X

സമൂഹ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തുന്നു: ലക്ഷ്മിനായര്‍ ഡി.ജി.പിക്ക് പരാതി നല്‍കി

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങള്‍വഴിയും അല്ലാതെയും തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ഡി.ജി.പിക്ക് പരാതി നല്‍കി. ലോ അക്കാദമി സമരത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളും മറ്റ് രാഷ്ട്രീയ നേതാക്കളും തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസംഗങ്ങളാണ് നടത്തുന്നതെന്ന് പരാതിയില്‍ ആരോപിക്കുന്നു.
ലോ അക്കാദമി വിദ്യാര്‍ത്ഥിനിയായ തന്റെ ഭാവി മരുമകളെയും മറ്റ് കുടുംബാംഗങ്ങളെയും അപകീര്‍ത്തിപ്പെടുത്താന്‍ ഇത്തരക്കാര്‍ ശ്രമിക്കുന്നു. 80 ഓളം വിദ്യാര്‍ഥികളാണ് ലോ അക്കാദമിക്കെതിരെ കഴിഞ്ഞ 25 ദിവസമായി സമരം നടത്തുന്നത്. സമരത്തിന്റെ ഭാഗമായി തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി ട്രോളുകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നുമുണ്ട്. തന്റെ സദാചാര ബോധത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ കരുതിക്കൂട്ടിയുള്ള ശ്രമമാണ് ഇതിനുപിന്നില്‍. മോര്‍ഫ് ചെയ്ത നിരവധി ചിത്രങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. ഇവ സംബന്ധിച്ച തെളിവുകള്‍ തന്റെ പക്കലുണ്ട്. ഈ വിഷയത്തില്‍ എത്രയും വേഗം അന്വേഷണം നടത്തണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിലുണ്ട്. സൈബര്‍ നിയമപ്രകാരമുള്ള കുറ്റങ്ങളടക്കം ഇവക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ചുമത്തണമെന്നാണ് ലക്ഷ്മി നായരുടെ പരാതിയിലെ ആവശ്യം.
അതേസമയം, ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെടില്ലെന്ന് പിതാവും ലോ അക്കാദമി ഡയരക്ടറുമായ നാരായണന്‍ നായര്‍ പറഞ്ഞു. രാജി ആവശ്യപ്പെട്ടാല്‍ അവര്‍ ആത്മഹത്യ ചെയ്താലോ എന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. സ്ഥാപനത്തില്‍ 27 വര്‍ഷം ജോലിചെയ്ത ജീവനക്കാരിയെ അഞ്ചു വര്‍ഷത്തേക്ക് മാറ്റി നിര്‍ത്തിയാല്‍ പോരെ. ഇതില്‍ കൂടുതലൊന്നും ചെയ്യാന്‍ കഴിയില്ല. ഒരാളെ ഇതില്‍ കൂടുതല്‍ നാണം കെടുത്താന്‍ കഴിയുമോയെന്നും ലോ അക്കാദമിയിലേത് രാഷ്ട്രീയ സമരമാണെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാര്‍ത്ഥി സമരത്തിന്റെയും രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന നിരാഹാര സമരത്തിന്റെയും പശ്ചാത്തലത്തില്‍ ലോ അക്കാദമി തിങ്കളാഴ്ച മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നാരായണന്‍ നായര്‍ മാധ്യമങ്ങളോട് സംസാരിച്ചത്.

chandrika: