അഷ്‌റഫ് തൈവളപ്പ്
കൊച്ചി: രാജ്യം ഇതാദ്യമായി ആതിഥ്യം വഹിക്കുന്ന ഫിഫ ടൂര്‍ണമെന്റായ അണ്ടര്‍-17 ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിയിട്ടും അധികൃതരുടെ നിസംഗതക്ക് മാറ്റമില്ല. ലോകകപ്പിന് പന്തുരുളാന്‍ ഇനി 78 ദിവസങ്ങള്‍ മാത്രം ശേഷിക്കെ കൗണ്‍ഡൗണ്‍ പ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങാന്‍ കേരളത്തിനായിട്ടില്ല. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്പിലെ ഗ്രൂപ്പ് ഡി മത്സരങ്ങള്‍ നടക്കുന്നത്. കരുത്തരായ ബ്രസീല്‍, സ്‌പെയിന്‍, കൊറിയ, നൈജര്‍ ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്. ജര്‍മനിയുടെ ഒരു യോഗ്യത മത്സരത്തിനും ഒരോ വീതം പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനും കൂടി കൊച്ചി വേദിയൊരുക്കുന്നുണ്ട്.
ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്ന ടൂര്‍ണമെന്റിന്റെ പ്രാധാന്യം ഉള്‍കൊള്ളാന്‍ ഇതുവരെ കേരളത്തിലെ പ്രാദേശിക സംഘാടക സമിതിക്കായിട്ടില്ല. കഴിഞ്ഞ മെയ് 30നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനായി ലോകകപ്പിനുള്ള സംഘാടക സമിതി രൂപീകരിച്ചത്. കായിക മന്ത്രി എ.സി മൊയ്തീനാണ് 45 അംഗ സംഘാടക സമിതിയുടെ വര്‍ക്കിങ് ചെയര്‍മാന്‍. ടൂര്‍ണമെന്റ് നോഡല്‍ ഓഫീസര്‍ എ.പി.എം മുഹമ്മദ് ഹനീഷ് ജനറല്‍ കണ്‍വീനറാണ്. മേയര്‍ സൗമിനി ജെയിന്‍, കെ.എഫ്.എ പ്രസിഡന്റ് കെ.എം.ഐ മേത്തര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും ജില്ലാ കളക്ടര്‍ വൈ.മുഹമ്മദ് സഫീറുല്ല, സ്‌പോര്‍ട്‌സ് ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമാണ്. ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍ മോഹനനാണ് വെന്യൂ ഓപ്പറേഷന്‍സ് കോര്‍ഡിനേറ്റര്‍. മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം.പിമാര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരടക്കം 36 പേരാണ് ഉപദേശക സമിതിയിലുള്ളത്. അഞ്ചു ഫിഫ പ്രതിനിധികളെയും സംഘാടക സമിതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സമിതി രൂപീകരിച്ചിട്ട് ഇന്നലെ അമ്പത് ദിവസം പിന്നിട്ടു. ഇതുവരെ ഒരു യോഗം പോലും വിളിച്ചിട്ടില്ല. ടൂര്‍ണമെന്റിന് നേരത്തെ തന്നെ പ്രവര്‍ത്തനം തുടങ്ങേണ്ട സബ് കമ്മിറ്റി, കോര്‍ കമ്മിറ്റി രൂപീകരണവും ഇതുവരെ നടന്നിട്ടില്ല. കൊച്ചിയിലെ മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള ഉദ്ഘാടന ചടങ്ങുകള്‍, സമാപന ചടങ്ങുകള്‍, പ്രചാരണം, മറ്റു പ്രമോഷന്‍ പരിപാടികള്‍ തുടങ്ങിയവയെല്ലാം പ്രാദേശിക സംഘാടക സമിതിയാണ് ആസൂത്രണം ചെയ്യേണ്ടതും നടത്തേണ്ടതും. ഇക്കാര്യങ്ങളിലൊന്നും ഇന്നേ വരെ തീരുമാനമെടുക്കാന്‍ സംഘാടക സമിതിക്കായിട്ടില്ല. ടൂര്‍ണമെന്റിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. രാജ്യത്തെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും കേന്ദ്ര കായിക മന്ത്രാലയവും മിഷന്‍ ഇലവന്‍ മില്യണ്‍ എന്ന പേരില്‍ ഔട്ട്‌റീച്ച് പ്രോഗ്രാം നടത്തുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ സമാനമായ രീതിയില്‍ ഒരു പരിപാടിയും ഇതുവരെ ആവിഷ്‌ക്കരിച്ചിട്ടില്ല.
നേരത്തെ സ്റ്റേഡിയം നവീകരണങ്ങളില്‍ കാണിച്ച അലംഭാവത്തെ തുടര്‍ന്ന് ഫിഫ അധികൃതര്‍ കൊച്ചിയില്‍ നേരിട്ടെത്തി നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും സര്‍ക്കാരിനെയും പ്രാദേശിക സംഘാടകരെയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നവീകരണ പ്രവര്‍ത്തനങ്ങളില്‍ പുരോഗതിയുണ്ടായത്. പ്രധാന സ്റ്റേഡിയത്തിന്റെയും നാലു പരിശീലന ഗ്രൗണ്ടുകളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറേ പൂര്‍ത്തിയായെങ്കിലും മറ്റു ഒരുക്കങ്ങളില്‍ മുന്നോട്ടു പോവാനും അധികൃതര്‍ക്കായിട്ടില്ല. അതേസമയം കൊച്ചിയിലെ മത്സരങ്ങള്‍ക്ക് വന്‍ പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്. ആദ്യ രണ്ടു ഘട്ടത്തില്‍ വില്‍പനക്ക് വച്ച ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നു. മാത്രമല്ല, വോളണ്ടിയര്‍ പ്രോഗ്രാമിന് ടൂര്‍ണമെന്റ് നടക്കുന്ന ആറു വേദികളില്‍ ഏറ്റവും കൂടുതല്‍ അപേക്ഷ ലഭിച്ചതും കൊച്ചിക്കായിരുന്നു.