X
    Categories: Views

സര്‍വകലാശാലകളുടെ പേരുകളില്‍ മതം വേണ്ടെന്ന് യു.ജി.സി

 

ന്യൂഡല്‍ഹി: സര്‍വകലാശാലകളുടെ മതേതര സ്വഭാവം സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവയുടെ പേരുകള്‍ക്കൊപ്പം ഹിന്ദു, മുസ്‌ലിം പരാമര്‍ശങ്ങള്‍ വേണ്ടെന്ന് യു.ജി.സി നിര്‍ദേശം. അലിഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ പേരില്‍ നിന്നും മുസ്‌ലിം എന്ന വാക്കും ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പേരില്‍ നിന്നും ഹിന്ദു എന്ന വാക്കും ഒഴിവാക്കണമെന്ന് യു. ജി.സി പാനല്‍ നിര്‍ദേശിച്ചു.
പത്ത് കേന്ദ്ര സര്‍വകലാശാലകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇത് പ്രകാരം യു.ജി.സി നിയോഗിച്ച അഞ്ച് കമ്മറ്റികളിലൊന്നാണ് നിര്‍ദേശവുമായി രംഗത്തെത്തിയത്. കേന്ദ്രധനസഹായം ലഭിക്കുന്ന സര്‍വകലാശാലകള്‍ മതേതര സ്ഥാപനങ്ങളാണെന്നും എന്നാല്‍ മതവുമായി ബന്ധപ്പെട്ട പേരുകള്‍ മതേതര സ്വഭാവത്തെ പ്രകടിപ്പിക്കുന്നതല്ലെന്നും പാനല്‍ ചൂണ്ടിക്കാട്ടി.
അലിഗഢ് സര്‍വകലാശാല, ബനാറസ് സര്‍വകലാശാല എന്നിങ്ങനെ പേരുകള്‍ മാറ്റണമെന്നാണ് പാനല്‍ നിര്‍ദേശിക്കുന്നത്. അല്ലെങ്കില്‍ സര്‍വകലാശാല സ്ഥാപകരുടെ പേര് ചേര്‍ക്കാമെന്നും പാനല്‍ ശുപാര്‍ശ ചെയ്തു. അലിഗഢ് സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ഇത്തരത്തിലൊരു നിര്‍ദേശം പാനല്‍ ഉയര്‍ത്തിയത്. കേന്ദ്ര സര്‍വകലാശാലകള്‍ മതേതരമാകണം. എന്നാല്‍ ഇത്തരം പേരുകള്‍ അതിന്റെ മതനിരപേക്ഷ സ്വഭാവം പ്രതിഫലിപ്പിക്കില്ല. അതുകൊണ്ടാണ് അവ മാറ്റണമെന്ന് നിര്‍ദേശിച്ചത്-ഒരു പാനല്‍ അംഗം വ്യക്തമാക്കി. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ കമ്മിറ്റി അന്വേഷണം നടത്തിയില്ലെങ്കിലും പാനല്‍ യു.ജി.സിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അതിനെ സംബന്ധിച്ചും പരാമര്‍ശിക്കുന്നുണ്ട്.
അലിഗഢിനു പുറമേ പോണ്ടിച്ചേരി, അലഹബാദ് , ഹേമവതി നന്ദന്‍ ബഹുഗുണ ഗര്‍വാള്‍ ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ജമ്മു, ത്രിപുര, ഹരി സിംഗ് ഗൗര്‍ സര്‍വകാലാശാലകളിലും മഹാത്മഗാന്ധി അന്താരാഷ്ട്ര ഹിന്ദി വിശ്വവിദ്യാലയ വാര്‍ധയിലും പാനല്‍ അന്വേഷണം നടത്തിയിരുന്നു. ഈ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ, ഗവേഷണ,സാമ്പത്തിക, അടിസ്ഥാനസൗകര്യ സംവിധാനങ്ങളെ കുറിച്ചാണ് കമ്മിറ്റി പരിശോധിച്ചത്.

ആലോചിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: സര്‍വകലാശാലകളുടെ പേരുകളില്‍ മതം ഒഴിവാക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത്തരത്തില്‍ ഒരു ആലോചനയും നടന്നിട്ടില്ലെന്നും സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കര്‍ വ്യക്തമാക്കി. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ പ്രതികരണം നടത്താന്‍ അദ്ദേഹം തയ്യാറായില്ല.

chandrika: