X
    Categories: Views

സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് എസ്.ഐമാര്‍ഔട്ട് ചുമതല ഇനി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക്

തിരുവനന്തപുരം
സംസ്ഥാനത്തെ 196 പൊലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി (എസ്.എച്ച്.ഒ) സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ പൊലീസ് സ്റ്റേഷനുകളുടെ ചുമതലയില്‍ നിന്ന് എസ്.ഐമാര്‍ ഒഴിവാകും. നിലവില്‍ എട്ട് പൊലീസ് സ്റ്റേഷനുകളില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എസ്.എച്ച്.ഒമാരായുണ്ട്.
സംസ്ഥാനത്തെ 471 പൊലീസ് സ്റ്റേഷനുകളിലും ഘട്ടംഘട്ടമായി എസ്.എച്ച്.ഒ ആയി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കും. അതിന്റെ ഭാഗമായാണ് 196 സ്റ്റേഷനുകളില്‍ പരിഷ്‌കാരം നടപ്പാക്കുന്നത്. രാജ്യത്താകമാനം പൊലീസ് സ്റ്റേഷനുകളുടെ ചുമതല ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കൈമാറണമെന്ന കേന്ദ്ര പൊലീസ് അതോറിറ്റിയുടെയും സുപ്രീം കോടതിയുടെയും ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇന്‍പെക്ടര്‍മാരാണ് എസ്.എച്ച്.ഒമാര്‍. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി കൂടുതല്‍ പരിചയ സമ്പത്തുളള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വരുന്നത് സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ സമര്‍ഥമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തില്‍.
ആകെയുളള 471 സ്റ്റേഷനുകളില്‍ 357 എണ്ണത്തില്‍ സബ് ഇന്‍സ്‌പെക്ര്‍ തസ്തികയിലുളള രണ്ടോ അതിലധികമോ ഉദ്യോഗസ്ഥരുണ്ട്. അവരില്‍തന്നെ 302 സബ് ഇന്‍സ്‌പെക്ടര്‍മാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് തുല്യമോ അതിന് മുകളിലോ ശമ്പളമുളളവരാണ്. അതിനാല്‍ അധിക സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ അവര്‍ക്ക് ഉയര്‍ന്ന തസ്തികയിലേക്ക് പ്രമോഷന്‍ നല്‍കാന്‍ കഴിയും.
പുതിയ സംവിധാനം വരുന്നതോടെ സംസ്ഥാനത്തെ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ഓഫീസുകള്‍ ഇല്ലാതാകും. എല്ലായിടത്തേയും പരാതിക്കാര്‍ക്ക് ഇനി ഇന്‍സ്‌പെക്ടറെ നേരില്‍ കണ്ട് പരാതി അറിയിക്കാന്‍ കഴിയും. സ്റ്റേഷന്‍ ചുമതല ഒഴിവാക്കിയ ശേഷം സ്റ്റേഷനിലുള്ള എസ്.ഐമാരെ കുറ്റാന്വേഷണവും ക്രമസമാധാനപാലനവും എന്നിങ്ങനെ രണ്ടായി വിഭജിക്കും. മിക്ക പൊലിസ് സ്റ്റേഷനുകളിലും ഡയറക്ട്, ഗ്രേഡ്, സൂപ്പര്‍ ന്യൂമറി വിഭാഗങ്ങളിലായി ഒന്നിലേറെ എസ്.ഐമാരുണ്ട്. ഇവര്‍ക്ക് ജനമൈത്രി, ട്രാഫിക്, അഡ്മിനിസ്ട്രേഷന്‍ ഉള്‍പ്പെടെ വിവിധ ചുമതല നല്‍കി ഏകോപിപ്പിക്കും.
ഒരു എസ്.ഐ മാത്രമുളള 13 പൊലീസ് സ്റ്റേഷനുകളിലേക്ക് രണ്ടോ അതിലധികമോ എസ്.ഐമാരുളള സ്റ്റേഷനുകളില്‍ നിന്നും 13 പേരെ പുനര്‍വിന്യസിച്ച് നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

chandrika: