X
    Categories: Views

സഹോദരിമാരുടെ കൊലപാതകം: സി.പി.എം ബന്ധംതെളിഞ്ഞു; രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു

പാലക്കാട്: വാളയാറില്‍ സഹോദരിമാരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രക്ഷിക്കാന്‍ ഭരണപക്ഷത്തുനിന്നും ഇടപെടലുണ്ടായെന്ന ആരോപണം ഉയര്‍ന്നതോടെ ജാള്യത മറക്കാന്‍ കേസന്വേഷിച്ചിരുന്ന എസ്.ഐയെ സസ്‌പെന്റ് ചെയ്തു. അന്വേഷണചുമതലയുണ്ടായിരുന്ന എസ്.ഐ പി.സി ചാക്കോയെയാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിരിക്കുന്നത്. രണ്ടു ഡിവൈ.എസ്.പിമാര്‍ക്കും കസബ മുന്‍ സി.ഐക്കുമെതിരെയും വകുപ്പുതല അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ പൊലീസില്‍ കസ്റ്റഡിയിലായിരുന്ന കുട്ടികളുടെ അമ്മയുടെ ഇളയച്ഛന്റെ മകന്‍ അട്ടപ്പള്ളം സ്വദേശി മധു, അച്ഛന്റെ സുഹൃത്ത് ഇടുക്കി രാജക്കാട് സ്വദേശി ഷിബു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതികളുടെ സി.പിഎം ബന്ധവും പൊലീസിന്റെ വീഴ്ചയും ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് എസ്.ഐയെ അന്വേഷണ ചുമതലയില്‍ നിന്നും ഒഴിവാക്കിയെങ്കിലും പൊലീസിനെതിരെ നടപടിയുണ്ടായില്ല. തുടര്‍ന്ന് മറുപടി പ്രസംഗം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവം നിസാരവത്കരിക്കാനാണ് ശ്രമം നടത്തിയത്. മരണം ആത്മഹത്യയാണെന്നും അസ്വാഭാവിക മരണമല്ലെന്നും ദിവസങ്ങള്‍ക്ക് ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതെന്നുമാണ് മുഖ്യമന്ത്രി സഭയെ ധരിപ്പിച്ചത്. എന്നാല്‍ മരണം നടന്ന പിറ്റേദിവസം തന്നെ റിപ്പോര്‍ട്ട് ലഭിക്കുകയും ക്രൂരമായ പീഡനത്തിനരയായാണ് മൂത്തസഹോദരി മരിച്ചതെന്നും അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ സംഭവം രണ്ടുമാസം പൂഴ്ത്തിവെച്ച് മൂത്തസഹോദരിയെ കൊലപ്പെടുത്തിയ പ്രതിതന്നെ രണ്ടാമത്തെ കുട്ടിയെയും കൊലപ്പെടുത്തിയിട്ടും പൊലീസിന്റെ വീഴ്ചയെ സംബന്ധിച്ച് ഇന്നലെ മുഖ്യമന്ത്രി മിണ്ടിയില്ല. പ്രതിഷേധം വ്യാപകമാവുകയും സി.പി.എം ബന്ധംതെളിയുകയും ചെയ്തതോടെയാണ് എസ്.ഐയെ സസ്‌പെന്റ് ചെയ്ത് കേസില്‍ നിന്നും ഒളിച്ചോടാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നത്.
അറസ്റ്റിലായ അട്ടപ്പള്ളം സ്വദേശി മധു വാളയാറിലെ ഡി.വൈ.എഫ്.ഐ നേതാവും ജില്ലയിലെ ഒരുപ്രധാന നേതാവിന്റെ അടുത്തസുഹൃത്തുമാണ്. പ്രതി ഈ നേതാവിന്റെ കൂടെയുള്ള ഫോട്ടോകളടക്കമുള്ള തെളിവുകള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. ഈ ബന്ധംതന്നെയാകാം കേസ് അട്ടിമറിക്കന്‍ കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എസ്.ഐയുടെ നേതൃത്വത്തില്‍ കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടന്നതായി പ്രാഥമികാന്വേഷണത്തില്‍ തന്നെ വ്യക്തമായിട്ടുണ്ട്. മൂത്തമകളുടെ മരണദിവസം തന്നെ അമ്മ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് ഗൗരവമായി കണ്ടില്ല. മാത്രമല്ല പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആത്മഹത്യയാണെന്ന് വരുത്താനുള്ള ശ്രമവും നടന്നു. പിന്നീട് പ്രധാനപ്രതികളില്‍ ഒരാളായ മധുവിനെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തുവെങ്കിലും സി.പി.എം നേതാക്കള്‍ ഇടപ്പെട്ടതോടെ വെറുതെവിടുകയായിരുന്നു. സംഭവം നടന്ന് മൂന്നുദിവസത്തിന് ശേഷമാണ് കസ്റ്റഡിയിലുള്ള നാലുപേരില്‍ രണ്ടുപേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയത്. അന്വേഷണം നടക്കുന്നുണ്ടെങ്കിലും പൊലീസിന്മേല്‍ വലിയ സമര്‍ദ്ദങ്ങളുണ്ടെന്നാണ് പറയുന്നത്.

chandrika: