സഹകരണ മേഖലയെ ദുര്‍ബലപ്പെടുത്തുന്നതും സംസ്ഥാനത്ത് സാമ്പത്തിക അരാജകത്വവും അസ്വസ്ഥതയും സൃഷ്ടിക്കുന്നതും തുല്യനീതി നിഷേധിക്കുന്നതുമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കേരള നിയമസഭ പാസാക്കി. ബി.ജെ.പി അംഗം ഒ.രാജഗോപാലിന്റെ എതിര്‍പ്പോടെയാണ് പ്രമേയം പാസാക്കിയത്. നോട്ട് പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തിനൊടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തെ യു.ഡി.എഫും കേരള കോണ്‍ഗ്രസും പിന്താങ്ങി.
രാജ്യത്തെ സഹകരണ സ്ഥാപനങ്ങള്‍ നേടിയെടുത്ത അംഗീകാരവും ആധികാരികതയും പൂര്‍ണമായും ഉള്‍ക്കൊണ്ട് അസാധുവാക്കപ്പെട്ട നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
കള്ളപണക്കാരെ സഹായിക്കുമെന്നതിനാല്‍ അസാധു നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കരുതെന്ന് രാജഗോപാല്‍ നിര്‍ദേശിച്ച ഭേദഗതി സഭ തള്ളി. സഹകരണ ബാങ്കുകളുമായി ഇടപാടുകള്‍ നടത്തി പണം നിക്ഷേപിച്ചവര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ചര്‍ച്ചയ്ക്ക് ശേഷം സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിക്ഷേപിച്ച ചില്ലിക്കാശ് പോലും ആര്‍ക്കും നഷ്ടമാവില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. 24ന് സര്‍വകക്ഷി സംഘം ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയേയും ധനകാര്യമന്ത്രിയേയും നേരില്‍ക്കണ്ട് കേരളത്തിന്റെ ആശങ്ക അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
90 ശതമാനം സാമ്പത്തിക ഇടപാടുകളും കറന്‍സിയിലൂടെയാണ് നടക്കുന്നത്. നോട്ടുനിരോധിച്ചതോടെ സാധാരണക്കാരുടെ ദൈനംദിന ആവശ്യങ്ങള്‍ വരെ മുടങ്ങി. രാജ്യത്തെ 30 ശതമാനത്തിന് മാത്രമാണ് ബാങ്കിങ് സംവിധാനവുമായി ബന്ധമെന്ന കാര്യം പോലും മനസിലാക്കാതെയാണ് കേന്ദ്രം നടപടി സ്വീകരിച്ചത്. ഇതിനുപിന്നാലെ സംസ്ഥാനത്ത് ഏഴുപേര്‍ മരണപ്പെടാന്‍ ഇടയായ സാഹചര്യം ദു:ഖകരമാണ്. മന്ത്രി എ.സി മൊയ്തീന്‍ അവതരിപ്പിച്ച ഉപക്ഷേപത്തിന്‍മേല്‍ നടന്ന ചര്‍ച്ച നാലു മണിക്കൂറോളം നീണ്ടു. ചര്‍ച്ചയില്‍ പങ്കെടുത്ത രാജഗോപാല്‍ ഒഴികെയുള്ള എല്ലാ അംഗങ്ങളും കേന്ദ്രസര്‍ക്കാറിന് എതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. മന്ത്രി തോമസ് ഐസക്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഉമ്മന്‍ചാണ്ടി, എം.കെ മുനീര്‍, വി.എസ് അച്യുതാനന്ദന്‍, മുല്ലക്കര രത്‌നാകരന്‍, കെ.എം.മാണി, കെ.കൃഷ്ണന്‍കുട്ടി, അനൂപ് ജേക്കബ്, എസ് ശര്‍മ, പി.സി ജോര്‍ജ്, സി.ദിവാകരന്‍, ഒ.രാജഗോപാല്‍, കെ.സുരേഷ് കുറുപ്പ്, ടി.വി രാജേഷ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഡല്‍ഹിക്കു ശേഷം ഇതാദ്യമായാണ് ഒരു സംസ്ഥാനം നോട്ടു പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുന്നത്. ഡല്‍ഹി നിയമസഭയും കേന്ദ്രനീക്കത്തെ നിശിതമായി വിമര്‍ശിച്ച് പ്രമേയം പാസാക്കിയിരുന്നു.