കൊച്ചി: വീട്ടുതടങ്കലില്‍ കടുത്ത മനുഷ്യവകാശ ലംഘനത്തിന് വിധേയയായി കഴിയുന്ന ഹാദിയ എന്ന പെണ്‍കുട്ടിയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന് കൊച്ചിയില്‍ നിവേദനം നല്‍കി.
ഹാദിയയുടെ വീട് സന്ദര്‍ശിച്ച് മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ മേല്‍നടപടികള്‍ കൈക്കൊള്ളുമെന്ന് ചെയര്‍മാന്‍ പി. മോഹനദാസ് യൂത്ത് ലീഗ് നിവേദക സംഘത്തെ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എന്നിവരുടെ നേതൃത്വത്തിലുള്ള യൂത്ത് ലീഗ് സംഘത്തില്‍ സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, ട്രഷറര്‍ എം.എ സമദ്, വൈസ് പ്രസിഡന്റ് പി.എ അഹമ്മദ് കബീര്‍ എന്നിവരുണ്ടായിരുന്നു. ഹാദിയ വിഷയത്തില്‍ യൂത്ത് ലീഗിന്റെ നിയമ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ നടപടി.
കടുത്ത മനുഷ്യാകാവകാശ ലംഘനത്തിന് വിധേയമായി കൊണ്ടിരിക്കുന്ന അഖില എന്ന ഹാദിയ വലിയ മാനസിക സമ്മര്‍ദ്ദത്തിലാണ്. ഓണ സമ്മാനവുമായി പോയ എറണാകുളത്തെ ഒരുകൂട്ടം വിദ്യാര്‍ത്ഥിനികളെ കോട്ടയം ജില്ലാ പൊലീസ് മേധാവി തടയുകയും അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യം പോലുമുണ്ടായി. നേരിട്ട് സന്ദര്‍ശിച്ച് ഹാദിയ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ മനസിലാക്കണമെന്നും ഭരണഘടന ഉറപ്പ് നല്‍കുന്ന മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഇസ്‌ലാം മതം സ്വീകരിച്ച് മുസ്‌ലിം യുവാവിനെ വിവാഹം ചെയ്ത ഹാദിയയെ 2017 മെയ് 24 ലെ കേരള ഹൈക്കോടതി വിധി പ്രകാരം പിതാവിന്റെ സംരക്ഷണത്തില്‍ വിട്ടുനല്‍കിയിരിക്കുകയാണ്.