റിയാദ്: സൗദിയില്‍ ഭക്ഷണത്തിന്റെ 33 ശതമാനവും ഉപേക്ഷിക്കപ്പെടുന്നു എന്ന് പഠനം. വര്‍ഷം ഭരണകൂടത്തിന് ഇതുമൂലം 40 ബില്യണ്‍ സൗദി റിയാലിന്റെ നഷ്ടമുണ്ടാകുന്നതായും സൗദി ഗ്രെയിന്‍സ് ഓര്‍ഗനൈസേഷന്‍ (സാഗോ) നടത്തിയ പഠനത്തില്‍ പറയുന്നു. അറബ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ദേശവ്യാപകമായി നടത്തിയ പഠനത്തില്‍ ഒരു വര്‍ഷം ഒരാള്‍ 184 കിലോ ഭക്ഷണം ഉപേക്ഷിക്കുന്നതായി കണ്ടെത്തി. എട്ട് ഗ്രൂപ്പുകളിലായി 19 ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉപയോഗമാണ് പഠനവിധേയമാക്കിയത്.
ഇതുപ്രകാരം വര്‍ഷംപ്രതി 917,000 ടണ്‍ ബ്രഡും ധാന്യമാവും 557,000 ടണ്‍ അരിയും ഉപേക്ഷിക്കുന്നതായി കണ്ടെത്തി. 444,000 ടണ്‍ ചിക്കന്‍ ഉത്പന്നങ്ങളും 335,000 ടണ്‍ പച്ചക്കറിയുമാണ് കളയുന്നത്.
അതിനിടെ, കാര്‍ഷിക-മൃഗോല്‍പ്പാദനത്തില്‍ രാജ്യം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചതായി ജല-കാര്‍ഷിക മന്ത്രാലയം വ്യക്തമാക്കി. ദിനം പ്രതി പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദനം 7.5 ദശലക്ഷത്തിലെത്തിയിട്ടുണ്ട്. ഇതില്‍ സ്വയം പര്യാപ്തത കൈവരിച്ചു. ചിക്കല്‍ ഉല്‍പ്പാദനം വര്‍ഷം പ്രതി 900,000 ടണ്ണായി- മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഭക്ഷണം കളയുന്നതിനെതിരെ സാഗോയുമായി ചേര്‍ന്ന് പൊതു അവബോധ പരിപാടികള്‍ക്ക് തുടക്കം കുറിക്കാനിരിക്കുകയാണ് കാര്‍ഷിക മന്ത്രാലയം.