ആദ്യ സീണില്‍ അവസാന സ്ഥാനത്ത് നിന്ന് ഫൈനലിലേക്ക് കുതിച്ചെത്തിയ ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ അതിജീവനത്തിന്റെ ആദ്യ സീസണ്‍ ആവര്‍ത്തിക്കുകയാണെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല, 2014ലെ പ്രകടനത്തിന് സമാനമാണ് ബ്ലാസ്റ്റേഴ്‌സിന്റെ നിലവിലെ പ്രകടനം, ഇന്ന് ടീം നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്.സിക്കെതിരെ സ്വന്തം ഗ്രൗണ്ടില്‍ രണ്ടാം സതേണ്‍ ഡെര്‍ബിക്കിറങ്ങുന്നു. ഗോവക്കെതിരായ ജയത്തില്‍ നിന്ന് ലഭിച്ച ഊര്‍ജ്ജവും ആത്മവിശ്വാസവും മുതലാക്കി ഇന്നും മികച്ച ഗോള്‍ ശരാശരിയോടെ ജയിക്കാനായാല്‍ പോയിന്റ് ടേബിളില്‍ ടീമിന് രണ്ടാം സ്ഥാനക്കാരാവാം. 12 പോയിന്റുമായി പൂനെക്ക് തൊട്ടു പിറകില്‍ അഞ്ചാം സ്ഥാനത്താണ് ടീമിപ്പോള്‍.
ഡല്‍ഹിക്കെതിരെ 4-1 ന് ദയനീയമായി തോറ്റാണ് ചെന്നൈ മച്ചാന്‍സിന്റെ വരവ്. ആദ്യ സീസണില്‍ ഒമ്പത് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ മൂന്ന് വീതം ജയവും തോല്‍വിയും സമനിലയുമായി 12 പോയിന്റായിരുന്നു കേരളത്തിന്. ഈ സീസണില്‍ ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന്റെ പ്രകടനവും പോയിന്റും സമാനമാണ്. 2014ല്‍ ലീഗിലെ തന്നെ ഏറ്റവും മോശം തുടക്കമായിരുന്നു മഞ്ഞപ്പടയുടേത്. എതിരാളികളുടെ തട്ടകത്തില്‍ തുടര്‍ച്ചയായ അഞ്ചു ഹോം മത്സരങ്ങള്‍ കളിക്കേണ്ടി വന്ന ടീം ഒരു ഘട്ടത്തില്‍ പോയിന്റ് പട്ടികയുടെ അവസാന സ്ഥാനത്ത് വരെയെത്തി.
പൂനെക്കെതിരായ ലീഗിലെ അവസാന മത്സരത്തില്‍ ഏക ഗോളിന്റെ വിജയമാണ് ടീമിനെ സെമിഫൈനലിലെത്തിച്ചത്. 14 മത്സരങ്ങളില്‍ നിന്ന് അഞ്ചു ജയവുമായി 19 പോയിന്റോടെയായിരുന്നു അന്ന് ബ്ലാസ്റ്റേഴ്‌സിന്റെ സെമിപ്രവേശം. പിന്നീട് ചെന്നൈയിനെ തോല്‍പിച്ച് കലാശ കളിയിലേക്കും യോഗ്യരായി. ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഗോളടി എണ്ണത്തില്‍ രണ്ടക്കം കടക്കാത്ത ഏക ടീമായിരുന്നു കേരളം. ഈ സീസണിലും ഗോളെണ്ണത്തില്‍ മാറ്റമില്ല, കേരളം ഇതുവരെ നേടിയത് ആകെ ആറു ഗോളുകള്‍ മാത്രം, വഴങ്ങിയത് ഏഴെണ്ണവും.
ഗോവക്കെതിരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ജയിച്ചെങ്കിലും ടീം മികച്ച കളി പുറത്തെടുത്തുവെന്ന് പറയാനാവില്ല, ശരാശരി പ്രകടനം മാത്രമായിരുന്നു ടീമിന്റേത്, ഇന്ന് ചെന്നൈയിനെതിരെ ജയിക്കാന്‍ ആ കളി മതിയാവില്ല ബ്ലാസ്റ്റേഴ്‌സിന്. രണ്ടു മത്സരങ്ങള്‍ തോറ്റ് നിര പരുങ്ങലിലാവുന്ന ചെന്നൈയിന് ഇന്ന് ജയിച്ചേ തീരൂ, പത്തു പോയിന്റ് മാത്രമുള്ള അവര്‍ നിലവില്‍ ഏഴാം സ്ഥാനത്താണ്. ജയിച്ചാല്‍ ചെന്നൈയിന് മൂന്നാം സ്ഥാനക്കാരായി കുതിച്ചുയരാം. ഇരുടീമും വിജയത്തിനായി പന്ത് തട്ടുമ്പോള്‍ കളത്തില്‍ തീപാറുമെന്നുറപ്പ്. ഇന്നത്തെ മത്സരം കഴിഞ്ഞാല്‍ രണ്ടു വീതം എവേ, ഹോം മത്സരങ്ങള്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് അവശേഷിക്കുന്നത്. സെമിസാധ്യതക്ക് ഏറ്റവും കുറഞ്ഞത് മൂന്ന് മത്സരമെങ്കിലും ജയിക്കണം. അവസാന ഏഴു മത്സരങ്ങളില്‍ ഡല്‍ഹിക്കെതിരെ മാത്രമാണ് ടീം തോറ്റത്. മധ്യനിര ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും മികച്ചൊരു ഫിനിഷറുടെ അഭാവം ടീമിനെ ഇപ്പോഴും ഉലക്കുന്നുണ്ട്.