X

സി.പി.ഐ മന്ത്രിമാര്‍ ഫൈവ്സ്റ്റാര്‍ തടവുകാര്‍: എം. ഉമ്മര്‍

 

തിരുവനന്തപുരം: സംസ്ഥാനത്തെ സി.പി.ഐ മന്ത്രിമാര്‍ ഫൈവ് സ്റ്റാര്‍ തടവുകാരാണെന്നും അവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും എം. ഉമ്മര്‍. നിയമസഭയില്‍ റവന്യൂ, ദേവസ്വം ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാറും ബംഗ്ലാവും സൗകര്യങ്ങളുമുണ്ടെങ്കിലും തീരുമാനങ്ങള്‍ നടപ്പിലാക്കാനാകാത്ത സ്ഥിതിയിലാണ് സി.പി.ഐയുടെ മന്ത്രിമാര്‍. ഇ. ചന്ദ്രശേഖരന്‍ മാന്യനായ മന്ത്രിയാണ്. അദ്ദേഹത്തെ കുറിച്ച് പറയുമ്പോള്‍ വിഷമമുണ്ട്. എന്നാല്‍ മന്ത്രി ബുദ്ധിയില്ലാത്ത ആളാണെന്നാണ് അദ്ദേഹത്തിന്റെ മുന്നണിയിലെ ഒരു എം.എല്‍.എ പറയുന്നത്.
കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ റവന്യൂമന്ത്രി നടപടികള്‍ തുടരേണ്ടതുണ്ട്. സംസ്ഥാനത്ത് സര്‍ക്കാര്‍ ഭൂമി ആര്‍ക്കും കയ്യേറാമെന്ന അവസ്ഥയാണ്. മന്ത്രി ധൈര്യമായി മുന്നോട്ടുപോകണം. കെ.ടി ജേക്കബ് റവന്യൂമന്ത്രിയായിരുന്നപ്പോഴാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് പട്ടയം നല്‍കിയത്. അന്ന് യാതൊരു തടസങ്ങളുമുണ്ടായില്ല. സംരക്ഷണം നല്‍കാന്‍ സി.എച്ച് മുഹമ്മദ് കോയ എന്ന ശക്തനായ ആഭ്യന്തരമന്ത്രിയുമുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതി അതല്ല. റവന്യൂമന്ത്രിയെ ബോധപൂര്‍വം അപമാനിക്കുകയാണ്. ഇന്റലിജന്‍സ് മേധാവിയായ ഡി.ജി.പി അദ്ദേഹത്തെ മന്ത്രി സുനില്‍കുമാര്‍ അല്ലേ എന്നുചോദിച്ചാണ് ആക്ഷേപിച്ചത്. ഇത് മന്ത്രിമാരെയും സി.പി.ഐയെയും പരിഹസിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു.
മുഖ്യമന്ത്രിസ്ഥാനം പോലും വലിച്ചെറിഞ്ഞ് എല്‍.ഡി.എഫെന്ന ആകാശകുസുമം തേടിപ്പോയവരാണ് സി.പി.ഐ. അവരുടെ മന്ത്രിമാര്‍ക്ക് സ്വന്തം നിലപാടുകളും തീരുമാനങ്ങളും യാഥാര്‍ത്ഥ്യമാക്കാനാവുന്നില്ല. റവന്യൂമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും കാലൊടിക്കും എന്നെല്ലാമാണ് ഭീഷണി. എന്നാല്‍ ശക്തമായ ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടുപോയാല്‍ മന്ത്രിക്ക് യു.ഡി.എഫിന്റെ പിന്തുണയുണ്ടാകും. റീസര്‍വേ നടപടികള്‍ മുടങ്ങിക്കിടക്കുകയാണ്. നന്നായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ അകാരണമായി സ്ഥലംമാറ്റുന്നതാണ് ഇതിനുകാരണം. പത്തുമാസം കഴിഞ്ഞിട്ടും ഹാങ്ഓവര്‍ മാറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇനി ഹാങ്ഓവര്‍ അല്ല, ടേക്ക് ഓഫാണ് വേണ്ടത്. പട്ടയം നല്‍കാനുള്ള നടപടികളുമായി റവന്യൂമന്ത്രി മുന്നോട്ടുപോകണം. പട്ടയം ലഭിക്കാത്ത പതിനായിരക്കണക്കിന് ആളുകളുണ്ട്. ഇവര്‍ക്ക് വായ്പയെടുക്കല്‍ പോലുള്ള കാര്യങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണെന്നും എം. ഉമ്മര്‍ പറഞ്ഞു.
അയിഷാ പോറ്റി, കെ. മുരളീധരന്‍, ഇ.കെ വിജയന്‍, പി. ഉബൈദുള്ള, എന്‍. വിജയന്‍ പിള്ള, പുരുഷന്‍ കടലുണ്ടി, ഡോ.എന്‍ ജയരാജ്, ഡി.കെ മുരളി, പി.സി ജോര്‍ജ്, സി.കെ ഹരീന്ദ്രന്‍, സണ്ണി ജോസഫ്, ഒ. ആര്‍ കേളു, മുല്ലക്കര രത്‌നാകരന്‍, കെ.ഡി പ്രസേനന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

chandrika: