X

സുരക്ഷിതമാവട്ടെ സ്ത്രീത്വം

ന്യൂഇയര്‍ ആഘോഷത്തിനോടൊപ്പമെന്നോണം രണ്ട് അക്രമ സംഭവങ്ങള്‍ പ്രത്യേകം വാര്‍ത്തയായി. രണ്ടു സ്ത്രീ കയ്യേറ്റങ്ങള്‍. ഒന്ന് ആലപ്പുഴയിലും മറ്റൊന്ന് ബംഗളൂരുവിലും. ആലപ്പുഴയില്‍ ഇതര സംസ്ഥാന വനിതാ തൊഴിലാളിയും ബംഗളൂരുവില്‍ ഏതാനും ന്യൂ ജെന്‍ പെണ്‍കുട്ടികളും ഏതോ വിവരമില്ലാത്തവരുടെ ക്രൂരതകള്‍ക്ക് വിധേയരായി. പതിവു പോലെ മാധ്യമങ്ങള്‍ വിഷയം ചൂടോടെ ചട്ടികളിലേക്കെടുത്തിട്ടു. പിന്നെ ചര്‍ച്ചകളായി. അഭിപ്രായ പ്രകടനങ്ങളായി. ഗീര്‍വാണങ്ങള്‍ മുതല്‍ ഉപദേശങ്ങള്‍ വരെ എല്ലാം പതിവു പോലെ. നടികള്‍ മുതല്‍ മനഃശാസ്ത്രജ്ഞര്‍ വരെയും രാഷ്ട്രീയക്കാര്‍ മുതല്‍ കൗണ്‍സിലര്‍മാര്‍ വരേയും ചൂടാകും വരെ ചാനലുകളില്‍ കുത്തിയിരുന്നു ചര്‍ച്ചകളില്‍ പങ്കെടുത്തു. പത്ര കോളങ്ങളിലുമുണ്ടായിരുന്നു ചര്‍ച്ചകള്‍. പതിവു പോലെ കടമകള്‍ നിര്‍വഹിച്ച് എല്ലാവരും ‘എല്ലാം ശരിയായി’ എന്നോ ‘എല്ലാം ഇനി ശരിയാകും’ എന്നോ പറയാതെ പറഞ്ഞ് സായൂജ്യമടഞ്ഞു.

സാമൂഹ്യ ബന്ധിയായതിനാല്‍ വലിയ രസമാണ്, ഈ ചര്‍ച്ച കേട്ടും കണ്ടും നില്‍ക്കാന്‍. വിഷയത്തെ ഓരോരുത്തരും സമീപിക്കുന്നതിനനുസരിച്ച് ചര്‍ച്ച വളഞ്ഞും പുളഞ്ഞും പോകുന്നത് മനോഹരവും കൗതുകകരവുമാണ്. വിഷയത്തെ സമീപിക്കുന്നതും അത് ചിലരില്‍ പ്രതിഷേധ വികാരം കോരിച്ചൊരിയും. അവര്‍ പറഞ്ഞ് പറഞ്ഞ് ചിലപ്പോള്‍ കാടുകയറും. മറ്റു ചിലര്‍ വിഷയത്തെ അവരുടെ സ്ഥാപിത സ്വത്വത്തില്‍ നിന്നുകൊണ്ട് മാത്രം കാണുകയും അവരുടെ പരിഹാരങ്ങള്‍ തെല്ല് കോപത്തോടെ അവതരിപ്പിക്കുകയും ചെയ്യും. ഈ ചര്‍ച്ചകളിലുമുണ്ടായി ഇതൊക്കെ. തങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന ഏതു പുരുഷ നോട്ടത്തെയും സംശയിക്കണമെന്ന് ഉപദേശിക്കുന്നവരെ കണ്ടു. സ്ത്രീകള്‍ ഇത്തരം അനുഭവങ്ങളില്‍ കടുത്ത പ്രതികരണങ്ങള്‍ നടത്താന്‍ തയ്യാറാവണമെന്ന് ഉപദേശിക്കുന്നവരെയും കണ്ടു. സൂചിപ്പിന്‍ മുതല്‍ മുളകുപൊടു വരെ പരിഹാരമായി മുന്നോട്ടുവെച്ചവരെയും കണ്ടു. പരിഹാരമല്ലേ എന്നു ചോദിച്ചാല്‍ അതെ എന്നു പറയാവുന്നതിലപ്പുറം ഒരു വ്യാസവും അര്‍ത്ഥവും ഈ കാഴ്ചപ്പാടുകള്‍ക്കില്ല. വിഷയത്തെ അപഗ്രഥനം ചെയ്യുകയോ പരിഹാരത്തെ സമൂഹവുമായി ചേര്‍ത്തുവെക്കുകയോ ഒന്നും ചെയ്യാനുള്ള ഹൃദയ വിശാലത അവയൊന്നിലുമില്ല എന്നതു വ്യക്തമായിരുന്നു. എലിയെ പേടിച്ച് ഇല്ലത്തിനു തീക്കൊടുക്കുന്നവരുടെ പിന്‍തലമുറക്കാര്‍.

