X

സാമ്പത്തിക മാന്ദ്യം യാഥാര്‍ത്ഥ്യമാണ്; മറികടക്കാന്‍ മൂന്നു വഴികള്‍ നിര്‍ദ്ദേശിച്ച് മന്‍മോഹന്‍ സിങ് – മോദി കേള്‍ക്കുമോ?

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യം അനിവാര്യമായ യാഥാര്‍ത്ഥ്യമെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ. മന്‍മോഹന്‍ സിങ്. ‘ആഴമേറിയ നീണ്ടുനില്‍ക്കുന്ന സാമ്പത്തിക മാന്ദ്യം’ രാജ്യം അഭിമുഖീകരിക്കുന്നത് എന്നാണ് മന്‍മോഹന്റെ നിരീക്ഷണം. ബി.ബി.സിയുമായി നടത്തിയ മെയില്‍ സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് മുന്‍ പ്രധാനമന്ത്രി പറയുന്നത്. സാമ്പത്തിക മാന്ദ്യം ഒരു ‘മാനുഷിക ദുരന്തം’ ആയി മാറിയിട്ടുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ജനത്തിന് മേല്‍ കൂടുതല്‍ ദുരിതമായി. ലോക്ക്ഡൗണ്‍ ഒരുപക്ഷേ അനിവാര്യമായിരിക്കാം. എന്നാല്‍ പെട്ടെന്നുള്ള അതിന്റെ പ്രഖ്യാപനം അചിന്തനീയവും വിവേചനരഹിതവുമായിരുന്നു- മന്‍മോഹന്‍ വിമര്‍ശിച്ചു.

വരും വര്‍ഷത്തില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അദ്ദേഹം ഓര്‍മപ്പെടുത്തുന്നത് ഇങ്ങനെ.

1. ജനങ്ങളുടെ ജീവിതോപാധികള്‍ക്ക് സംരക്ഷണം നല്‍കണം. ജനങ്ങളുടെ കൈയില്‍ നേരിട്ട് പണം എത്തിച്ച് അവര്‍ക്ക് പണം ചെലവഴിക്കാനുള്ള ശേഷി നല്‍കണം.

2. സര്‍ക്കാര്‍ പിന്തുണയോടു കൂടെയുള്ള വായ്പാ പദ്ധതികളിലൂടെ വ്യാപാരങ്ങളില്‍ ആവശ്യമായ മൂലധനം എത്തിക്കണം.

3. സാമ്പത്തിക മേഖലയെ സ്ഥാപിത സ്വയംഭരണത്തിലൂടെ ശക്തിപ്പെടുത്തണം.

രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ച ദശാബ്ദത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നില്‍ക്കുമ്പോഴാണ് മന്‍മോഹന്റെ നിര്‍ദ്ദേശങ്ങള്‍. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 4.2 ശതമാനമാണ് രാജ്യത്തിന്റെ ജി.ഡി.പി. കോവിഡ് പ്രതിരോധത്തിനെതിരെ പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണ്‍ മൂലം ഈ വര്‍ഷത്തെ വളര്‍ച്ച നെഗറ്റീവിലേക്ക് പോകും എന്നാണ് പ്രവചനങ്ങള്‍. 1970കളില്‍ ഉണ്ടായ സാമ്പത്തിക മാന്ദ്യമാണ് വരാനിരിക്കുന്നത് എന്നാണ് വിദഗദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

‘മാന്ദ്യം (ഡിപ്രഷന്‍) എന്ന വാക്ക് ഞാന്‍ ഉപയോഗിക്കുന്നില്ല. എന്നാല്‍ വളരെ ആഴമേറിയ, ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന സാമ്പത്തിക വേഗക്കുറവുണ്ട്. അതനിവാര്യമാണ്. മാനുഷിക പ്രതിസന്ധിയാണ് ഈ വേഗക്കുറവിന് കാരണമായിട്ടുള്ളത്. സമൂഹത്തിന്റെ വൈകാരിക കണ്ണാടിയിലൂടെയാണ് ഇതിനെ നോക്കിക്കാണേണ്ടത്. സാമ്പത്തിക പ്രമാണങ്ങളിലൂടെയും അക്കങ്ങളിലൂടെയും അല്ല’ – മന്‍മോഹന്‍ പറഞ്ഞു.

Test User: