തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സംയുക്തമായി എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജുകള്‍ ആരംഭിക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി നഗരങ്ങളിലെത്തുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും മിതമായ വാടകയില്‍ സുരക്ഷിതമായ താമസവും ഭക്ഷണവും ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി തുടങ്ങുന്നതിന്റെ മുന്നോടിയായി നവംബര്‍ ഒന്നിന് ഷീ ലോഡ്ജുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. പദ്ധതിയുടെ ഏകോപനം പ്ലാനിങ് ബോര്‍ഡിനാണ്.
സ്ത്രീയുടെ സഞ്ചാരസ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു പുതിയ ചുവടുവയ്പ്പായിരിക്കും ഷീ ലോഡ്ജുകള്‍ എന്ന് പ്ലാനിങ് ബോര്‍ഡ് അംഗം ഹരിലാല്‍ പറഞ്ഞു. നിലവില്‍ നഗരപ്രദേശങ്ങളില്‍ നിരവധി ഹോട്ടലുകളും ലോഡ്ജുകളും ഉണ്ടെങ്കിലും തനിച്ച് എത്തുന്ന സ്ത്രീകള്‍ക്ക് ഇവിടങ്ങളില്‍ താമസിക്കാന്‍ പലപ്പോഴും പ്രയാസം നേരിടേണ്ടി വരുന്നു. ഷീ ലോഡ്ജുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഒറ്റയ്ക്കും കൂട്ടമായും നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് ഭയം കൂടാതെ ഇവിടേക്ക് കടന്നു വരാനും താമസിക്കാനും കഴിയുമെന്നതാണ് പ്രത്യേകത.
വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ തങ്ങേണ്ടി വരുന്ന സത്രീകള്‍ക്ക് ഏറ്റവും അനുയോജ്യവും സുരക്ഷിതവുമായ സംവിധാനങ്ങള്‍ ഒരുക്കിക്കൊണ്ടായിരിക്കും ഷീ ലോഡ്ജുകള്‍ പ്രവര്‍ത്തിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സംയുക്തമായി ആലോചിച്ച് ഇതു സംബന്ധിച്ച മാതൃകാ പദ്ധതി തയ്യാറാക്കും. അതത് നഗരസഭകള്‍ക്കു കീഴിലായിരിക്കും ഷീ ലോഡ്ജുകളുടെ പ്രവര്‍ത്തനം. പദ്ധതിക്കായി കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ട ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. വാടക ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് പ്ലാനിങ് ബോര്‍ഡിന്റെ മാര്‍ഗരേഖയിലെ നിര്‍ദേശങ്ങള്‍ പാലിച്ച് പ്രോജക്ടുകള്‍ വച്ച തുക ഉപയോഗിച്ചോ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതി ദേശീയ നഗര ഉപജീവന ദൗത്യത്തില്‍ നിന്നോ തുക ലഭ്യമാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. കൂടാതെ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് സാമൂഹ്യമീതി വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ സംയോജന സാധ്യതകളും പൂര്‍ണമായും ഉറപ്പു വരുത്തും. സ്ത്രീകള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം കൈവരിക്കാന്‍ സഹായകരമാകുന്ന മാതൃകാ പദ്ധതിയെന്ന നിലയില്‍ ഇതിനായി കൂടുതല്‍ തുക അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി സംബന്ധിച്ച മാര്‍ഗരേഖയും ബിസിനസ് മാതൃകയും തയാറാക്കുന്നതിന്റെ ചുമതല കുടുംബശ്രീയെ ഏല്‍പ്പിച്ചു. ഷീ ലോഡ്ജുകളുടെ നടത്തിപ്പു ചുമതലയും കുടുംബശ്രീക്കായിരിക്കും. പദ്ധതിയുടെ ഭാഗമായി ഷീ ലോഡ്ജിന്റെ ലോഗോ തയാറാക്കി പ്രത്യേക വെബ്‌സൈറ്റ് തുടങ്ങുന്നതുള്‍പ്പെടെ ഓണ്‍ലൈന്‍ ബുക്കിങ്ങ്, ഹൗസ് കീപ്പിങ്ങ്, ഓഫീസ് നിര്‍വഹണം, ഭക്ഷണ വിതരണം, സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. എല്ലാ ഷീ ലോഡ്ജിലേക്കും ആവശ്യമായ ജീവനക്കാരെ കുടുംബശ്രീ ശൃംഖലയില്‍ നിന്നുമാണ് തെരഞ്ഞെടുക്കുക. ഇവര്‍ക്കുളള പരിശീലനം അതത് തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കുടുംബശ്രീ നല്‍കും. ഭക്ഷണ വിതരണത്തിന് അതത് നഗരപ്രദേശത്തെ കഫേ കുടുംബശ്രീ യുണിറ്റുകളെ ചുമതലപ്പെടുത്തും. എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ് ശൃംഖല പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സ്ത്രീശാക്തീകരണത്തിനും സ്ത്രീയുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും പുതിയ മാനങ്ങള്‍ കൈവരിക്കാന്‍ കഴിയും.