ബഗ്ദാദ്: കുര്‍ദിസ്താനെ ഇറാഖില്‍നിന്ന് വേര്‍പ്പെടുത്തി പ്രത്യേക സ്വതന്ത്ര രാജ്യമാക്കുന്നതു സംബന്ധിച്ച് ഈ മാസം 25ന് നടത്താന്‍ നിശ്ചയിച്ച ഹിതപരിശോധന റദ്ദാക്കണമെന്ന് കുര്‍ദിസ്താന്‍ അധികാരികളോട് അമേരിക്ക ആവശ്യപ്പെട്ടു. ഹിതപരിശോധനക്ക് പറ്റിയ സമയമല്ല ഇതെന്ന് യു.എസ് ചൂണ്ടിക്കാട്ടി. ഐ.എസ് വിരുദ്ധ പോരാട്ടത്തെ അത് പ്രതികൂലമായി ബാധിക്കുമെന്ന് വൈറ്റ്ഹൗസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി വീണ്ടും തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതക്ക് ഹിതപരിശോധന മങ്ങലേല്‍പ്പിക്കുമെന്നും തുര്‍ക്കിയുമായുള്ള ബന്ധം സങ്കീര്‍ണമാകുമെന്നും ഐ.എസിനെതിരെയുള്ള യുദ്ധം തടസ്സപ്പെടുമെന്നും യു.എസ് ഭയക്കുന്നു. കുര്‍ദിസ്താന്‍ ഭരണകൂടത്തെ പിണക്കാനും അമേരിക്കക്ക് സാധിക്കില്ല. കുര്‍ദിസ്താനുമായി അമേരിക്കക്ക് ദീര്‍ഘകാല ബന്ധമുണ്ട്. ഐ.എസ് വിരുദ്ധ പോരാട്ടത്തില്‍ കുര്‍ദിഷ് സേനയുടെ സഹായം യു.എസിന് വിലപ്പെട്ടതാണ്. ഇറാഖിലെ സ്വയംഭരണ മേഖലയാണ് കുര്‍ദിസ്താന്‍. കുര്‍ദിസ്താന്റെ സ്വയംഭരണാവകാശത്തെ ഇറാഖ് അംഗീകരിക്കുന്നുണ്ടെങ്കിലും അതിര്‍ത്തികള്‍ എവിടെയാണെന്ന് വ്യക്തമല്ല. ഹിതപരിശോധന നടത്തി സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടായാല്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ ഉയരുമെന്നും അമേരിക്ക ഭയക്കുന്നു. അതുകൊണ്ട് ഇറാഖ് ഭരണകൂടവുമായി ക്രിയാത്മക ചര്‍ച്ച നടത്താന്‍ കുര്‍ദിസ്താന്‍ അധികാരികള്‍ തയാറാകണമെന്ന് യു.എസ് നിര്‍ദേശിച്ചു. കുര്‍ദിഷ് ഹിതപരിശോധനയെ തുര്‍ക്കിയും എതിര്‍ക്കുന്നുണ്ട്. കുര്‍ദികള്‍ക്ക് അത് ഏറെ ദോഷം ചെയ്യുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മുന്നറിയിപ്പുനല്‍കി. വിഷത്തില്‍ ഔദ്യോഗിക നിലപാട് തീരുമാനിക്കുന്നതിന് തുര്‍ക്കിയുടെ ദേശീയ സുരക്ഷാ കൗണ്‍സില്‍ 22ന് യോഗം ചേരും.
- 7 years ago
chandrika
Categories:
Video Stories