X

സോളാര്‍ ഇംപള്‍സ് ചരിത്രദൗത്യം പൂര്‍ത്തിയാക്കി

അബൂദബി: സൗരോജം ഉപയോഗിച്ച് മാത്രം പറക്കുന്ന സോളാര്‍ ഇംപള്‍സ് വിമാനം ലോകംചുറ്റി അബൂദബിയില്‍ തിരിച്ചെത്തി. സോളാര്‍ ഇംപള്‍സിന്റെ വിജയകരമായ ലോകപര്യടനത്തിന് പരിസമാപ്തികുറിക്കുന്ന നിമിഷത്തിന് അബൂദബി അല്‍ ബീതിന്‍ വിമാനത്താവളത്തില്‍ ആയിരങ്ങള്‍ സാക്ഷിയായി. 2015 മാര്‍ച്ചില്‍ അബൂദബിയില്‍നിന്നാണ് വിമാനം ലോകസഞ്ചാരം തുടങ്ങിയത്. തുടര്‍ന്ന് ഒമാന്‍, ഇന്ത്യ, മ്യാന്മര്‍, ചൈന, ജപ്പാന്‍, അമേരിക്ക, സ്‌പെയിന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ സോളാര്‍ ഇംപള്‍സ് എത്തി. സൗരോര്‍ജത്തെ മാത്രം ആശ്രയിച്ച് നാല് ഭൂഖണ്ഡങ്ങള്‍ താണ്ടി 42000 കിലോമീറ്റര്‍ ദൂരം വിമാനം പറന്നു. 16 പാദങ്ങളിലായി 500 മണിക്കൂറുകൊണ്ടാണ് ലോകസഞ്ചാരം പൂര്‍ത്തിയാക്കിയത്. രാവും പകലും ഇടതടവില്ലാതെ ശാന്തസമുദ്രത്തിനു മുകളിലൂടെ തുടര്‍ച്ചയായി അഞ്ച് ദിവസം പറന്ന് സോളാര്‍ ഇംപള്‍സ് ചരിത്രംകുറിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്‌റോയില്‍നിന്നാണ് അബൂദബിയിലേക്കുള്ള അവസാന പാദ യാത്ര ആരംഭിച്ചത്. ‘ഭാവി വളരെ വ്യക്തമാണ്. ഇനി നിങ്ങളാണ് ഭാവി. ഇപ്പോഴാണ് ഭാവി. നിങ്ങള്‍ ഇത് ഏറ്റെടുത്ത് മുന്നോട്ടുപോകുക’-സോളാര്‍ ഇംപള്‍സ് വിമാന പദ്ധതിക്ക് ചുക്കാന്‍ പിടിച്ച ബെര്‍ട്രാര്‍ഡ് പികാര്‍ഡ് പ്രഖ്യാപിച്ചു. പദ്ധതിയില്‍ അദ്ദേഹത്തോട് സഹകരിച്ചിരുന്ന ആന്‍ഡ്രേ ബോര്‍ഷെന്‍ ബെര്‍ഗാണ് അവസാന യാത്രയിലും വിമാനം പറത്തിയത്. ഇരുവരും ഒരു ദശകത്തോളം അധ്വാനിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.

chandrika: