X

സാമ്പത്തികശാസ്ത്ര നൊബേല്‍ റിച്ചാര്‍ഡ് എച്ച്. തെയ്‌ലറിന്

 
സ്‌റ്റോക്ക്‌ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈവര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ബിഹേവിയറല്‍ ഫിനാന്‍സ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് റിച്ചാര്‍ഡ് എച്ച്. തെയ്്‌ലറിന്.
വ്യക്തികളുടെ സാമ്പത്തിക തീരുമാനങ്ങളെ സ്വാധീനിക്കുന്നതില്‍ മന:ശാസ്ത്ര, സാമൂഹിക, വൈകാരിക ഘടകങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് റിച്ചാര്‍ഡ് പറയുന്നു.
ചിക്കാഗോ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് പ്രൊഫസറാണ് 72കാരനായ റിച്ചാര്‍ഡ്. സാമ്പത്തിക തീരുമാനങ്ങളില്‍ കൃത്യമായ മന:ശാസ്ത്ര നിഗമനങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനയെന്ന് നൊബേല്‍ പുരസ്‌കാര സമിതി വ്യക്തമാക്കി. വ്യക്തികളും സ്ഥാപനങ്ങളും സാമ്പത്തിക തീരുമാനങ്ങളെടുക്കുമ്പോള്‍ മന:ശാസ്ത്രപരവും സാമൂഹികവും വൈകാരികവുമായ ഘടകങ്ങള്‍ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്നാണ് ബിഹേവിയറല്‍ ഇക്കണോമിക്‌സ് പരിശോധിക്കുന്നത്. സാമ്പത്തിക പദ്ധതികളും മാതൃകകളും രൂപപ്പെടുത്തുമ്പോള്‍ അതില്‍ മനുഷ്യന്റെ പങ്കാളിത്തം വിസ്മരിക്കാനാവില്ലെന്ന് റിച്ചാര്‍ഡ് ചൂണ്ടിക്കാട്ടുന്നു.
1945 സെപ്തംബര്‍ 12നായിരുന്നു ജനനം. ദ വിന്നേഴ്‌സ് കഴ്‌സ്, അഡ്വാന്‍സസ് ഇന്‍ ബിഹേവിയറല്‍ ഫിനാന്‍സ്, മിസ്ബിഹേവിങ്: ദ മേക്കിങ് ഓഫ് ബിഹേവിയറല്‍ ഇക്കണോമിക്‌സ് തുടങ്ങി നിരവധി പുസ്തകങ്ങല്‍ രചിച്ചിട്ടുണ്ട്. ദ ബിഗ് ഷോര്‍ട് എന്ന സിനിമയില്‍ അതിഥിതാരമായും എത്തിയിരുന്നു. ഇന്ത്യയുടെ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ അടങ്ങിയ പട്ടികയില്‍നിന്നാണ് റിച്ചാര്‍ഡ് നൊബേലിന് അര്‍ഹനായത്.

chandrika: