തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ സ്വീകരിച്ച അമിതാവേശം ഇടതുസര്‍ക്കാറിന് തിരിച്ചടിയാകുന്നു. വേങ്ങര തെരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രി പൊട്ടിച്ച ബോംബ് കയ്യിലിരുന്ന പൊട്ടിയ നിലയിലാണ് സര്‍ക്കാര്‍. പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സോളാര്‍ ബോംബിന് കോടതിയില്‍ എഴുതിയ കടലാസിന്റെ വില പോലും കിട്ടില്ലെന്ന തിരിച്ചറിവില്‍ പറഞ്ഞതെല്ലാം വിഴുങ്ങാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ കേസിന്റെയും അന്വേഷണത്തിന്റെയും നിഴലില്‍ നിര്‍ത്തി പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ നീക്കമാണ് തുടക്കത്തില്‍ തന്നെ ചീറ്റിയത്. ഇടതു സഹയാത്രികരായ അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശത്തിന്റെ ബലത്തില്‍ മുന്‍മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ 11നാണ് പിണറായി വിജയന്‍ നടത്തിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ധൃതിപിടിച്ച നീക്കം സര്‍ക്കാരിനെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കിയിരിക്കുകയാണ്.
കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷകള്‍ നിരസിച്ച സര്‍ക്കാര്‍, എന്തൊ ഒളിക്കാന്‍ ശ്രമിക്കുന്നുവെന്ന ധാരണ സൃഷ്ടിച്ചിരുന്നു. സര്‍ക്കാറിന്റെ പുതിയ നീക്കം ഇത് ശരിവെക്കുകയാണ്. റിപ്പോര്‍ട്ട് പുറത്തുവിടാതെ സോളാര്‍ വിഷയം കത്തിക്കാനായിരുന്നു സി.പി.എമ്മിന്റെ തീരുമാനം. ആറ് മാസത്തെ കാലാവധി സര്‍ക്കാര്‍ ആദ്യം തന്നെ പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമായിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ കോണ്‍ഗ്രസ് നേതാക്കളെ താറടിക്കുക, അതിലൂടെ ഭരണപരാജയം മറച്ചുവെക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ നിയമവകുപ്പിന്റെ കര്‍ശന നിലപാട് സി.പി.എമ്മിന്റെ തിരക്കഥയെ പൊളിച്ചടുക്കുകയായിരുന്നു.
ഉമ്മന്‍ചാണ്ടിക്കെതിരേയടക്കം മാനഭംഗക്കുറ്റം നിലനില്‍ക്കുമോയെന്ന് നേരത്തെ നിയമവകുപ്പ് സംശയമുന്നയിച്ചിരുന്നു. സോളാര്‍ കമ്മീഷന്റെ ശിപാര്‍ശ എന്ന പേരില്‍ സരിതയുടെ കത്തിനെ ആധാരമാക്കി കേസെടുക്കാനായിരുന്നു മുഖ്യമന്ത്രിയുടെ നീക്കം. എന്നാല്‍ ഇത് നിലനില്‍ക്കില്ലെന്നാണ് നിയമവകുപ്പിന്റെ മുന്നറിയിപ്പ്. സരിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം ഉന്നതര്‍ക്കെതിരേ മാനഭംഗക്കേസ് രജിസ്റ്റര്‍ ചെയ്യാനാവില്ലെന്ന് നിയമ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. നിര്‍ഭയക്കേസിനു ശേഷം 2013ലുണ്ടായ ഭേദഗതി പ്രകാരം ഉന്നതര്‍ക്കെതിരേ കേസെടുക്കാനാവില്ല. സരിത ഉന്നയിക്കുന്ന ആരോപണങ്ങള്‍ 2013നു മുന്‍പുള്ളതായതിനാല്‍ അക്കാലത്തെ നിയമമാണ് ബാധകം. അതിനാല്‍, തന്നെ മാനഭംഗപ്പെടുത്തിയെന്ന സരിതയുടെ പരാതിയില്‍ പുതുതായി മൊഴി രേഖപ്പെടുത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഉന്നതരെ അറസ്റ്റ് ചെയ്യാനാവില്ലെന്നും നിയമ വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.
ഇതുമാത്രമല്ല, സോളാര്‍ കമ്മീഷനു നല്‍കിയ പരിഗണനാ വിഷയങ്ങളില്‍പെടുന്നതല്ല ഇപ്പോള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണം. അഞ്ചു പരിഗണനാ വിഷയങ്ങളാണ് ടേംസ് ഓഫ് റഫറന്‍സില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സോളര്‍ തട്ടിപ്പു സംബന്ധിച്ചു നിയമസഭയിലും പുറത്തുമുണ്ടായ ആരോപണങ്ങളില്‍ കഴമ്പുണ്ടോ? ഉണ്ടെങ്കില്‍ ആരാണ് ഉത്തരവാദി?, 2006 മുതല്‍ 2011 വരെ സരിത നായര്‍ക്കും ഇവരുടെ നേതൃത്വത്തിലുള്ള കമ്പനികള്‍ക്കുമെതിരെ നടന്ന അന്വേഷണത്തില്‍ വീഴ്ചയുണ്ടോ?, സോളര്‍ തട്ടിപ്പില്‍ സര്‍ക്കാരിന് എന്തെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടോ?, തട്ടിപ്പുകമ്പനിക്കു സര്‍ക്കാര്‍നിന്ന് എന്തെങ്കിലും കരാറുകള്‍ ലഭിച്ചിട്ടുണ്ടോ?, ഇത്തരം തട്ടിപ്പുകളില്‍നിന്നു ജനങ്ങളെ രക്ഷിക്കാന്‍ ഇപ്പോഴുള്ള നിയമങ്ങള്‍ പര്യാപ്തമാണോ? അല്ലെങ്കില്‍ എന്തെല്ലാം മാറ്റം വരുത്തണം?, തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടവര്‍ക്കു നീതി ലഭിക്കാനുള്ള നിര്‍ദേശങ്ങള്‍ എന്തൊക്കെ?ഇതായിരുന്നു പരിഗണനാ വിഷയങ്ങള്‍. ഇതില്‍ ആദ്യത്തെ വിഷയത്തിലാണ്, മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫിസിനും പങ്കുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കമ്മിഷന്‍ അന്വേഷണ വിഷയമാക്കിയത്. എന്നാല്‍ സരിതയുടെ വിവാദമായ കത്തിന്റെ പിന്‍ബലത്തിലാണ് സര്‍ക്കാര്‍ മുന്‍മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ അന്വേഷണത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത്. പഴയ കത്ത് കൂടാതെ പുതിയ പരാതി കൂടി ഇന്നലെ സരിത മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയിട്ടുണ്ട്. സി.പി.എം അനുകൂല അഭിഭാഷക സംഘടനയിലെ ചിലരാണ് പുതിയ പരാതിക്ക് പിന്നിലെന്നാണ് ആക്ഷേപം. അമിതാവേശത്തില്‍ സര്‍ക്കാറിന് പറ്റിയ അമളിയില്‍ നിന്ന് കരകയറാനും നാണക്കേട് മറക്കാനുമാണ് പുതിയ പരാതിയുള്‍പ്പെടെയുള്ള നീക്കങ്ങളെന്നാണ് സൂചന.