X

സ്‌കൂളിന് ചുറ്റുമതിലും ഗേറ്റും നിര്‍ബന്ധം കുട്ടികളുടെ സുരക്ഷ മെച്ചപ്പെടുത്താന്‍ നിര്‍ദ്ദേശം

  തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് നടപടികള്‍ ശക്തിപ്പെടുത്താന്‍ പൊലീസ്. സ്‌കൂളുകളില്‍ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് ബോധവത്കരണം ഉള്‍പ്പെടെ വിവിധ നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ പൊലീസ് മേധാവിമാരോട് ഡി.ജി.പി ലോക്നാഥ് ബെഹറ നിര്‍ദ്ദേശിച്ചു. കുട്ടികള്‍ അപകടത്തില്‍പ്പെടുന്നതും കാണാതാവുന്നതുമായ നിരവധി സംഭവങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വിദ്യാലയങ്ങള്‍ക്കുള്ളിലും പൊതുവഴികളിലും വാഹനങ്ങളിലും കുട്ടികളുടെ സുരക്ഷ പൂര്‍ണ്ണമായും ഉറപ്പുവരുത്തുന്നതിന് വിദ്യാലയാധികൃതരും രക്ഷിതാക്കളും പൊലീസ് ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പൊലീസ് വെബ്സൈറ്റിലും ഫെയ്സ്ബുക്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ ബോധവത്കരണം നല്‍കുന്നതിന് നടപടി സ്വീകരിക്കാന്‍ സ്റ്റേഷന്‍ ചുമതലയുള്ള എസ്.ഐമാര്‍ക്കും സി.ഐമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. സ്‌കൂളിന് ചുറ്റുമതിലും ഗേറ്റും നിര്‍ബന്ധമായും വേണമെന്നും പുറത്ത് നിന്നും ആളുകളുടെ പ്രവേശിപ്പിക്കുന്നത് മതിയായ പരിശോധനക്ക് ശേഷമായിരിക്കണമെന്നും സ്‌കൂള്‍ അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മറ്റു ജീവനക്കാരും ഐഡന്റിറ്റി കാര്‍ഡുകള്‍ ധരിക്കണം. ഓരോ ക്ലാസ് ടീച്ചറും തന്റെ വിദ്യാര്‍ത്ഥികളെക്കുറിച്ച് വിശദവിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കണം. ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനു മുന്‍പും അവസാനിച്ച ശേഷവും ഓരോ ക്ലാസ്സ് മുറിയും ചുമതലയുള്ള ഒരാള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നതിന് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഒരു കൗണ്‍സിലറെ ചുമതലപ്പെടുത്തണം. കൃത്യമായ ഇടവേളകളില്‍ ഇവര്‍ കുട്ടികളുമായി സംവദിക്കുകയും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യണം. രക്ഷിതാക്കളുടെ ആവശ്യപ്രകാരമല്ലാതെ സ്‌കൂള്‍ സമയത്ത് ഒരു കാരണവശാലും കുട്ടികളെ പുറത്തേക്ക് പോകാന്‍ അനുവദിക്കരുത്. സ്‌കൂള്‍ കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അപകടാവസ്ഥയിലുള്ള വൃക്ഷങ്ങള്‍ അപകടസാഹചര്യങ്ങളിലുള്ള നിര്‍മിതികളോ അങ്കണങ്ങളോ ഇല്ലായെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്നതിന് സ്വകാര്യവാഹനങ്ങള്‍, ഓട്ടോറിക്ഷ തുടങ്ങിയവയെ ആശ്രയിക്കേണ്ടി വരുന്നവര്‍ ഡ്രൈവര്‍മാരുടേയും മറ്റു ജീവനക്കാരുടേയും വ്യക്തമായ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവവും സേവനങ്ങളും ഇടക്കിടെ മിന്നല്‍ പരിശോധന നടത്തി ഉറപ്പു വരുത്തണം.

chandrika: