തിരുവനന്തപുരം: വേതന വര്‍ധന ആവശ്യപ്പെട്ട് സമരം നടത്തുന്ന നഴ്‌സുമാരുടെ സംഘടനകളുമായി മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചര്‍ച്ചയില്‍ ആരോഗ്യമന്ത്രിയും പങ്കെടുക്കും. ചര്‍ച്ചയുടെ ധാരണയുടെ അടിസ്ഥാനത്തിലായിരിക്കും സമരത്തിന്റെ ഭാവിയെന്ന് സംഘടനാനേതാക്കള്‍ അറിയിച്ചു.
അതേസമയം, നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പള നിരക്ക് അംഗീകരിക്കാനാവില്ലെന്ന് ചെറുകിട ആസ്പത്രി ഉടമകളുടെ വാദം. 20 കിടക്കകളില്‍ താഴെയുള്ള ആസ്പത്രി ഉടമകള്‍ ചേര്‍ന്ന് പുതിയ സംഘടനയും രൂപീകരിച്ചിട്ടുണ്ട്. പുതുക്കിയ ശമ്പളം നല്‍കണമെങ്കില്‍ സര്‍ക്കാര്‍ സഹായിക്കണമെന്നാണ് ഇവരുടെ ആവശ്യം. 20 കിടക്കകളില്‍ താഴെയുള്ള ആസ്പത്രിയിലെ നഴ്‌സുമാര്‍ക്ക് 18,232 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം. ഇത് തങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുമെന്നാണ് ചെറുകിട ആസ്പത്രി ഉടമകള്‍ പറയുന്നത്. ശമ്പളം വര്‍ധിപ്പിക്കണമെങ്കില്‍ മരുന്നുകള്‍ക്കടക്കം സര്‍ക്കാര്‍ സഹായം വേണം. സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കാമെന്ന് വന്‍കിട ആസ്പത്രി മാനേജ്‌മെന്റുകള്‍ സമ്മതിച്ചിട്ടുണ്ട്. നഴ്‌സുമാരുടെ സമരം തുടരുമ്പോള്‍ ആരോഗ്യമേഖലയിലെ പ്രതിസന്ധി രൂക്ഷമാകുന്നതാണ് ചെറുകിട ആസ്പത്രി ഉടമകളുടെ നിലപാട്. സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് ഇന്നലെ ഉപവാസസമരം നടത്തി. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ സമരം ഏറ്റെടുക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് നഴ്‌സുമാരുടെ സമരം 21ാം ദിവസത്തിലേക്ക് കടക്കുകയാണ്. വിവിധ ജില്ലകളില്‍ കൂടുതല്‍ നഴ്‌സുമാര്‍ സമരരംഗത്തേക്ക് വരുന്നുണ്ട്. കൂടുതല്‍പേര്‍ രംഗത്തുവരുന്നതോടെ സമരം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് നഴ്‌സുമാരുടെ സംഘടനകള്‍. കണ്ണൂരില്‍ നഴ്‌സുമാര്‍ക്കൊപ്പം നഴ്‌സിങ് വിദ്യാര്‍ത്ഥികളും സമരത്തിലാണ്. സമരത്തിന് ശക്തമായ പൊതു ജന പിന്തുണയാണ് ലഭിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് സംഘടനാനേതാക്കള്‍ അറിയിച്ചു.
- 7 years ago
chandrika
Categories:
Video Stories
സമരവുമായി നഴ്‌സുമാര്‍ മുന്നോട്ട്; നാളെ മുഖ്യമന്ത്രിയുമായി ചര്‍ച്ച
Tags: Nurse Strike