റിയോയില്‍ തകര്‍ന്ന താരം
കോഴിക്കോട്: റിയോ ഒളിംപിക്‌സില്‍ ഇന്ത്യ പ്രതീക്ഷയര്‍പ്പിച്ച ഭാരോദ്വഹകരില്‍ ഒരാളായിരുന്നു മീരാഭായി ചാനു. വനിതകളുടെ 48 കിലോഗ്രാം ഇനത്തില്‍ ഒരു മെഡല്‍ ചാനു നേടുമെന്ന് ഇന്ത്യന്‍ കോച്ച് മല്‍സരത്തിന് മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ മല്‍സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ചാനുവിന്റേത്. ക്ലീന്‍ ആന്‍ഡ് ജര്‍ക്ക് ഇനത്തിലെ മൂന്ന് ശ്രമങ്ങളിലും പരാജയപ്പെട്ട് ഓവറോള്‍ ഇനത്തില്‍ മല്‍സരിക്കാന്‍ കഴിയാതെ തന്നെ ഇന്ത്യന്‍ താരം പുറത്തായിരുന്നു. ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലെ ആദ്യ ശ്രമത്തില്‍ 104 കിലോഗ്രാം ഉയര്‍ത്താന്‍ ചാനുവിന് കഴിഞ്ഞില്ല. 106 കിലോ ഗ്രാം ഉയര്‍ത്താനുള്ള ശ്രമത്തിലും പരാജയപ്പെട്ടു. ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ വ്യക്തിഗത മികവ് 107 കിലോഗ്രാം ആയിട്ടും ചാനു നിറം മങ്ങിയത് ഇന്ത്യന്‍ ക്യാമ്പിനെയാകെ നിരാശപ്പെടുത്തിയിരുന്നു.
കൂടുതല്‍ രാജ്യങ്ങളില്ല
ന്യൂഡല്‍ഹി: ഇന്ത്യയുടെ മീരാഭായി ചാനുവിന് ലോക ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ അനുഗ്രഹമായത് ഭാരോദ്വഹന രംഗത്തെ ശക്തരായ രാജ്യങ്ങളുടെ അഭാവം. ഉത്തേജക വിവാദങ്ങളെ തുടര്‍ന്ന് റഷ്യ, ചൈന, കസാക്കിസ്താന്‍, ഉക്രൈന്‍, അസര്‍ ബെയ്ജാന്‍ തുടങ്ങിയ രാജ്യങ്ങളെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
കര്‍ണ്ണത്തിന്റെ പിന്‍ഗാമി
ഹൈദരാബാദ്: ഇന്ത്യന്‍ വനിതാ ഭാരോദ്വഹന രംഗത്തെ സൂപ്പര്‍ താരമായിരുന്നു കര്‍ണം മല്ലേശ്വരി. ആന്ധ്രക്കാരിയായ കര്‍ണമായിരുന്നു ഒളിംപിക്‌സ് ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് ആദ്യ വ്യക്തിഗത മെഡല്‍ സമ്മാനിച്ച വനിതാ താരം. സിഡ്‌നിയില്‍ 2000 ത്തില്‍ നടന്ന ഒളിംപിക്‌സില്‍ 69 കിലോഗ്രം ഇനത്തില്‍ കര്‍ണത്തിന് വെങ്കലം ലഭിച്ചിരുന്നു. ലോക വേദികളിലും കര്‍ണം കരുത്ത് കാട്ടി. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചതും കര്‍ണമായിരുന്നു. ഇപ്പോള്‍ ഇതാ കര്‍ണത്തിന് പിന്‍ഗാമിയായി ലോക വേദിയില്‍ ചാനു എത്തിയിരിക്കുന്നു.