X
    Categories: More

സമസ്ത റാലിക്കെതിരെ കേസ്: പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചെന്ന എഫ്.ഐ.ആര്‍ വിവാദമാകുന്നു

കാഞ്ഞങ്ങാട്: ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ തിങ്കളാഴ്ച സമസ്ത കാഞ്ഞങ്ങാട് മണ്ഡലം കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച റാലിക്കെതിരെ കേസെടുത്ത സംഭവത്തില്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറും വിവാദമാകുന്നു.

ഹൊസ്ദുര്‍ഗ് എസ്.ഐ ബിജു പ്രകാശ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറാണ് വിവാദമായത്. ഇന്ത്യന്‍ ശിക്ഷാ നിയമം 143, 147, 145, 283, 153, 149 വകുപ്പുകള്‍ ചാര്‍ത്തി തയാറാക്കിയിരിക്കുന്ന എഫ്.ഐ. ആറില്‍ റാലിയില്‍ സംബന്ധിച്ചവര്‍ പ്രധാനമന്ത്രിക്കെതിരെ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചുവെന്നാണ് പറയുന്നത്. സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്തിനെ ഒന്നാം പ്രതിയാക്കിയും സമസ്ത കോഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഇസ്മായില്‍ മൗലവിയെ രണ്ടാം പ്രതിയാക്കിയുമാണ് എഫ്.ഐ.ആര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

14ന് നാലു മണിക്ക് ഹോസ്ദുര്‍ഗ്ഗ് വില്ലേജില്‍ ഹോസ്ദുര്‍ഗ്ഗ് സ്മൃതി മണ്ഡപത്തിനു സമീപം സ്റ്റേറ്റ് ഹൈവേയില്‍ റോഡില്‍കൂടി സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ശരീഅത്ത് റാലിക്കിടെ ഒന്ന്, രണ്ട് പ്രതികളുടെ നേതൃത്വത്തില്‍ നൂറോളം പ്രതികള്‍ കുറ്റം ചെയ്യണമെന്നും സ്ഥലത്ത് സംഘര്‍ഷവും ലഹളയും ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയും ന്യായവിരോധമായി സംഘം ചേര്‍ന്ന് പ്രധാനമന്ത്രിക്കെതിരെയും മറ്റും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും റാലി നടത്തുകയും ചെയ്തു. അന്യായക്കാരന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ന്യായമായ ആജ്ഞ ധിക്കരിച്ച് റാലി തുടര്‍ന്നുവെന്നാണ് എഫ്.ഐ.ആറിലുള്ളത്.

സംഭവം ഇപ്പോള്‍ ദൃശ്യമാധ്യമങ്ങളിലടക്കം സജീവ ചര്‍ച്ചയായിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള ദേശീയ മാധ്യമങ്ങളിലും പ്രധാനമന്ത്രിക്കെതിരെ മുദ്രവാക്യം വിളിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തതായി കാണിച്ച് വാര്‍ത്ത വന്നിട്ടുണ്ട്. വിവാദമായ എഫ്.ഐ.ആറിന്റെ പശ്ചാത്തലത്തില്‍ നിയമപരായി ഇതിനെ നേരിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് പറഞ്ഞു.

ഇതുസംബന്ധിച്ച് ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് സമസ്ത കാഞ്ഞങ്ങാട് മണ്ഡലം കോഡിനേഷന്‍ കമ്മിറ്റിയുടെ യോജിച്ച നീക്കത്തിനായി മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrika: