മറ്റ് ബാങ്കുകള്‍ക്ക് നല്‍കുന്ന അതേ അനുപാതത്തില്‍ സഹകരണ ബാങ്കുകള്‍ക്കും പുതിയ നോട്ടുകള്‍ ലഭ്യമാക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് സുപ്രീംകോടതി. സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രശ്‌നം ഗൗരവമേറിയതാണ്. എന്നാല്‍ പ്രശ്‌നത്തില്‍ തല്‍ക്കാലം ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നവംബര്‍ 10 മുതല്‍ 14 വരെ സഹകരണ ബാങ്കുകള്‍ നിക്ഷേപമായി സ്വീകരിച്ച അസാധു നോട്ടുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്താഗി ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതില്‍ വ്യക്തത വരുത്തിക്കൊണ്ടാണ് പുതിയ നിര്‍ദേശം. നിക്ഷേപിക്കുന്ന തുകക്ക് പുതിയ കറന്‍സികള്‍ സഹകരണ ബാങ്കുകള്‍ക്ക് നല്‍കണം. മറ്റ് ബാങ്കുകള്‍ക്ക് നല്‍കുന്ന അതേ അനുപാതത്തില്‍ തന്നെയാവണം കറന്‍സികള്‍ വിതരണം ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി.
അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നത് കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. നോട്ട് വിഷയത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, എന്നാല്‍ ആഴ്ചയില്‍ 24,000 രൂപ വീതം പിന്‍വലിക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരമാവധി ശ്രമിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കള്ളപ്പണവും കള്ളനോട്ടും കണ്ടെടുക്കാനാണ് നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിച്ചതെന്ന കേന്ദ്ര സര്‍ക്കാറിന്റെ ഉറപ്പ് വിശ്വസിക്കുന്നുവെന്ന് കോടതി പറഞ്ഞു. സ്വന്തം ധനകാര്യ, സാമ്പത്തിക നയങ്ങളിലെ സര്‍ക്കാറിന്റെ വിലയിരുത്തലിനെയാണ് പ്രാഥമികമായി വിശ്വാസത്തിലെടുക്കുന്നത്. മറിച്ചൊരു ഉത്തരവ് ഇറക്കുക നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ല. ജനങ്ങള്‍ നേരിടുന്ന ദുരിതം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഉചിതമായ സമയത്ത് ശരിയായ നടപടികള്‍ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനും ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് പറഞ്ഞു.
നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ നിലനില്‍ക്കുന്ന കേസിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തതായും ഈ കേസുകള്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റിയതായും കോടതി പറഞ്ഞു. ഇതിനായി ഹര്‍ജിക്കാര്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതികളോട് ആവശ്യപ്പെട്ടു. കേസുകളുടെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിനാണ് നടപടി. അസാധുവാക്കിയ അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് നല്‍കിയ ഇളവുകള്‍ ദീര്‍ഘിപ്പിക്കണെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഉത്തരവാദപ്പെട്ടത് സര്‍ക്കാര്‍ ആണെന്നായിരുന്നു കോടതി നിലപാട്.
നോട്ട് അസാധുവാക്കിക്കൊണ്ടുള്ള നവംബര്‍ എട്ടിലെ ആര്‍.ബി.ഐ ഉത്തരവിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെ, ഡസനിലധികം കേസുകളാണ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളത്. വിവിധ ഹൈക്കോടതികളിലായി നിരവധി കേസുകള്‍ വേറെയുമുണ്ട്. കേരളത്തിലെ 14 സഹകരണ ബാങ്കുകള്‍ നല്‍കിയ ഹര്‍ജിയില്‍ രണ്ടാഴ്ച കാത്തിരിക്കാനായിരുന്നു കഴിഞ്ഞ ദിവസം കോടതിയുടെ നിര്‍ദേശം. എന്നാല്‍ പുതിയ നിര്‍ദേശം സഹകരണ ബാങ്കുകള്‍ക്ക് ആശ്വാസം പകരും. കേന്ദ്രത്തിന്റെ വാദങ്ങള്‍ക്കുള്ള തിരിച്ചടി കൂടിയാണിത്. രാജ്യമെമ്പാടും നോട്ടു നിരോധനം നിലനില്‍ക്കെ ചിലയാളുകളുടെ കൈയില്‍ മാത്രം എങ്ങനെ കോടിക്കണക്കിന് രൂപയുടെ പുതിയ കറന്‍സികള്‍ ലഭിക്കുന്നു എന്ന ചോദ്യവും കോടതി ഉന്നയിച്ചിരുന്നു.