വെല്ലിംഗ്ടണ്‍: ശുഭ്മാന്‍ ഗില്ലിനും ഹാര്‍വിക് ദേശായിക്കും അത് കേവലം ബാറ്റിംഗ് പ്രാക്ടീസായിരുന്നു… നെറ്റ് പരിശീലനത്തിലെന്ന പോലെ സിംബാബ്‌വെ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചോടിച്ച് അവര്‍ അരങ്ങ് തകര്‍ത്തപ്പോള്‍ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ അനായാസം നോക്കൗട്ടിലെത്തി. പത്ത് വിക്കറ്റിനായിരുന്നു ഇന്നലെയും വിജയം. പാപ്പുവ ന്യൂ ഗിനിയയെ പത്ത് വിക്കറ്റിന് തോല്‍പ്പിച്ചതിന്റെ മൂന്നാം ദിവസത്തില്‍ മറ്റൊരു തകര്‍പ്പന്‍ നേട്ടം. കളിച്ച മൂന്ന് മല്‍സരങ്ങളിലും ഗംഭീര വിജയം ആഘോഷിച്ച രാഹുല്‍ ദ്രാവിഡിന്റെ കുട്ടിസംഘത്തിന് ഇനി കുറച്ച് ദിവസം വിശ്രമിക്കാം.
26 നാണ് അടുത്ത കളി-മിക്കവാറും ബംഗ്ലാദേശായിരിക്കും പ്രതിയോഗികള്‍. ഇന്നലെ ഇന്ത്യക്കായിരുന്നില്ല ടോസ്. സിംബാബ്‌വെക്കാര്‍ ആദ്യം ബാറ്റ് ചെയ്തു-അവരുടെ സമ്പാദ്യം 154 റണ്‍സ്. 21.4 ഓവറില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ പ്രാക്ടീസ് അവസാനിപ്പിച്ചു. ഗില്‍ 90 റണ്‍സെടുത്തപ്പോള്‍ ദേശായി 56 ലുമെത്തി.
36 പന്തായിരുന്നു അര്‍ധ സെഞ്ച്വറിയിലെത്താന്‍ ഗില്ലിന് വേണ്ടിയിരുന്നത്. 14 ബൗണ്ടറികളും ഒരു സിക്‌സറുമായി അരങ്ങ് തകര്‍ത്ത് ഓപ്പണര്‍ വേഗതയില്‍ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഇന്ത്യന്‍ സെഞ്ച്വറി പിറക്കുമായിരുന്നു. വിക്കറ്റ് കീപ്പറായ ദേശായി സ്ഥിരം ഓപ്പണറല്ല-പക്ഷേ ക്യാപ്റ്റന്‍ പൃഥി അവസരം നല്‍കിയപ്പോള്‍ കൊച്ചു താരമങ്ങ് അടിച്ചു തകര്‍ത്തു. ഇതോടെ ഒന്ന് വ്യക്തമായി-രാഹുല്‍ ദ്രാവിഡ് എന്ന് കോച്ചിന്റെ ആവനാഴിയില്‍ അസ്ത്രങ്ങള്‍ പലതുണ്ട്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഇന്നലെ സ്പിന്നര്‍മാരുടെ ഊഴമായിരുന്നു. ഇത് വരെ പേസര്‍മാരാണ് അരങ്ങ് തകര്‍ത്തതെങ്കില്‍ ഇന്നലെയവര്‍ക്ക് തിളങ്ങാനായില്ല. അവസരം ഉപയോഗപ്പെടുത്തിയ സ്പിന്നര്‍മാരായ അങ്കുല്‍ റോയിയും അഭിഷേക് ശര്‍മയും സിംബാബ്‌വെക്കാരെ വരിഞ്ഞ് മുറുകി. 20 റണ്‍സ് മാത്രം നല്‍കി നാല് പേരെയാണ് റോയ് പുറത്താക്കിയത്. അഭിഷേക് 22 റണ്‍സിന് രണ്ട് പേരെ പുറത്താക്കി.