മാഡ്രിഡ്: ചിലപ്പോള്‍ അതും സംഭവിക്കാം…..! നെയ്മര്‍ റയല്‍ മാഡ്രിഡിന്റെ കുപ്പായത്തില്‍ കളിക്കുന്ന കാര്യമാണ് പറഞ്ഞ് വരുന്നത്… ബ്രസീലുകാരന്‍ ഇപ്പോള്‍ ഫ്രഞ്ച് ക്ലബായ പാരീസ് സെന്റ് ജര്‍മന്റെ മുന്‍നിര താരമാണെന്നത് സത്യം. ലോകത്തിലെ റെക്കോര്‍ഡ് പ്രതിഫലത്തിനാണ് പി.എസ്.ജി നെയ്മറെ ബാര്‍സിലോണയില്‍ നിന്നും റാഞ്ചിയത് എന്നതും പരമസത്യം. പക്ഷേ യൂറോപ്യന്‍ ഫുട്‌ബോള്‍ വിപണിയില്‍ പണത്തിന് പഞ്ഞമില്ല. റയല്‍ മാഡ്രിഡിനെ പോലെ ഒരു കോടീശ്വര ക്ലബ് നെയ്മറിന് വേണ്ടി എത്ര കോടിയും ചെലവാക്കിയേക്കാം. അത് കൊണ്ടാണ് പറയുന്നത് ചിലപ്പോള്‍ അതും സംഭവിച്ചേക്കാമെന്ന്..!
നെയ്മര്‍ വരുമ്പോള്‍, അഥവാ വന്നാല്‍ പുറത്താവുക ആരാണെന്നല്ലേ-സാക്ഷാല്‍ സി.ആര്‍-7 എന്ന കൃസ്റ്റിയാനോ റൊണാള്‍ഡോ…! ഇനി സംഭവങ്ങള്‍ പറയാം. ഒരു ദിവസം മുമ്പ് നടന്ന യൂറോപ്യന്‍ സൗഹൃദ ഫുട്‌ബോള്‍. സ്‌പെയിനും റഷ്യയും ഏറ്റുമുട്ടിയപ്പോള്‍ ഫലം 3-3. മല്‍സരത്തിന് ശേഷം സ്പാനിഷ് നായകന്‍ സെര്‍ജിയിയോ റാമോസ് പത്രക്കാരുമായി സംസാരിച്ചു. റയല്‍ മാഡ്രിഡില്‍ റാമോസും റൊണാള്‍ഡോയും തമ്മിലുള്ള അഭിപ്രായ ഭിന്നതയെക്കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ ക്ലബില്‍ പലതും സംഭവിക്കാമെന്നും കൃസ്റ്റിയാനോക്ക് പകരം പുതിയ താരങ്ങള്‍ വന്നാല്‍ അല്‍ഭുതപ്പെടാനില്ലെന്നും റാമോസ് മറുപടി നല്‍കി. ഈ മറുപടിയില്‍ നടത്തിയ അന്വേഷണത്തിലാണ് നെയ്മര്‍ ചിത്രം ഉയര്‍ന്നു വന്നത്. റാമോസിന് കൃസ്റ്റിയാനോയോട് താല്‍പ്പര്യമില്ല എന്ന സത്യം നാട്ടില്‍ പാട്ടായത് ഒരാഴ്ച്ച മുമ്പാണ്. സൈനുദ്ദീന്‍ സിദാന്‍ പരിശീലിപ്പിക്കുന്ന ചാമ്പ്യന്‍ സംഘത്തിലെ രണ്ട് സീനിയര്‍ താരങ്ങള്‍ തമ്മിലുള്ള പിണക്കത്തിന്റെ അടിസ്ഥാനം കൃസ്റ്റിയാനോ നടത്തിയ ചില പരാമര്‍ശങ്ങളാണെന്ന് സ്‌പെയിനിലെ പ്രധാന സ്‌പോര്‍ട്‌സ് പത്രമായ മാര്‍ക്കോ റിപ്പോര്‍ട്ട് ചെയ്യുന്നു. സമീപകാലത്ത് സിദാന്റെ സംഘം തണുപ്പന്‍ പ്രകടനമാണ് നടത്തുന്നത്. ടോട്ടനത്തിനെതിരെ യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടം വെംബ്ലിയില്‍ നടന്നപ്പോള്‍ വലിയ തോല്‍വിയാണ് റയല്‍ രുചിച്ചത്. അതിന് ശേഷം കൃസ്റ്റിയാനോ നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. പരിചയ സമ്പന്നരായ താരങ്ങള്‍ക്ക് പകരം യുവ ശക്തിയില്‍ വിശ്വാസം അര്‍പ്പിച്ചതാണ് വിനയായതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തന്റെ അടുത്ത മിത്രങ്ങളായ ജെയിംസ് റോഡ്രിഗസ്, അല്‍വാരോ മൊറാത്ത, പെപെ തുടങ്ങിയവര്‍ക്ക് പകരം പുത്തന്‍ സ്പാനിഷ് താരങ്ങളായ നാച്ചോ, മാര്‍ക്കോ അസെന്‍സിയോ, ഡാനി സിബവലോസ് തുടങ്ങിയവരെ ടീമിലെടുത്തതാണ് കൃസ്റ്റിയാനോയെ ചൊടിപ്പിച്ചത്. എന്നാല്‍ ഇതിനെതിരെ സ്പാനിഷ് ക്യാപ്റ്റന്‍ കൂടിയായ റാമോസ് ശക്തമായി രംഗത്ത് വന്നിരുന്നു. സ്പാനിഷ് യുവതാരങ്ങളുടെ കരുത്തില്‍ സംശയമില്ലെന്നും എന്നാല്‍ ചില സീനിയര്‍ താരങ്ങളുടെ താല്‍പ്പര്യമില്ലായ്മയാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞത് കൃസ്റ്റിയാനോയെ ലക്ഷ്യം വെച്ചാണ്.
ഈ പ്രശ്‌നത്തിന്റെ തുടര്‍ച്ചയെന്നോണം ചില മാറ്റങ്ങള്‍ വന്നാല്‍ അല്‍ഭുതമില്ല എന്നാണ് കഴിഞ്ഞ ദിവസം റാമോസ് വ്യക്തമാക്കിയത്. ഈ അഭിപ്രായമാണ് റൊണാള്‍ഡോയുടെ സ്ഥാനചലനവും നെയ്മറുടെ വരവും സംബന്ധിച്ച് സൂചന നല്‍കിയിരിക്കുന്നത്. നെയ്മര്‍ പി.എസ്.ജിയില്‍ സംതൃപ്തനല്ല എന്ന വാര്‍ത്തയുമുണ്ട്. എഡ്ഗാര്‍ കവാനിയുമായുള്ള തര്‍ക്കം ശക്തമായി നില്‍ക്കുന്നു. റയല്‍ മാനേജ്‌മെന്റുമായി കൃസ്റ്റിയാനോക്കും നല്ല ബന്ധമില്ല. നികുതി കേസില്‍ ഇടഞ്ഞ കൃസ്റ്റിയാനോ കഴിഞ്ഞ സീസണിന്റെ അവസാനത്തില്‍ ക്ലബ് മാറുമെന്ന സൂചനയും നല്‍കിയിരുന്നു. ലാലീഗയില്‍ 11 മല്‍സരങ്ങള്‍ മാത്രമാണ് അവസാനിച്ചിരിക്കുന്നത്. അപ്പോള്‍ തന്നെ ടീമില്‍ ഉടലെടുത്ത പ്രശ്‌നങ്ങളില്‍ സിദാന്‍ നിരാശനാണ്. കൃസ്റ്റിയാനോയെ കൈവിടാന്‍ കോച്ചിന് താല്‍പ്പര്യമില്ല. പക്ഷേ റാമോസിന് ടീമില്‍ വ്യക്തമായ സ്വാധീനമുണ്ട്. കാര്യങ്ങള്‍ കൈവിട്ടു പോവാതിരിക്കുക എന്ന എന്നതാണ് പ്രധാനം.