ന്യൂഡല്‍ഹി: അംഗങ്ങളെ ശാന്തരാക്കാന്‍ ഡസ്‌കില്‍ തട്ടുന്നതിന് സ്പീക്കര്‍ ഉപയോഗിക്കുന്ന ദണ്ഡ് പിടിച്ചെടുത്ത് എം. എല്‍.എ സ്ഥലം വിട്ടു. ഇതേതുടര്‍ന്ന് ത്രിപുര നിയമസഭ ഏതാനും സമയത്തേക്ക് സ്തംഭിച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം സുധീപ് റോയ് ബര്‍മ്മന്‍ ആണ് സ്പീക്കറുടെ ദണ്ഡെടുത്ത് ഓടിയത്.
വനം മന്ത്രി നരേഷ് ജാമിതിയയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധക്കുന്നതിനിടെയായിരുന്നു സംഭവം. അംഗങ്ങള്‍ സ്പീക്കറുടെ പോഡിയത്തിനു ചുറ്റും കൂടി നിന്ന് മുദ്രാവാക്യം വിളിക്കുന്നതിനിടെ സുധീപ് ബര്‍മ്മന്‍ ദണ്ഡ് കൈവശപ്പെടുത്തി സഭയില്‍നിന്ന് പുറത്തേക്ക് ഓടുകയായിരുന്നു.
മാര്‍ഷലിന്റെ നേതൃത്വത്തില്‍ എം.എല്‍.എയെ പിന്തുടര്‍ന്ന വാച്ച് ആന്റ് വാര്‍ഡ് ഒരു മിനുട്ടിനുള്ളില്‍ തന്നെ സഭാ വളപ്പില്‍നിന്ന് എം. എല്‍.എയെ പിടികൂടി സ്പീക്കറുടെ മുന്നില്‍ ഹാജരാക്കി. ചെയ്യാന്‍ പാടില്ലാത്തതാണ് സുധീപ് ബര്‍മ്മന്‍ ചെയ്തതെന്ന് സ്പീക്കര്‍ രാമേന്ദ്ര ചന്ദ്ര ദെബനാത് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. എം.എല്‍.എക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.