തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പന ശാലകളും ബാറുകളും ഏപ്രില്‍ ഒന്നിന് മുന്‍പ് അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി ഉത്തരവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സംസ്ഥാന ബിവറേജസ് കോര്‍പറേഷനെ.
ഉത്തരവ് നടപ്പാക്കിയാല്‍ ബിവറേജസ് കോര്‍പറേഷന്റെ 270 മദ്യവില്‍പനശാലകളില്‍ 134 എണ്ണത്തിന് പകരം സ്ഥലം കണ്ടെത്തേണ്ടിവരും. കൂടാതെ ദേശീയപാതയോരത്തുള്ള കെ.ടി.ഡി.സി, സ്വകാര്യ ബിയര്‍, വൈന്‍ പാര്‍ലറുകളും പൂട്ടേണ്ടിവരും.
എത്രയെണ്ണം പൂട്ടേണ്ടിവരുമെന്നത് സംബന്ധിച്ച് ഇപ്പോള്‍ കൃത്യമായി പറയാനാകില്ലെന്നും കോടതിവിധി ലഭ്യമാകുന്ന മുറക്ക്മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.പാതയോരങ്ങളില്‍ വില്‍പനശാലകള്‍ പ്രവര്‍ത്തിക്കുന്നത് കാരണം മദ്യലഭ്യത കൂടുകയും അതുവഴി വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നുവെന്നുമുള്ള ‘അറൈവ് സേഫ്’ എന്ന സംഘടന നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി.
ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ ഭൂരിഭാഗവും ദേശീയ, സംസ്ഥാന പാതയോരങ്ങളിലായതിനാല്‍ സ്ഥാപനത്തിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഒരാഴ്ച മുന്‍പ് മാനേജിങ് ഡയരക്ടര്‍ എച്ച്. വെങ്കിടേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍പറേഷന്‍ ഉന്നതതലയോഗം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന മദ്യവില്‍പന ശാലകള്‍ക്ക് പുതിയ സ്ഥലം കണ്ടെത്താന്‍ റീജിയണല്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആരാധനാലയങ്ങളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും നിശ്ചിത ദൂരം പാലിച്ചേ മദ്യവില്‍പനശാലകള്‍ തുടങ്ങാനാകൂ. ദേശീയ, സംസ്ഥാന പാതയിലനിന്ന് 500 മീറ്റര്‍ ദൂരം പാലിക്കണമെന്ന നിബന്ധനകൂടി വന്നതോടെ മാറ്റി സ്ഥാപിക്കല്‍ പ്രയാസകരമാകും. നിലവിലുള്ള ഏതാനും വില്‍പനശാലകള്‍ ഉള്‍പ്രദേശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കം സമീപത്തുള്ള ജനങ്ങളുടെ എ തി ര്‍ പ്പിനെ തുടര്‍ന്ന തടസപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ മാറ്റിസ്ഥാപിക്കല്‍ ദുഷ്‌കരമാകും.
സംസ്ഥാനത്ത് 30 പഞ്ചനക്ഷത്ര ഹോട്ടലുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പകുതിയും കോടതി ഉത്തരവോടെ അടച്ചുപൂട്ടല്‍ ഭീഷണയിലാണ്. 200 ഓളം ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് കോടതിവിധി പ്രതികൂലമാകും. അതേസമയം, കണ്‍സ്യൂമര്‍ഫെഡിന്റെ 36 വിപണനശാലകളില്‍ കാര്യമായ അടച്ചുപൂട്ടല്‍ വേണ്ടിവരില്ലെന്നാണ് വിലയിരുത്തല്‍. ബിവറേജസ് കോര്‍പറേഷന്റെ 168 വിപണനശാലകളാണ് മുമ്പ് ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ 34 എണ്ണം യു.ഡി.എഫ് സര്‍ക്കാറിന്റെ മദ്യനയത്തിന്റെ ഭാഗമായും നേരത്തെ വന്ന ഹൈക്കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലും പൂട്ടിയിരുന്നു. ഇപ്പോള്‍ ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് 134 എണ്ണമാണ്. 500 മീറ്റര്‍ ദൂരപരിധിയിലുള്ളവ കൂടി പൂട്ടേണ്ടി വന്നാല്‍ 150 ഓളം വിപണനശാലകള്‍ക്ക് താഴുവീഴും. ഇതു കോര്‍പറേഷന്റെ നിലനില്‍പ് അപകടത്തിലാക്കും.