X

സ്പാനിഷ് വഴി

 

കൊച്ചി: നിര്‍ഭാഗ്യങ്ങളുടെ പേരുദോഷം മായ്ക്കാനാണ് സ്‌പെയിനിന്റെ കൗമാര നിര ഇത്തവണ അണ്ടര്‍-17 ലോകകപ്പിനായി ഇന്ത്യയിലെത്തുന്നത്. ലോക ഫുട്‌ബോളിലെ മികച്ചവരെന്ന് പെരുമയുണ്ടെങ്കിലും കൗമാര ലോകകപ്പില്‍ ഇതുവരെ മുത്തമിടാന്‍ സ്‌പെയിനിനായിട്ടില്ല. ചാമ്പ്യന്‍ഷിപ്പിന്റെ കഴിഞ്ഞ 16 പതിപ്പുകളില്‍ മൂന്നു വട്ടം ഫൈനലില്‍ കടന്നെങ്കിലും എതിരാളികളോട് തോല്‍ക്കാനായിരുന്നു വിധി. ആ ഭാഗ്യദോഷം മാറ്റണമെന്ന വലിയ ലക്ഷ്യവുമായിട്ടാണ് ടീം ഇത്തവണ എത്തുക. 2009 നൈജീരിയ ആതിഥ്യം വഹിച്ച ചാമ്പ്യന്‍ഷിപ്പില്‍ അവസാന നാലിലെത്തിയെങ്കിലും ഫൈനലില്‍ ഇടം നേടാനായില്ല. ലൂസേഴ്‌സ് ഫൈനലില്‍ കൊളംബിയയെ തോല്‍പിച്ച് മൂന്നാം സ്ഥാനം നേടിയതാണ് ഏറ്റവും ഒടുവിലത്തെ മികച്ച പ്രകടനം. അതിന് ശേഷം നടന്ന മൂന്നു ടൂര്‍ണമന്റുകളിലും മികച്ച പ്രകടനം നടത്താന്‍ ടീമിനായില്ല. 2007ല്‍ നൈജീരിയയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റപ്പോള്‍ 2003ല്‍ ബ്രസീലിനോടും 1991ല്‍ ഘാനയോടും ഒരേയൊരു ഗോളിനായിരുന്നു ഫൈനല്‍ തോല്‍വി.
ഇത്തവണയും ബ്രസീലിനൊപ്പം ഡി ഗ്രൂപ്പിലാണ് സ്‌പെയിനിന്റെ ഇടം. ഡി ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് വേദിയൊരുക്കുന്നത് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും. കൊറിയ, നൈജര്‍ ടീമുകളാണ് ഗ്രൂപ്പിലെ മറ്റുള്ളവര്‍. ഒക്‌ടോബര്‍ ഏഴിന് വൈകിട്ട് അഞ്ചിന് മൂന്നു വട്ടം ചാമ്പ്യന്‍മാരായ ബ്രസീലുമായാണ് സ്‌പെയിനിന്റെ ആദ്യ മത്സരം. കൊച്ചിയിലെ ഉദ്ഘാടന മത്സരവും ഇതു തന്നെ. ഈ മത്സരത്തിനായി മൂന്നാം ഘട്ടത്തില്‍ വില്‍പനക്ക് വച്ച മുഴുവന്‍ ടിക്കറ്റുകളും കഴിഞ്ഞ ദിവസം വിറ്റു തീര്‍ന്നിരുന്നു.

chandrika: