X

സൈക്കിള്‍ പിടിക്കാന്‍ മുലായം ഡല്‍ഹിക്ക്; എം.എല്‍.എമാരുടെ യോഗം വിളിച്ച് അഖിലേഷ്

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനു പിന്നാലെ ഔദ്യോഗിക ചിഹ്നമായ സൈക്കിള്‍ പിടിക്കാന്‍ സമാജ് വാദി പാര്‍ട്ടിയില്‍ വടംവലി. സത്യവാങ്മൂലം വഴി ഭൂരിപക്ഷം സ്ഥാപിക്കുന്നവര്‍ക്ക് ചിഹ്നം അനുവദിക്കുമെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയുടെ പ്രഖ്യാപനമാണ് തിരക്കിട്ട നീക്കങ്ങള്‍ക്ക് മുഖ്യമന്ത്രി അഖിലേഷ് യാദവിനേയും പിതാവ് മുലായംസിങ് യാദവിനേയും പ്രേരിപ്പിച്ചത്. പ്രഖ്യാപനം വന്നതിനു പിന്നാലെ മുലായംസിങ് യാദവ് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നതിനായി ഡല്‍ഹിയിലേക്ക് തിരിച്ചു.

പാര്‍ട്ടി ‘സംസ്ഥാന പ്രസിഡണ്ട്’ ശിവപാല്‍ യാദവും അനുഗമിക്കുന്നുണ്ട്. എം.എല്‍.എമാര്‍ ഒപ്പുവെച്ച സത്യവാങ്മൂലം മുലായംസിങിന്റെ കൈവശമുണ്ടെന്നും ഇത് തരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കുമെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.അതേസമയം എത്ര എം.എല്‍.എമാരുടെ ഒപ്പു ലഭിച്ചിട്ടുണ്ടെന്ന് മുലായം ക്യാമ്പ് വെളിപ്പെടുത്തിയില്ല. ഔദ്യോഗിക വസതിയായ ലക്‌നോവിലെ 5 കാളിദാസ് മാര്‍ഗില്‍ എം.എല്‍.എമാരുടെ യോഗം വിളിച്ചാണ് അഖിലേഷ് യാദവ് മറുതന്ത്രം മെനയുന്നത്. എം.എല്‍.എമാരില്‍നിന്ന് യോഗത്തില്‍ സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങുന്നതിനൊപ്പം മാധ്യമ വാര്‍ത്തകളിലൂടെ കരുത്ത് പ്രകടിപ്പിക്കുക എന്ന ലക്ഷ്യവും അഖിലേഷിന്റെ നീക്കത്തിനു പിന്നിലുണ്ട്.

എം.എല്‍.എമാര്‍ ഒപ്പുവെച്ച സത്യവാങ്മൂലം അടുത്ത ദിവസം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനു സമര്‍പ്പിക്കുമെന്ന് അഖിലേഷ് ക്യാമ്പിലെ നേതാക്കളും വ്യക്തമാക്കി. അതേസമയം അഖിലേഷ് യാദവ് ഇതിനോട് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. ഞങ്ങള്‍ തെരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. ഞങ്ങള്‍ വീണ്ടും തിരിച്ചുവരും എന്നു മാത്രമായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തോട് അദ്ദേഹത്തിന്റെ പ്രതികരണം.

404 യു.പി നിയമസഭയില്‍ 224 എം.എല്‍.എമാരാണ് സമാജ്് വാദി പാര്‍ട്ടിക്കുള്ളത്. ഇതില്‍ ഭൂരിപക്ഷം എം.എല്‍.എമാരും ആര്‍ക്കൊപ്പം നില്‍ക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ചിഹ്നം അനുവദിക്കുക. ഒപ്പം നിയമസഭാ കൗണ്‍സിലര്‍മാ ര്‍(എം. എല്‍.സി), എം.പിമാര്‍ എന്നിവരുടെ നിലപാടും നിര്‍ണായകമാകും.

ജനുവരി ഒന്നിന് ലക്‌നോവില്‍ അഖിലേഷ് വിഭാഗം വിളിച്ച കണ്‍വന്‍ഷനില്‍ 200ലധികം എം.എല്‍.എമാരും ബഹുഭൂരിഭാഗം എം.എല്‍.സിമാരും എം.പിമാരും സംബന്ധിച്ചിരുന്നു.

chandrika: