അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ മാറുന്നതിന് അനുമതി നല്‍കാത്ത റിസര്‍വ് ബാങ്ക് തീരുമാനത്തിന് എതിരെ സഹകരണബാങ്കുകള്‍ സുപ്രീംകോടതിയെ സമീപിക്കും. നോട്ടു പ്രതിസന്ധിയെ തുടര്‍ന്ന് സഹകരണമന്ത്രി വിളിച്ച ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമാരുടെയും ജനറല്‍ മാനേജര്‍മാരുടെയും യോഗത്തിലാണ് തീരുമാനം. ജില്ലാ സഹകരണ ബാങ്കുകള്‍ക്കും പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകള്‍ക്കും നോട്ട് മാറി നല്‍കുന്നതിന് അനുമതി നിഷേധിച്ചതിനെയാണ് കോടതിയില്‍ ചോദ്യം ചെയ്യുക. സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളും ഒരുമിച്ചാകും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുക.
യോഗത്തില്‍ ബാങ്ക് പ്രതിനിധികള്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ക്ക് ധനകാര്യവകുപ്പിന്റേയും, സര്‍ക്കാരിന്റെയും പിന്തുണ യോഗത്തില്‍ പങ്കെടുത്ത ധനകാര്യമന്ത്രി തോമസ് ഐസക് വാഗ്ദാനം ചെയ്തു. ജില്ലാ സഹകരണ ബാങ്ക് വഴി പ്രാഥമിക സഹകരണ സംഘത്തിലെ ഇടപാടുകാര്‍ക്ക് ആവശ്യമായ പണം ലഭിക്കാനും, ഉപയോഗപ്പെടുത്താനും സാഹചര്യം ലഭിക്കുന്നതിനാല്‍ സംഘത്തിന്റെ അക്കൗണ്ടില്‍ നിന്നും മറ്റ് ബാങ്കുകളിലേക്ക് ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി, ചെക്ക് ക്ലിയറിംഗ് എന്നിവ വഴി പണം മാറ്റുന്നത് പരമാവധി കുറക്കണമെന്നും യോഗം തീരുമാനിച്ചു. ഇത്തരത്തില്‍ ആവശ്യം വേണ്ടി വരുന്ന സാഹചര്യവും തുകയും ജില്ലാ ബാങ്കുമായി നേരിട്ട് ആലോചിച്ച് മാത്രം നടപ്പിലാക്കാന്‍ പ്രാഥമിക സംഘം പ്രത്യേകം കരുതലെടുക്കേണ്ടതാണ്. യോഗത്തില്‍ ഉയര്‍ന്നു വന്ന ബദല്‍ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ ജില്ലാ തലങ്ങളില്‍ പ്രാഥമിക സഹകരണ സംഘങ്ങളുടെ യോഗം നവംബര്‍ 21 മുതല്‍ 23 വരെ ജില്ലാ ബാങ്ക് പ്രസിഡന്റും, സഹകരണ സംഘം ജോയിന്റ് റജിസ്ട്രാറും സംയുക്തമായി വിളിക്കണം.
ഇതുമായി ബന്ധപ്പെട്ട് വ്യപാരി വ്യവസായി പ്രതിനിധികളുടെ യോഗം വിളിക്കാനും ധാരണയായി. കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതികളായ ജന്‍ധന്‍ യോജന, കര്‍ഷകര്‍ക്കുള്ള പലിശയിളവ് എന്നീ പദ്ധതികളുടെ ആനുകൂല്യം, വായ്പകള്‍ യഥാസമയം ഒടുക്കാന്‍ കഴിയാതെ വരുന്നത് മൂലം കര്‍ഷകര്‍ക്ക് ലഭ്യമാകാത്ത അവസ്ഥയുമുണ്ട്. ഇത് കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് ജില്ലാ ബാങ്ക് പ്രതിനിധികള്‍ അറിയിച്ചു. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്യാന്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ സേവനം തേടിയിട്ടുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത ജില്ലാ സഹകരണ ബാങ്ക് ഭാരവാഹികളും അറിയിച്ചു.
സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുണ്ടെങ്കില്‍ കണ്ടത്തൊന്‍ ആവശ്യമായ നടപടികള്‍ ആദായ നികുതി വകുപ്പു സ്വീകരിക്കണമെന്നും ആദായ നികുതി വകുപ്പിന്റെ പരിശോധനയെ ഒരു തരത്തിലും തടസപ്പെടുത്താന്‍ ആരും തയാറായിട്ടില്ലെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ച സഹകരണമന്ത്രി എ.സി. മൊയ്തീന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യോഗത്തില്‍ സംസ്ഥാന സഹകരണ ബാങ്ക് എം.ഡി കെ.സി സഹദേവന്‍, കണ്‍സ്യൂമര്‍ഫെഡ് എം.ഡി ഡോ. എം രാമനുണ്ണി, സഹകരണ സംഘം രജിസ്ട്രാര്‍ എസ്.ലളിതാംബിക, സഹകരണ വകുപ്പ് സെക്രട്ടറിയുടെ ചുമതലയുള്ള റാണി ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.