X

സക്കീര്‍ ഹുസൈന്‍ ഒളിച്ച സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് പൊലീസ് വളഞ്ഞു

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസില്‍ സി.പി.എം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം, സക്കീര്‍ ഹുസൈന്‍ ഉടന്‍ കീഴടങ്ങില്ലെന്ന് സി.പി.എം അറിയിച്ചു. കീഴടങ്ങാന്‍ കോടതി ഏഴുദിവസം സമയം അനുവദിച്ചിട്ടുണ്ടെന്നും ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ഏരിയ സെക്രട്ടറിയുടെ ചുമതലയുള്ള പി.കെ.മോഹനന്‍ പറഞ്ഞു.

കേസിനാസ്പദമായ സംഭവത്തിനു പിന്നിലെ ഗൂഢാലോചന, പ്രതികളുടെ കുറ്റകൃത്യത്തിലെ പങ്കാളിത്തം ഗൂഢാലോചനയുടെ ലക്ഷ്യം എന്നിവ കണ്ടെത്താന്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഒരാഴ്ചക്കകം ഹാജരാകണമെന്നും ചോദ്യം ചെയ്യലിനു ശേഷം മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കുന്ന അവസരത്തില്‍ ജാമ്യാപേക്ഷയില്‍ മജിസ്‌ട്രേറ്റ് അന്നു തന്നെ തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് പി. ഉബൈദ് നിര്‍ദ്ദേശിച്ചു.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കേസിനാസ്പദമായ സംഭവം നടന്ന് ഒരു വര്‍ഷത്തിനുശേഷമാണ് പരാതിയെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. തട്ടിക്കൊണ്ടുപോയെന്ന പരാതി കെട്ടി ചമച്ചതാണെന്നും കുറ്റാരോപണങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു. പരാതിക്കാസ്പദമായ ഇടപാടുമായി ബന്ധപ്പെട്ട് വിവിധ കേസുകള്‍ സിവില്‍ കോടതിയുടെ പരിഗണനയിലുണ്ടെന്നും പ്രതിഭാഗം ബോധിപ്പിച്ചു. എന്നാല്‍ ഇക്കാര്യങ്ങള്‍ ജാമ്യാപേക്ഷയുടെ പരിഗണനാ വേളയില്‍ മജിസ്‌ട്രേറ്റ് പരിശോധിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

സക്കീര്‍ ഹുസൈന്‍ ഇന്നലെ കളമശ്ശേരി ഏരിയ കമ്മിറ്റി ഓഫിസിലെത്തിയെന്ന വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് ഓഫിസും പരിസരവും ഇന്നലെ വലിയ ആള്‍ക്കൂട്ടമുണ്ടായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് മഫ്തി പൊലീസ് ഏരിയ കമ്മിറ്റി ഓഫിസും പരിസരവും വളഞ്ഞു. കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് സക്കീര്‍ കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹം ഏരിയ കമ്മിറ്റി ഓഫീസിലെത്തിയതായി ചിലര്‍ മാധ്യമങ്ങളെ വിവരം അറിയിച്ചത്.

chandrika: