സി.പി സൈതലവി
മലപ്പുറം വണ്ടൂരില്‍ ഓടുമേഞ്ഞ കൊച്ചുവീടിന്റെ ചുവരില്‍ നാല്‍പത് വര്‍ഷമായി ഫോട്ടോ ഫ്രെയിം ചെയ്‌തെന്നപോലെ തൂങ്ങിക്കിടപ്പുണ്ട് നിറംമങ്ങിയ ചില്ലിനുള്ളില്‍ പഴയൊരു പത്രപംക്തി. ജന്മംകൊണ്ട് ആ വീട്ടിലെ ഒരംഗത്തിന്റെയും ജീവിതകഥയോ ബഹുമതി വാര്‍ത്തയോ അല്ലത്. പക്ഷേ സാധാരണക്കാരായ ജനലക്ഷങ്ങളുടെ ഉള്ളില്‍ പെരുന്നാള്‍പിറപോലെ വീണ്ടും കാണാന്‍ കൊതിച്ചും മാഞ്ഞുപോകരുതെന്നാശിച്ചും ഇന്നും ഓര്‍മയെ ജ്വലിപ്പിച്ചുനിര്‍ത്തുന്ന അനര്‍ഘനിമിഷത്തിന്റെ രേഖാചിത്രമാണത്. സി.എച്ച് മുഖ്യമന്ത്രിയായ വാരത്തിലെ ഒരു മലയാള ദിനപത്രത്തിന്റെ വാര്‍ത്താവിശേഷം. 1940കളില്‍ ബാലലീഗിലൂടെ പ്രവര്‍ത്തിച്ചു തുടങ്ങി സ്വതന്ത്ര തൊഴിലാളി യൂണിയന്റെ സ്ഥാപകകാല സംഘാടകരില്‍ പ്രമുഖനും സംസ്ഥാന നേതാവുമായി നിറഞ്ഞുനിന്ന വണ്ടൂര്‍ കെ. ഹൈദരലിയുടെ വീട്ടിലെ അമൂല്യമായ സൂക്ഷിപ്പു സ്വത്തുക്കളിലൊന്ന്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അതിസങ്കീര്‍ണമായ രാഷ്ട്രീയസന്ദര്‍ഭങ്ങളിലൊന്നില്‍ കേരളം രാജ്യത്തിനു മാതൃക കാണിച്ച ദിനത്തിന് -1979 ഒക്‌ടോബര്‍ 12ന്റെ അധികാരാരോഹണത്തിന് ഇത് നാല്‍പതു വര്‍ഷം. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യമെന്ന ഇനിയും സാധ്യമാകാത്ത മോഹത്തിന്റെ കുതിരപ്പുറത്തേറി, അഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പിലെ ഐക്യമുന്നണിയുടെ പ്രകടനപത്രികാ വാഗ്ദാനങ്ങള്‍ പെരുവഴിയില്‍ തള്ളി സി.പി.ഐയും മുഖ്യമന്ത്രി പി.കെ വാസുദേവന്‍ നായരും പുറത്തുകടന്നപ്പോള്‍, ജനവിധിക്കു വിരുദ്ധമായത് സംഭവിക്കാതിരിക്കാന്‍ കേരളം കാണിച്ച ജാഗ്രതയായിരുന്നു സി.എച്ച് മന്ത്രിസഭ. അത് ഒരു ജനതയുടെ അകതാരിലുണര്‍ത്തിയ ആത്മവിശ്വാസം അപരിമേയമായിരുന്നു. ‘ആരാന്റെ വിറകുവെട്ടികളും വെള്ളംകോരികളുമായി’ ഒടുങ്ങേണ്ടതല്ല ജീവിതമെന്ന് അധഃസ്ഥിത സമൂഹത്തിന്റെ ബോധമണ്ഡലത്തെ പതിവായി പൊള്ളിച്ചുണര്‍ത്തിയ സി.എച്ചിന്റെ കിരീടധാരണം. എണ്ണമറ്റ കുടിലുകള്‍ക്കും കൂരകള്‍ക്കും കവലകള്‍ക്കും ഉത്സവമായ ആ നാളുകളുടെ വര്‍ണശബളിമയാര്‍ന്ന ചിത്രങ്ങളായിരുന്നു അക്കാലത്ത് കേരളത്തിലിറങ്ങിയ പ്രമുഖ പത്രങ്ങളുടെയെല്ലാം വിശേഷതാളുകള്‍.