X

സൂകിയുടെ മൗനം ഭീകരര്‍ക്ക് പ്രോത്സാഹനം

റോഹിന്‍ഗ്യാ മുസ്‌ലിംകള്‍ക്കെതിരെ മ്യാന്‍മറില്‍ നരനായാട്ട് തുടരുമ്പോള്‍ സമാധാന നൊബേല്‍ സമ്മാന ജേതാവ് ആംഗ്‌സാന്‍ സൂകിയുടെ മൗനം ഭീകരര്‍ക്ക് പ്രോത്സാഹനമാവുന്നു. സൈനിക ഭരണ കാലഘട്ടത്തില്‍ തുടങ്ങിയ അതിക്രമം സൂകിയുടെ നേതൃത്വത്തില്‍ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിട്ടും വര്‍ധിക്കുകയല്ലാതെ കുറയുന്നില്ല. ഭരണകൂടവും സൈനികരും ബുദ്ധിസ്റ്റ് ഭീകരരും ഒന്നായി നടത്തുന്ന വംശഹത്യ -മ്യാന്മറില്‍ റോഹിന്‍ഗ്യകള്‍ക്കെതിരെ നടക്കുന്ന ഭീകരതയുടെ നേര്‍ചിത്രമിതാണ്.
പതിനായിരക്കണക്കിന് റോഹിന്‍ഗ്യകള്‍ക്ക് ജീവന്‍ നഷ്ടമായി. ആയിരങ്ങള്‍ ഭവനരഹിതര്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ സൈനികരുടെ ക്രൂരത. ലോക വേദികളില്‍ റോഹിന്‍ഗ്യ പ്രശ്‌നം ഗൗരവപൂര്‍വം അവതരിപ്പിക്കപ്പെടുന്നില്ല. ഭരണകൂടവും സൈന്യവും വംശഹത്യക്ക് മുന്നില്‍ നില്‍ക്കുന്നുണ്ട്. അതിലിടക്ക് പൈശാചികനൃത്തം ചവിട്ടാന്‍ വിവാദ ബുദ്ധസന്യാസി ആശ്വിന്‍ വിരാദുവിന്റെ നേതൃത്വത്തില്‍ ഭീകര സംഘടനയും! മ്യാന്‍മറിലെ ബിന്‍ലാദന്‍, തൊക്കാഡിയ എന്ന നിലയിലൊക്കെ അറിയപ്പെടുന്ന വിരാദു മുസ്‌ലിംകള്‍ക്ക് എതിരായ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഭരണകൂടവും സൈനികരും വിരാദുവിന് ഒപ്പം. വിരാദുവിന്റെ ഭീകരസംഘടന ഒരു നിരോദത്തിന്റേയും പട്ടികയില്‍ വന്നിട്ടില്ല. ഐക്യരാഷ്ട്രസഭയും അമേരിക്കയും പാശ്ചാത്യനാടുകളും ഇങ്ങനെ ഒരു ഭീകരനെകുറിച്ച് അറിഞ്ഞിട്ടേയില്ല. അമേരിക്കയുടെ നിയുക്ത പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് തന്നെപോലെയാണെന്ന് വിരാദു പറയുന്നത് അര്‍ത്ഥഗര്‍ഭമാണ്.
