X

സ്ത്രീധനമായി പുതിയ നോട്ട് നല്‍കാനായില്ല; നവവധു ജീവനൊടുക്കി

ഭുവനേശ്വര്‍: കള്ളപ്പണവും കള്ളനോട്ടും തടയാന്‍ നടപ്പിലാക്കിയ നോട്ട് നിരോധത്തിന്റെ ദുരിതം തുടരുന്നു. നോട്ട് നിരോധത്തിന് പിന്നാലെ സ്ത്രീധനമായി വരന് നല്‍കേണ്ട തുക പുതിയ നോട്ടില്‍ നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍ നവവധു ജീവനെടുത്തു. ഒഡീഷയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സ്ത്രീധനമായി വാഗ്ദാനം ചെയ്ത 1.70 ലക്ഷം രൂപ പുതിയ 500, 2000 രൂപ നോട്ടുകളായി നല്‍കണമെന്ന ആവശ്യം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതാണ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ നവവധുവിന്റെ ജീവനെടുക്കുന്നതിലേക്ക് നയിച്ചത്. ഗഞ്ജാമിന് സമീപം റാഞ്ചിപൂര്‍ ഗ്രാമത്തിലാണ് മനുഷ്യമനസാക്ഷിയെ നടുക്കിയ സംഭവമുണ്ടായത്.

പ്രഭാതി എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. നോട്ട് നിരോധം പ്രഖ്യാപിച്ചതിനു തൊട്ടടുത്ത ദിവസമായിരുന്നു ലക്ഷ്മി നായക് എന്നയാളുമായുള്ള പ്രഭാതിയുടെ വിവാഹം. വിവാഹാവശ്യത്തിലേക്കുള്ള മുഴുവന്‍ തുകയും കണ്ടെത്തിവെച്ചിട്ടുണ്ടായിരുന്നെങ്കിലും വിവാഹത്തിന് തലേദിവസം ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത് കുടുംബത്തെ ദുരിതത്തിലാക്കി. ഇതേത്തുടര്‍ന്ന്, പഴയ നോട്ടുകളായി 1.70 ലക്ഷം രൂപ നല്‍കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നിര്‍ബന്ധിതരായി. എന്നാല്‍ ഇത് സ്വീകരിക്കാന്‍ വരന്റെ വീട്ടുകാര്‍ തയാറായില്ല.

പണം പുതിയ നോട്ടുകളായി നല്‍കാന്‍ കുറച്ച് ദിവസത്തെ സാവകാശം ലഭിച്ചെങ്കിലും പ്രഭാതിയുടെ മാതാപിതാക്കള്‍ക്ക് ഇത്രയും തുക മാറ്റിയെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് കഴിഞ്ഞദിവസം പ്രഭാതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.

chandrika: