തിരുവനന്തപുരം: സൗമ്യവധക്കേസിൽ സർക്കാരിനെ വിമർശിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്ത്. സർക്കാരും ഉദ്യോഗസ്ഥരും ഗുരുതര വീഴ്ച്ച വരുത്തിയെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും പോലീസും ഒരേ ധാരണയോടെ നീങ്ങുകയും ഗോവിന്ദച്ചാമിയുടെ വധശിക്ഷ കേരള ഹൈകോടതി ശരിവെക്കുകയും ചെയ്തിരുന്നു. സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകന് മാത്രമേ വാദിക്കാൻ കഴിയുകയുള്ളുവെന്നതുകൊണ്ട് കേരള ഹൈകോടതിയിൽ നിന്ന് റിട്ടയർ ചെയ്ത ജസ്റ്റിസിനെകേസ് കൈകാര്യം ചെയ്യുന്നതിനുവേണ്ടി കോൺഗ്രസ് സർക്കാർ ചുമതലപ്പെടുത്തുകയും പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന സുരേഷിനെ കേസിൽ സഹായിക്കുന്നതിന് പ്രത്യേക അഡ്വക്കറ്റായി നിയമിക്കുകയും ചെയ്തു.
കേസിന്റെ സഹായത്തിന് കേസന്വേഷണത്തിലെ നാല് ഉദ്യോഗസ്ഥൻമാരെ ഉൾപ്പെടുത്തി പ്രത്യേക ടീമിനെയും നിയോഗിച്ചു. എന്നാൽ അഞ്ചു കൊല്ലം കോൺഗ്രസ് സർക്കാർ നടത്തിയ അധ്വാനമെല്ലാം ഒരു നിമിഷം കൊണ്ട് പഴായി. ഒരു മാസം മുമ്പ് സുപ്രീം കോടതിയിൽ ഈ കേസ് വരുമെന്ന് നോട്ടീസ് വന്നിട്ടും നിലവിലെ സർക്കാർ എന്തുചെയ്യുകയായിരുന്നുവെന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു.
പബ്ലിക് പ്രോസിക്യൂട്ടറിനെയും പ്രത്യേക പൊലീസ് ടീമിനെയോ സർക്കാർ ഇത് അറിയിച്ചില്ല. കേസ് പുനരന്വേഷിക്കാനുള്ള നിയമപരമായ എന്തെങ്കിലും പഴതുണ്ടോയെന്ന് സംസ്ഥാന സർക്കാർ പരിശോധിക്കണമെന്നും കുറ്റക്കാരായവർക്കെതിരെ ശക്തമായി നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.