1962മുതല്‍ റോഹിന്‍ഗ്യകള്‍ക്കെതിരെ സൈന്യവും പൊലീസും അതിക്രമം കാണിക്കുന്നുണ്ട്. ജനസംഖ്യയില്‍ ബുദ്ധമതക്കാര്‍ക്ക് മഹാഭൂരിപക്ഷമുണ്ട്. 80 ശതമാനം. മുസ്‌ലിംകള്‍ നാലും ഹിന്ദുക്കള്‍ രണ്ടും ശതമാനവുമാണ്. മറ്റുള്ളവരെ വംശീയമായി ഇല്ലായ്മ ചെയ്യുകയാണ് പ്രധാനമായും ഭരണകൂടത്തിന്റെ ലക്ഷ്യം. 1989ല്‍ മ്യാന്മര്‍ എന്ന് നാമകരണം ചെയ്യപ്പെട്ട പഴയ ബര്‍മ്മയില്‍ പശ്ചിമ ഭാഗത്തെ അര്‍കാന്‍ മേഖലയിലാണ് മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്നത്. 1430ന് ശേഷം ഈ മേഖലയില്‍ 48 സുല്‍ത്താന്മാര്‍ ഭരണം നടത്തി. ബ്രിട്ടന്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം കയ്യടക്കിയപ്പോള്‍ അര്‍കാന്‍ മേഖലയും ഉള്‍പ്പെട്ടു. ഇന്ത്യന്‍ വ്യാപാരികളും ബംഗാളികളും അര്‍കാന്‍ മേകലയില്‍ സ്വാധീനം ചെലുത്തി. ബ്രിട്ടീഷ് ഭരണ കാലഘട്ടത്തില്‍ അര്‍കാന്‍ മേഖലക്ക് സ്വയം ഭരണാവകാശം അനുവദിച്ചു.
1948-ല്‍ സ്വാതന്ത്ര്യം ലഭിച്ച് ബര്‍മ്മാ യൂനിയന്റെ ഭാഗമാവുമ്പോള്‍ പഴയ സ്ഥിതി നിലനിര്‍ത്തുമെന്ന വാഗ്ദാനം പിന്നീട് നിരാകരിക്കപ്പെട്ടു. സ്വയംഭരണത്തിനും അല്ലെങ്കില്‍ ബംഗ്ലാദേശില്‍ ലയിക്കാനുള്ള അര്‍കാന്‍ മേഖലയുടെ ആവശ്യം ബര്‍മ്മ അംഗീകരിച്ചില്ല. അന്ന് തൊട്ട് അടിച്ചമര്‍ത്തലിന്റെ നാളുകള്‍. പൗരാവകാശം പോലും നിഷേധിക്കപ്പെട്ടു. വിദേശമുദ്ര കുത്തി പുറത്താക്കാനായിരുന്നു അടുത്ത ശ്രമം. ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന അര്‍കാനിലെ റാഖിന്‍ പ്രദേശമാണ് മുസ്‌ലിംകളുടെ പ്രധാന കേന്ദ്രം. അതുകൊണ്ട് അവര്‍ക്ക് എതിരെ അതിക്രമത്തിന് സൈന്യത്തിനും ഭീകരര്‍ക്കും സൗകര്യമാണ്. ഇതിനകം ലക്ഷങ്ങള്‍ ഭയന്നോടി ബംഗ്ലാദേശില്‍ അഭയാര്‍ത്ഥികളായി. റോഹിന്‍ഗ്യകളെ ആട്ടിയോടിച്ച് അവരുടെ ഭൂമി പിടിച്ചെടുക്കുകയാണ് തന്ത്രം. ഇവിടങ്ങളില്‍ ബുദ്ധമതക്കാര്‍ക്ക് സൗകര്യം നല്‍കുന്നു. ‘ബര്‍മ്മവല്‍ക്കരണ’ത്തിന്റെ ഭാഗമായി റോഹിന്‍ഗ്യകളുടെ സര്‍വ അടയാളങ്ങളും നശിപ്പിക്കപ്പെടുന്നു.
റോഹിന്‍ഗ്യകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചതോടെ അയല്‍പക്ക നാടുകളില്‍ പ്രതിഷേധം ശക്തമാണ്. ഇന്തോനേഷ്യ, തായ്‌ലാന്റ്, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ വന്‍ പ്രതിഷേധറാലികള്‍ അരങ്ങേറി. ശ്രീലങ്കയില്‍ പ്രതിഷേധ റാലിയും വിരാദു അനുകൂല റാലിയും നടന്നു. അഫ്ഗാനിസ്ഥാനില്‍ ലോക പ്രശസ്ത ബാമിയാന്‍ പ്രതിമ തകര്‍ത്ത സംഭവം ചൂണ്ടിക്കാണിച്ചാണ് ബുദ്ധഭീകരന്‍ വിരാദു ബുദ്ധമതാനുയായികളെ ഇളക്കിവിടുന്നത്. ലോകം മുഴുവന്‍ താലിബാന്റെ ഭീകരതക്കെതിരെ രംഗത്തുവന്നതും ബാമിയാന്‍ പ്രതിമ പുനസ്ഥാപിച്ചതും വിരാദു അവഗണിക്കുന്നത് അത്ഭുതമാണ്. റോഹിന്‍ഗ്യകള്‍ അനുഭവിക്കുന്ന പ്രതിസന്ധി രാഷ്ട്രാന്തരീയ വേദികളില്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. അടുത്ത കാലമാണ് ബുദ്ധിസ്റ്റ് ഭീകരത ലോകശ്രദ്ധയില്‍ എത്തിയത്. യു.എന്‍ റിപ്പോര്‍ട്ടിലും ഹ്യൂമന്‍ വാച്ചിന്റെ അന്വേഷണത്തിലും പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നു. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സംഭവത്തെകുറിച്ച് വിവരം ശേഖരിച്ചു. അഭയാര്‍ത്ഥി പ്രവാഹം ദരിദ്ര രാഷ്ട്രമായ ബംഗ്ലാദേശിനെ അസ്വസ്ഥമാക്കി. അടുത്ത ആഴ്ചകളിലുണ്ടായ സൈനികാക്രമണത്തില്‍ മാത്രം നൂറോളം റോഹിന്‍ഗ്യകള്‍ കൊല്ലപ്പെട്ടു. 30,000 പേര്‍ വരും അഭയാര്‍ത്ഥികള്‍. ബംഗ്ലാദേശിനേയും മ്യാന്മറിനേയും വേര്‍തിരിക്കുന്ന നഅഫ് നദി മുറിച്ചുകടക്കുന്നതിനിടയില്‍ നിരവധി അഭയാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. അതിര്‍ത്തിയില്‍ ഒക്‌ടോബറില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടതാണ് പുതിയ സംഭവങ്ങള്‍ക്ക് തുടക്കം. വീടുകള്‍ തീവച്ചത് സൈനികര്‍ ആണ്. കൂട്ട ബലാല്‍സംഗവും നടന്നു. മാധ്യമങ്ങള്‍ക്ക് ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നില്ല.
സൈനിക ഭരണം അവസാനിച്ച ആംഗ്‌സാന്‍ സൂകിയുടെ നേതൃത്വത്തില്‍ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷവും പീഡനം തുടരുന്നു. ഭരണകൂടം മാറിയെങ്കിലും സൈന്യം പഴയ സ്വഭാവത്തില്‍ തന്നെ. എന്നാല്‍ പതിറ്റാണ്ടുകള്‍ നീണ്ട സൈനിക ഭരണത്തില്‍ വളരെയേറെ സഹിക്കേണ്ടി വന്ന സൂകി എന്തുകൊണ്ട് ബുദ്ധിസ്റ്റ് ഭീകരതയോട് സന്ധി ചെയ്യുന്നുവെന്നാണ് രാഷ്ട്രാന്തരീയ സമൂഹത്തെ അത്ഭുതപ്പെടുത്തുന്നത്. സൈനിക അതിക്രമത്തെയും ബുദ്ധിസ്റ്റ് ഭീകരതയേയും അപലപിക്കുന്ന ഒരു വാക്കുപോലും സൂകിയില്‍ നിന്നും ഉണ്ടായികാണാത്തതില്‍ ലജ്ജിക്കേണ്ടതുണ്ട്. ഇങ്ങനെയാണോ, സമാധാനത്തിന് നൊബേല്‍ സമ്മാന ജേതാവ് സ്വീകരിക്കേണ്ട സമീപനം, എന്നാണ് ലോക സമൂഹത്തിന്റെ സംശയം.

chandrika: