X

സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് തീരദേശ അതോറിട്ടിയുടെ പരിശോധനാ ഫീസ് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴിലുള്ള കെട്ടിടങ്ങള്‍ക്ക് തീരദേശപരിപാലന അതോറിട്ടിയുടെ പരിശോധനാ ഫീസ് ഒഴിവാക്കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിയമസഭയില്‍ കെ.എം ഷാജിയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴിലുള്ള കെട്ടിടങ്ങള്‍ക്ക് പരിശോധനാ ഫീസ് ഒഴിവാക്കാമെന്ന് കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന തീരദേശപരിപാലന അതോറിട്ടിയുടെ 81 ാമത് യോഗത്തില്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിരുന്നു. 500 ചതുരശ്രമീറ്ററിന് മുകളിലുള്ള വാസഗൃഹങ്ങള്‍ക്കും പത്തുലക്ഷത്തിന് മുകളില്‍ ചെലവു വരുന്ന പദ്ധതികള്‍ക്കുമാണ് പരിശോധന നടത്തി തീരമേഖലാ നിയമ പ്രകാരമുളള പാരിസ്ഥിതിക അനുമതി നല്‍കാന്‍ അതോറിട്ടി ഫീസ് ചുമത്തുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

പദ്ധതിച്ചെലവിന്റെ രണ്ടു ശതമാനം പരിശോധന ഫീസായി നല്‍കേണ്ടി വരുന്നത് സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പിനെ ബാധിക്കുന്നതായി കെ.എം. ഷാജി സബ്മിഷനില്‍ ചൂണ്ടിക്കാട്ടി. ഒരു സര്‍ക്കാര്‍ വകുപ്പ് മറ്റൊരു സര്‍ക്കാര്‍ ഏജന്‍സിക്ക് പണം നല്‍കേണ്ടി വരുന്നതിലെ സാങ്കേതികത പരിശോധിക്കണം.
അഴീക്കോട് ജി.എച്ച്.എസിന് രണ്ടു കോടി ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് രണ്ടു ലക്ഷം രൂപ പരിശോധനാ ഫീസ് നല്‍കാന്‍ കഴിയാത്തതിനാല്‍ പദ്ധതിക്ക് അനുമതി കിട്ടുന്നില്ല. ഇത്തരത്തില്‍ 2016-17 സാമ്പത്തിക വര്‍ഷം നിരവധി പദ്ധതികളാണ് അനുമതിക്കായി കാത്തുകിടക്കുന്നത്. പരിശോധനാ ഫീസ് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നും ഷാജി ആവശ്യപ്പെട്ടു.

chandrika: