ഭോപാല്‍: കര്‍ഷക സമരം കത്തിനില്‍ക്കുന്ന മധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ ആത്മഹത്യ ചെയ്തത് മൂന്ന് കര്‍ഷകര്‍. ഹൊസങ്കാബാദിലും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ജന്മനാടായ സിയോഹറിലുമാണ് കര്‍ഷകര്‍ ജീവനൊടുക്കിയത്. വിളകള്‍ക്ക് മതിയായ വില ലഭ്യമാക്കണമെന്നും കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ട് ജൂണ്‍ ഒന്നു മുതലാണ് സംസ്ഥാനത്ത് കര്‍ഷകര്‍ സമരം തുടങ്ങിയത്. ജൂണ്‍ ആറിന് മന്ദ്‌സോറില്‍ കര്‍ഷക സമരത്തിനു നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ചു പേര്‍ മരിച്ചതോടെ സമരം കൂടുതല്‍ അക്രമാസക്തമായിരുന്നു. ഇതേതുടര്‍ന്ന് മന്ദ്‌സോറിലും സമീപ പ്രദേശങ്ങളിലും നിരോധനാജ്ഞയും നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് സംസ്ഥാന സര്‍ക്കാറിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കര്‍ഷക ആത്മഹത്യകള്‍ പെരുകുന്നത്.
68കാരനായ മഖന്‍ ലാല്‍ ആണ് ഹൊസങ്കാബാദ് ജില്ലയിലെ തന്റെ വിള നിലത്തിലുള്ള മരത്തില്‍ തൂങ്ങിമരിച്ചത്. ഏഴ് ഏക്കറോളം കൃഷി നിലമുള്ള മഖന്‍ ലാല്‍ വട്ടിപ്പണക്കാരില്‍നിന്ന് ഏഴു ലക്ഷം രൂപയോളം കടം വാങ്ങിയിരുന്നെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷമായി തിരിച്ചടക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇതേതുടര്‍ന്ന് ഭീഷണി നേരിടേണ്ടി വന്നിരുന്നുവെന്നും മകന്‍ രാഗേഷ് ലോവാന്‍ഷി പറഞ്ഞു.
വിദിഷ ജില്ലയിലെ ഹരി സിങ് യാദവ് ആണ് ജീവനൊടുക്കിയ മറ്റൊരു കര്‍ഷകന്‍. ഉറക്കഗുളിക അമിതമായി കഴിച്ചതിനെതുടര്‍ന്ന് അബോധാവസ്ഥയിലായ ഹരിസിങിനെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
ഇതോടെ ജൂണ്‍ ആറിന് മന്ദ്‌സോറില്‍ കര്‍ഷക സമരത്തിനു നേരെ നടന്ന പൊലീസ് വെടിവെപ്പിനു ശേഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം അഞ്ച് ആയി.