എന്നാല്‍ ക്രിയാത്മകവും ചിന്താര്‍ഹവുമായ ഇടപെടലുകളും ഈ ചര്‍ച്ചകളില്‍ ഉണ്ടായി. അവരില്‍ പലരും പറഞ്ഞത് പൊതുജനത്തിന് മാന്യമായി തോന്നുകയും ചെയ്തു. അവയിലൊന്ന് സ്ത്രീയെ ബഹുമാനിക്കാന്‍ സമൂഹത്തെ പഠിപ്പിക്കണമെന്നതായിരുന്നു. മറ്റൊരാള്‍ ഇങ്ങനെ പറഞ്ഞു: ‘നിങ്ങളുടെ പെണ്‍കുട്ടി സുരക്ഷിതയാകാന്‍ നിങ്ങളുടെ ആണ്‍കുട്ടിയെ ആ ബോധത്തില്‍ വളര്‍ത്തുക’ എന്ന്. ഈ രണ്ടു അഭിപ്രായങ്ങള്‍ക്കും വിഷയം ആവശ്യപ്പെടുന്ന പരിഹാരത്തോട് സാമീപ്യമുണ്ട്. കാരണം അത് രണ്ടും ശരിയായ പരിഹാരങ്ങളുടെ അടുത്തുകൂടെ കടന്നുപോകുന്നു. കാരണം, മറ്റു പലരും മനസ്സിലാക്കിയത് പോലെ ഓരോ സ്ത്രീ പീഡനവും ഒറ്റപ്പെട്ട സംഭവമല്ല. മറിച്ച് അത് സമൂഹത്തില്‍ ആഴത്തില്‍ വേരിറക്കിയിട്ടുള്ള ചില നൈതികതകളുടെ ധ്വംസനമാണ്. അത് ഒറ്റക്കാരണത്താല്‍ സംഭവിക്കുന്നതല്ല. ഒരു പാട് ഘടകങ്ങള്‍ അതിലേക്കു നയിക്കുന്നവയായി ഉണ്ട്. അവയെ എല്ലാം പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യുമ്പോഴേ യഥാര്‍ത്ഥ പ്രശ്‌നത്തിനു പരിഹാരമുണ്ടാകൂ.

ഇവിടെയാണ് ഇസ്‌ലാമിന്റെ പരിഹാരങ്ങള്‍ പ്രസക്തമാകുന്നത്. സ്ത്രീകളുടെ അന്തസ്സ്, ആഭിചാത്യം, സുരക്ഷ എന്നിവ ഒരു സമൂഹത്തിന്റെ അന്തസ്സ്, ആഭിചാത്യം, സുരക്ഷ എന്നിവയുടെ കൂടി നിദര്‍ശനങ്ങളാണ് എന്ന് ഇസ്‌ലാം ഉദ്‌ഘോഷിക്കുന്നു. ക്രൂരമായി തന്റെ അനുയായികള്‍ പീഡിക്കപ്പെട്ടിരുന്ന മക്കാ യുഗത്തില്‍ നബി(സ) തന്റെ അനുയായികള്‍ക്ക് നല്‍കിയ പ്രത്യാശയില്‍ എടുത്തു പറഞ്ഞത് ‘സ്വന്‍ആഅ് മുതല്‍ ഹദര്‍ മൗത്ത് വരെ തന്റെ ആട്ടിന്‍ കുട്ടികളെ കുറുക്കന്‍മാര്‍ പിടിച്ചേക്കുമോ എന്നല്ലാതെ മറ്റൊന്നും ഭയപ്പെടാനില്ലാതെ സ്വഛന്ദമായി ഒരു സ്ത്രീക്ക് നടന്നുപോകാവുന്ന കാലം വരും’ എന്നായിരുന്നു. ഹിജ്‌റ യാത്രയില്‍ തന്നെ പിന്തുടര്‍ന്നു കണ്ടെത്തിയ സുറാഖത്തു ബിന്‍ മാലികിനോടും നബി(സ) ഇതേ പ്രയോഗം നടത്തിയതായി കാണാം. പില്‍ക്കാലത്ത് അദിയ്യ് ബിന്‍ ഹാത്വിം എന്ന റകൂസി ജൂതന്‍ ഇസ്‌ലാം ആശ്ലേഷിക്കാന്‍ ഒരു വേള ശങ്കിച്ചുനില്‍ക്കുമ്പോള്‍ നബി(സ) അദ്ദേഹത്തോടും ഇങ്ങനെ പറഞ്ഞതായി കാണാം. സ്ത്രീകള്‍ സുരക്ഷിതരല്ലെങ്കില്‍ ആ സമൂഹം സുരക്ഷിതമല്ല എന്നതു തന്നെയാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്.

ഈ സുരക്ഷിതത്വം ഇസ്‌ലാം നേടുന്നത് ബഹുമുഖ മാര്‍ഗങ്ങളിലൂടെയാണ്. സ്ത്രീയെ ബഹുമാനിക്കുക എന്നത് അവയിലൊന്നായതിനാലാണ് ഈ ചര്‍ച്ചക്കാരന്‍ യഥാര്‍ത്ഥ പരിഹാരത്തിന്റെ അടുത്തുകൂടി പോകുന്നു എന്നു പറയുന്നത്. സ്ത്രീയുടെ സുരക്ഷിതത്വത്തിന് ഇസ്‌ലാം കാണുന്ന വഴി ബഹുമാനമുള്ളതാണ്. അഥവാ പല മാനങ്ങളുള്ളത്. ഇതു വ്യക്തമാക്കാന്‍ സ്ത്രീയെ അവളുടെ ജീവിത ഘട്ടങ്ങളിലേക്ക് ആദ്യം പിരിച്ചെഴുതാം. ജന്മം, ശൈശവം, കൗമാരം, വിവാഹം, മാതൃത്വം എന്നിവയാണവ പ്രധാനമായും. ജന്മം അവള്‍ക്ക് ജനിക്കാനുള്ള അവകാശം നല്‍കുകയാണ്. സ്ത്രീയായി ജനിച്ചാല്‍ ജീവിക്കാനുള്ള അര്‍ഹതയില്ലാത്ത ഒരു കാലത്ത് ഇസ്‌ലാം അതിനെ അപലപിച്ചു എന്നു മാത്രമല്ല ജീവനോടെ കൊന്നുമൂടുന്ന കാപാലികരുടെ കൈകളില്‍ കടന്നുപിടിക്കുകയും ചെയ്തു. കൃത്രിമ മാര്‍ഗങ്ങളിലൂടെ ഭ്രൂണത്തിന്റെ ലിംഗം തിരിച്ചറിഞ്ഞ് പെണ്‍കുട്ടിയാണെങ്കില്‍ ‘താല്‍പര്യമില്ലാത്ത ഗര്‍ഭം’ എന്നു പറഞ്ഞ് അതൊഴിവാക്കുന്ന ആധുനിക കാലത്തു പോലും സ്ത്രീക്കു ജനിക്കാനുള്ള അവകാശത്തിന്റെ കൊടി പിടിച്ചു നില്‍ക്കുകയാണിസ്‌ലാം.

ശൈശവ ദശയില്‍ ഒരു പെണ്‍കുഞ്ഞിനെ അന്നം മുതല്‍ വിദ്യ വരെ നല്‍കി വളര്‍ത്തുന്നതിനു ഇസ്‌ലാം നല്‍കുന്ന പ്രാധാന്യം അതിനു നല്‍കപ്പെടുന്ന പ്രതിഫലത്തില്‍ നിന്നു തന്നെ ഊഹിച്ചെടുക്കാം. നബി (സ) പറഞ്ഞു: ‘ഒരാള്‍ തന്റെ രണ്ടു പെണ്‍മക്കളെ അല്ലെങ്കില്‍ മൂന്നു പെണ്‍മക്കളെ വളര്‍ത്തുകയും അവരെ നല്ല നിലയില്‍ അദബും മര്യാദയും ശീലിപ്പിക്കുകയും ചെയ്യുകയും നല്ല ഇണയെ കണ്ടെത്തി വിവാഹം ചെയ്യിക്കുകയും ചെയ്തു കഴിഞ്ഞാല്‍ അതിനു സ്വര്‍ഗമാണ് പ്രതിഫലം’. മാത്രമല്ല, മക്കളെയും ഗാര്‍ഹികതയെയും നയിക്കാനും നിയന്ത്രിക്കാനുമുള്ള ഉത്തരവാദിത്വം അവര്‍ക്കു നല്‍കുമ്പോഴും ഇസ്‌ലാം ആഗ്രഹിക്കുന്നത് പഠിച്ച് മിടുക്കികളായ ഒരു സ്ത്രീ ലേകത്തെയാണ്. കൗമാരത്തിലേക്കു കാലൂന്നുന്നതോടെയാവട്ടെ ഇസ്‌ലാം വളരെ ജാഗ്രതയോടെ അവളെ പിന്തുടരുന്നു. അവളില്‍ വളരുന്ന സ്‌ത്രൈണതക്കും വികാര വിചാരങ്ങള്‍ക്കും കാവലായി ഇസ്‌ലാം നില്‍ക്കുന്നു. അവ അപഹരിക്കപ്പെടാതിരിക്കാനും ധ്വംസിക്കപ്പെടാതിരിക്കാനും അവളോട് മറക്കേണ്ടതെല്ലാം മറച്ചിരിക്കാനും എല്ലാ ഒതുക്കവും അടക്കവും പാലിക്കാനും ഉപദേശിക്കുന്നു. ആ ഒതുക്കവും അടക്കവുമാണ് അവളുടെ ശക്തിയും ഊര്‍ജ്ജവുമെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു.

വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതോടെ പല ഔന്നിത്യങ്ങളും അവളില്‍ വന്നുചേരുകയായി. പുരുഷന്റെ ജീവിത പാതിയും പങ്കാളിയുമായിത്തീരുന്ന അവളെ ഇസ്‌ലാം വിളിക്കുന്നത് ഇഹലോകത്തെ ഏറ്റവും നല്ല വിഭവമെന്നാണ്. നബി(സ) പറഞ്ഞു: ‘ദുനിയാവിലുള്ളവയെല്ലാം സുഖഭോഗ വസ്തുക്കളാണ്. അവയില്‍ ഏറ്റവും ഉത്തമമായത് സച്ചരിതയായ സ്ത്രീയാണ്’. മാത്രമല്ല സമൂഹത്തില്‍ അവള്‍ നിലയും വിലയുമുള്ള അര്‍ദ്ധാംശമാണ് എന്ന് ഇസ്‌ലാം പറയുന്നു. ജീവിത ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നതോടെ അവളിലുണ്ടാകുന്ന വളര്‍ച്ചയുടെ മാറ്റം അല്ലാഹു ഖുര്‍ആനില്‍ വരച്ചുവെക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ‘അവര്‍ നിങ്ങളുടേയും നിങ്ങള്‍ അവരുടേയും വസ്ത്രങ്ങളാകുന്നു’. വസ്ത്രങ്ങള്‍ എന്ന പ്രയോഗത്തില്‍ വിശദീകരണ വ്യാഖ്യാനങ്ങളിലൊന്നും ഒതുങ്ങാത്ത ഒരു അര്‍ത്ഥ വ്യാപ്തി തന്നെയുണ്ട്. മാതൃത്വത്തിലേക്ക് കടക്കുന്നതോടെ സ്ത്രീ ബഹുമാനങ്ങളുടെ പരമ കാഷ്ഠ പ്രാപിക്കുകയാണ്. ‘മാതാവിന്റെ കാലിന്റെ ചുവട്ടിലാണ് സ്വര്‍ഗം’ എന്നു പറഞ്ഞും ‘നിനക്കേറ്റവും കടപ്പാടുള്ളത് നിന്റെ മാതാവിനോട് തന്നെയാണ്’ എന്ന് മൂന്നു തവണ ആവര്‍ത്തിച്ചും നബി (സ) പറഞ്ഞതില്‍ നിന്നും അതു ഗ്രഹിക്കാം. ഇങ്ങനെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും സ്ത്രീയെ അവളുടെ ബഹുമാനാദരവുകള്‍ക്ക് വിധേയമാക്കുകയാണ് ഇസ്‌ലാം. അതുകൊണ്ടുതന്നെയാണ് ഇക്കാര്യത്തിലെ ഇസ്‌ലാമിക ദര്‍ശനം കുറ്റമറ്റതായിമാറുന്നതും.
ഒട്ടകത്തിന്റെ വേഗതയില്‍ പരിഭ്രമിച്ച സ്ത്രീ ഒട്ടകകട്ടിലില്‍ നിന്നും തല കാട്ടിയപ്പോള്‍ ഒട്ടകത്തിന്റെ മൂക്കുകയര്‍ പിടിക്കുന്ന അന്‍ജഷ(റ)യോട് കരങ്ങള്‍ ഉയര്‍ത്തി നബി (സ) പറഞ്ഞു: ‘അന്‍ജഷാ, മെല്ലെ മെല്ലെ.., ഒട്ടപ്പുറത്തിരിക്കുന്നത് ഒരു പളുങ്കു പാത്രമാണ്’.

chandrika: