X
    Categories: Culture

സത്യവിശ്വാസിയുടെ ശുഭപ്രതീക്ഷ

 

മാനവകുലത്തിന്റെ ധാര്‍മിക സദാചാരമേഖലയില്‍ മൂല്യച്യുതി അനുദിനം പെരുകിക്കൊണ്ടിരിക്കുന്നു. ധര്‍മത്തിനും നീതിക്കും നിരക്കാത്ത പല സംഭവങ്ങളും ജീവിതത്തിന്റെ എല്ലാ മേഖലകളിലും നടമാടുന്നതായാണ് വാര്‍ത്തകള്‍ വരുന്നത്. ആഗോളാടിസ്ഥാനത്തില്‍തന്നെയുള്ള ഇത്തരം സംഭവവികാസങ്ങളെ വിലയിരുത്തിക്കൊണ്ട് ജനങ്ങളില്‍ നിരാശയും ഭീതിയും ജനിപ്പിക്കുന്ന കുറിപ്പുകളും പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. ജീവിതത്തിന്റെ ബാഹ്യവശം മാത്രം നോക്കിക്കണ്ട് ഒരോന്നിനെയും വിലയിരുത്തുമ്പോള്‍ ഇന്നത്തെ അവസ്ഥയില്‍ ഭാവിയെസംബന്ധിച്ച് ശുഭാപ്തിവിശ്വാസത്തിന് അധികമൊന്നും വകകാണില്ല.
ഭൂമിയിലെ മനുഷ്യജീവിതം അല്ലാഹുവിന്റെ ഒരു സോദ്ദേശ്യപദ്ധതിയാണ്. കാലത്തിന്റെ അനന്തതയില്‍ വളരെ കുറഞ്ഞ സമയമാണ് ഇതിന് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ജീവിതവും വിഭവങ്ങളും നല്‍കിക്കൊണ്ട് ഓരോരുത്തരും എത്ര നന്നായി പ്രവര്‍ത്തിക്കുന്നു എന്ന പരീക്ഷണമാണ് അല്ലാഹു ഇവിടെ നടത്തുന്നത്. അക്കാര്യം പലപ്രാവശ്യം പ്രധാന്യത്തോടെ ഖുര്‍ആന്‍ എടുത്തുപറയുന്നുണ്ട്. ഭൂമിയില്‍ സത്യത്തിന്റെയും ധര്‍മത്തിന്റെയും നീതിയുടെയും കാര്യം പറയാനും അവ നടപ്പാക്കാനും തയ്യാറുള്ള ഒരു വിഭാഗത്തെ അല്ലാഹു എല്ലാ കാലത്തും ഇവിടെ നിലനിര്‍ത്തിപ്പോരാറുണ്ട്.
അത്തരക്കാരുടെ ശക്തിയും സ്വാധീനവും കുറഞ്ഞുപോകുന്ന ചില ഇടവേളകളില്‍ അക്രമികളുടെ തേര്‍വാഴ്ച ചരിത്രത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന സംഗതിയാണ്. പക്ഷെ അതിന് അധികം ആയുസുണ്ടാവാറില്ല. സത്യത്തെയും ധര്‍മത്തെയും നീതിയെയും ജീവിതാദര്‍ശങ്ങളായി അംഗീകരിക്കുന്ന വിഭാഗത്തെ അല്ലാഹു ശക്തിപ്പെടുത്തുകയും അക്രമികളെ അമര്‍ച്ച ചെയ്യുകയും ചെയ്യും. ചരിത്രത്തില്‍ അതിനു വേണ്ടുവോളം സാക്ഷ്യങ്ങളുണ്ട്.
തികഞ്ഞ ഏകാധിപതിയും അക്രമിയും മര്‍ദ്ദകനും ചൂഷകനുമായി ഈജിപ്ത് അടക്കിവാണ ഫറോവയുടേയും പ്രഭൃതികളുടെയും കഥ ഖുര്‍ആന്‍ ആവര്‍ത്തിച്ചുപറയുന്നു. ഫറോവയുടെ സേച്ഛാഭരത്തില്‍നിന്നും ജനങ്ങളെ മോചിപ്പിക്കാന്‍ അല്ലാഹു നിയോഗിച്ച വിമോചകനാണ് ഹസ്രത്ത് മൂസാനബി (അ). അദ്ദേഹത്തിനും അനുയായികള്‍ക്കും ഫറോവയില്‍നിന്നും കിങ്കരന്മാരില്‍നിന്നും ഏറെ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടിവന്നു. അത്തരുണത്തില്‍ മൂസാനബിയെ ആദ്യം രഹസ്യമായും പിന്നീട് പരസ്യമായും പിന്തുണച്ച, ഫറോവയുടെ കൂട്ടത്തില്‍നിന്നുതന്നെയുള്ള ഒരു സത്യവിശ്വാസി ഉണ്ടായിരുന്നു.
അദ്ദേഹം ജനങ്ങളെ ഉപദേശിച്ചു. നശ്വരമായ ഈ ജീവിതത്തില്‍ വില കുറഞ്ഞ താല്‍പര്യങ്ങള്‍ക്ക് പിന്നാലെ പോയി വഞ്ചിതരാവാതെ ശാശ്വതമായ പാരത്രിക ജീവിതത്തിലെ സൗഭാഗ്യം നേടാന്‍ ഏകനായ രക്ഷിതാവില്‍ വിശ്വസിക്കുകയും അവന്റെ നിര്‍ദ്ദേശങ്ങള്‍ ജീവിത്തില്‍ പകര്‍ത്തി വിജയിക്കുകയും ചെയ്യാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. അദ്ദേഹത്തിന്റെ ആവര്‍ത്തിച്ചുള്ള ആഹ്വാനവും അഭ്യര്‍ത്ഥനയും തള്ളിക്കളഞ്ഞ ഫറോവയുടെ പിന്തുണക്കാര്‍ അദ്ദേഹത്തെ നശിപ്പിക്കാന്‍ കുതന്ത്രങ്ങള്‍ പ്രയോഗിച്ചു. അക്കാര്യം സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. ”എന്റെ കാര്യം ഞാന്‍ അല്ലാഹുവില്‍ ഏല്‍പ്പിക്കുന്നു. അല്ലാഹു അടിമകളെ കണ്ടറിയുന്നവര്‍ തന്നെയാണ്. അപ്പോള്‍ അവര്‍ കുതന്ത്രം കാണിച്ചതിന്റെ തിന്മകളില്‍നിന്നും അല്ലാഹു അദ്ദേഹത്തെ കാത്തുരക്ഷിച്ചു.” (വി.ഖു. 40: 44, 45).
ഏറെ ചിന്തനീയമാണ് ഈ ഖുര്‍ആനികസൂക്തം. പ്രബോധനവീഥിയില്‍ മുഹമ്മദ് നബി (സ) പ്രയാസങ്ങള്‍ നേരിട്ടപ്പോള്‍ സാന്ത്വനമായി അല്ലാഹു ഓതിക്കൊടുത്തതാണിത്. ഫറോവയുടെ കാലത്ത് സത്യവിശ്വാസികളായ സദ്‌വൃത്തര്‍ ഏറെ ദുരിതം പേറിയിരുന്നു. ഏത് ദുര്‍ഘടസാഹചര്യത്തിലും അല്ലാഹുവില്‍ സുദൃഢമായി വിശ്വസിച്ച് പറയേണ്ടത് തുറന്നുപറഞ്ഞ് ബാക്കി അല്ലാഹുവില്‍ ഏല്‍പ്പിച്ചാല്‍ അവര്‍ വേണ്ടത് ചെയ്തുകൊള്ളും. ‘അല്ലാഹു അടിമകളെ കണ്ടറിയുന്നവന്‍ തന്നെയാണെന്ന’ തിരുനബിയുടെ വാക്കില്‍ രക്ഷിതാവിന്റെ സഹായത്തെകുറിച്ചുള്ള തികഞ്ഞ ശുഭാപ്തി വിശ്വാസമാണ് പ്രകടമാവുന്നത്. അബൂഹുറൈറയില്‍ നിന്ന് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു: ”അല്ലാഹു പറഞ്ഞിരിക്കുന്നു ‘എന്റെ ദാസന്‍ എന്നെപ്പറ്റി കരുതുംപോലെയാണ് ഞാന്‍. അവനെന്നെ ഓര്‍ക്കുമ്പോള്‍ ഞാനവന്റെ കൂടെയുണ്ടാകും. അല്ലാഹുവിനെത്തന്നെ സത്യം നിങ്ങളില്‍ ഒരാള്‍ക്ക് നഷ്ടപ്പെട്ടുപോയ തന്റെ വാഹനം മരുഭൂമിയില്‍ വെച്ച് തിരിച്ചുകിട്ടിയാലുണ്ടാവുന്നതിനെക്കാള്‍ സന്തോഷം അല്ലാഹുവിന് തന്റെ ദാസന്റെ പശ്ചാത്താപത്തില്‍ ഉണ്ടാകും. എന്നോടവന്‍ ഒരു ചാണ്‍ അടുത്താല്‍ അവനോട് ഞാന്‍ ഒരു മുഴം അടുക്കും. എന്നോടവന്‍ ഒരു മുഴം അടുത്താല്‍ ഞാന്‍ അവനോട് ഒരു മാറ് അടുക്കും. എന്റെ അരികിലേക്ക് അവന്‍ നടന്നുവന്നാല്‍ ഞാന്‍ അവന്റെ അരികിലേക്ക് ഓടിച്ചെല്ലും”- ഖുദ്‌സിയായ ഈ ഹദീസ് വിവരിക്കാതെ തന്നെ ഏറെ വ്യക്തമാണ്.
കാര്യങ്ങളുടെ നിയന്ത്രണം അല്ലാഹുവിന്റെ കയ്യിലാണ്. അവന്റെ അനുമതി കൂടാതെ ആരെയും ഒന്നും ബാധിക്കുകയില്ല. വിഷമകരമായത് ഉണ്ടാവുമ്പോള്‍ അത് അല്ലാഹുവിന്റെ അറിവില്‍പെടാതിരിക്കുന്നില്ല. അതിനാലാണ് അത്തരുണത്തില്‍ ക്ഷമ അവലംബിച്ച് ആദര്‍ശത്തില്‍ അടിയുറച്ച് നില്‍ക്കാന്‍ പ്രവാചകന്‍ നിര്‍ദ്ദേശിച്ചത്. ആ മനുഷ്യന്‍ താക്കീത് ചെയ്തിരുന്ന കാര്യം ഫറോവയെയും കൂട്ടരെയും പിടികൂടി അക്കാര്യം അല്ലാഹു സ്മരിക്കുന്നു”…….. അവര്‍ മുക്കിനശിപ്പിക്കപ്പെടാന്‍ പോകുന്ന ഒരു സൈന്യമാണ്…….. എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ് അവര്‍ വിട്ടേച്ചുപോയത്. എത്രയെത്ര കൃഷിയിടങ്ങളും മാന്യമായ പാര്‍പ്പിടങ്ങളും അവര്‍ ആഹ്ലാദ പൂര്‍വം അനുഭവിച്ചിരുന്ന സൗഭാഗ്യങ്ങള്‍. അതങ്ങനെയാണ്; (കലാശിച്ചത്) അതെല്ലാം മറ്റൊരു ജനതക്ക് നാം അവകാശപ്പെടുത്തിക്കൊടുത്തു. അപ്പോള്‍ അവരുടെ പേരില്‍ ആകാശവും ഭൂമിയും കരഞ്ഞില്ല. അവര്‍ക്ക് ഇടകൊടുക്കപ്പെടുകയുമുണ്ടായില്ല (44:24-29). ദുന്‍യാവിലും ആഖിറത്തിലും അവര്‍ വമ്പിച്ച നഷ്ടകാരികളായി. അവര്‍ നശിപ്പിക്കാന്‍ ശ്രമിച്ച സത്യവിശ്വാസി ഇവിടെയും ശാശ്വതലോകത്തും വിജയിച്ചു.
സാമൂഹികമായാലും വൈയക്തികമായാലും ഏതു വൈതരണിയിലും അല്ലാഹുവില്‍ ദൃഢമായി വിശ്വസിക്കുകയും ശുഭപ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്യണമെന്ന് പ്രവാചകന്‍ നമ്മെ പഠിപ്പിക്കുന്നു.
ഹസ്രത്ത് ജാബിര്‍ (റ) നിന്ന് നിവേദനം. നബി (സ) വഫാത്താകുന്നതിന് മൂന്ന് ദിവസം മുമ്പ് ഇങ്ങനെ പറഞ്ഞതായി അദ്ദേഹം കേള്‍ക്കുകയുണ്ടായി. ”നിങ്ങളില്‍ ഒരാളും അല്ലാഹുവിനെക്കുറിച്ച് നല്ല ധാരണ വെച്ചുകൊണ്ടല്ലാതെ മരിച്ചുപോകരുത്” (മുസ്‌ലിം). അനസ് ബിന്‍ മാലിക് (റ) നിന്നുള്ള മറ്റൊരു നിവേദനത്തില്‍: നബി (സ) പറഞ്ഞു: അല്ലാഹു പറയുകയുണ്ടായി.
‘ആദമിന്റെ പുത്രാ, നിന്റെ പക്കല്‍ നിന്ന് എത്ര പാപങ്ങളുണ്ടായാലും നീ എന്നോട് പ്രാര്‍ത്ഥിക്കുകയും എന്റെ കാരുണ്യത്തെ പ്രതീക്ഷിക്കുകയും ചെയ്യുമ്പോഴെല്ലാം ഞാന്‍ നിനക്ക് പൊറുത്തു തരും. ഞാനതൊന്നും പ്രശ്‌നമാക്കുന്നില്ല.
ആദമിന്റെ പുത്രാ, നിന്റെ പാപങ്ങള്‍ മേഘപടലങ്ങളോളം വലുതായാലും നീ എന്നോട് പൊറുക്കലിനെ തേടിയാല്‍ ഞാന്‍ പൊറുത്തു തരും. ആദമിന്റെ പുത്രാ, എന്നോട് ആരാധനയില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതെ ഭൂമി മുഴുവന്‍ പാപങ്ങളുമായി നീ എന്റെ അടുത്തുവന്നാല്‍ ഭൂമി നിറയെ പാപമോചനം നിനക്ക് ഞാന്‍ സമ്മാനമായി നല്‍കും. (തുര്‍മുദി). ഏതവസ്ഥയിലും ശുഭപ്രതീക്ഷ പുലര്‍ത്താനാണ് അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്.

chandrika: