുള്ള നീക്കം സ്പാനിഷ് ഭരണകൂടം അടിച്ചമര്‍ത്തുന്നു. കാറ്റലോണിയന്‍ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തും മേഖലയുടെ വിവിധ മന്ത്രാലയങ്ങളില്‍ റെയ്ഡ് നടത്തിയും നിരോധിത ഹിതപരിശോധന തടസ്സപ്പെടുത്താനാണ് സ്‌പെയിന്‍ ശ്രമിക്കുന്നത്. ഹിതപരിശോധനക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന മന്ത്രി ജോസഫ് മരിയ ജോവ് അടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥരെ സ്പാനിഷ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വോട്ടെടുപ്പ് തടയുന്ന പൊലീസ് നടപടിക്കെതിരെ കാറ്റലോണിയയില്‍ ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. ജോവിനെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് കാറ്റലോണിയ ഭരണകൂടത്തിന്റെ ധന, ആഭ്യന്തര, വിദേശകാര്യ, സാമൂഹിക ക്ഷേമ, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തി. ഒക്ടോബര്‍ ഒന്നിന് നടത്താന്‍ തീരുമാനിച്ച ഹിതപരിശോധന നിര്‍ത്തിവെക്കണമെന്ന് സ്പാനിഷ് ഭരണഘടനാ കോടതി ഉത്തരവിട്ടിട്ടുണ്ട്.
ബാര്‍സിലോണക്കു പുറത്ത് ഒരു ഗോഡൗണില്‍നിന്ന് 60 ലക്ഷം ബാലറ്റ് പേപ്പറുകള്‍ പൊലീസ് പിടിച്ചെടുത്തു. സ്പാനിഷ് ഭരണകൂടം അധികാരം ബലമായി പിടിച്ചെടുക്കുകയാണെന്ന് കാറ്റലോണിയ ഭരണനേതൃത്വം ആരോപിച്ചു. അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ച് മേഖലയുടെ സ്വയംഭരണാധികാരം ഇല്ലാതാക്കുകയാണ് സ്പാനിഷ് ഭരണകൂടം ചെയ്യുന്നതെന്ന് കാറ്റലോണിയ പ്രസിഡന്റ് കാള്‍സ് പിയുഗ്‌ഡെമോണ്ട് കുറ്റപ്പെടുത്തി.
എന്നാല്‍ പൊലീസ് നടപടിക്ക് തങ്ങള്‍ നിര്‍ബന്ധിതമാകുകയായിരുന്നുവെന്ന് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റജോയ് പറഞ്ഞു. കാറ്റലോണിയയുടെ പല ഭാഗങ്ങളിലും പ്രതിഷേധക്കാരുമായി പൊലീസ് ഏറ്റുമുട്ടി. ഒക്ടോബര്‍ ഒന്നിനുള്ള ഹിതപരിശോധന എന്തു വിലകൊടുത്തും തടയാനാണ് സ്പാനിഷ് തീരുമാനം. വോട്ടെടുപ്പ് നടത്തി 48 മണിക്കൂറിനകം സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുമെന്ന് കാറ്റലോണിയന്‍ നേതൃത്വം പറയുന്നു.
മാഡ്രിഡ് തലസ്ഥാനമായ സ്‌പെയിന്‍ ബാര്‍സിലോണ തലസ്ഥാനമായ കാറ്റലോണിയയെ അവഗണിക്കുന്നുവെന്നാണ് മേഖലയിലുള്ളവരുടെ പരാതി. സ്‌പെയിനിന്റെ വടക്കുകിഴക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രവിശ്യയാണ് കാറ്റലോണിയ. പ്രവിശ്യ തെരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യവാദികള്‍ക്ക് ഭൂരിപക്ഷം ലഭിച്ചതോടെയാണ് പ്രത്യേക രാജ്യത്തിന് വീണ്ടും മുറവിളി ഉയര്‍ന്നത്.
കാറ്റലോണിയയുടെ ഭാഷയും സംസ്‌കാരവും സ്‌പെയിനില്‍നിന്ന് വ്യത്യസ്തമാണെന്നാണ് സ്വാതന്ത്ര്യവാദികളുടെ മറ്റൊരു വാദം.
സ്‌പെയിനിന്റെ സമ്പന്ന മേഖലയിലൊന്നാണ് കാറ്റലോണിയ. സ്‌പെയിനിന്റെ ദേശീയ ബജറ്റിലേക്ക് തങ്ങള്‍ ഏറെ സംഭാവന നല്‍കുന്നുണ്ടെന്നും പകരം തിരിച്ചുകിട്ടുന്നത് തുച്ഛമായതു മാത്രമാണെന്നും അവര്‍ ആരോപിക്കുന്നു.