റിയാദ്: വിദേശികളെ ജോലിക്ക് വെച്ചതിന് ആറ് ദിവസത്തിനിടെ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം 51 മൊബൈല്‍ ഫോണ്‍ കടകള്‍ അടപ്പിച്ചു. ദുല്‍ഹജ്ജ് ഒന്നിനാണ് മൊബൈല്‍ ഫോണ്‍ കടകള്‍ക്ക് സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം ബാധകമാക്കിയത്. ദുല്‍ഹജ്ജ് ഒന്ന് മുതല്‍ ആറ് വരെയുള്ള ദിവസങ്ങളില്‍ മൊബൈല്‍ ഫോണ്‍ കടകളില്‍ തൊഴില്‍, സാമൂഹിക, ആഭ്യന്തര, മുനിസിപ്പല്‍, ടെലികോം, വാണിജ്യ മന്ത്രാലയങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ 1,975 സന്ദര്‍ശനങ്ങള്‍ നടത്തി. സ്വദേശിവല്‍ക്കരണം പാലിക്കാത്തതുമായി ബന്ധപ്പെട്ട 340 നിയമ ലംഘനങ്ങള്‍ റെയ്ഡുകള്‍ക്കിടെ കണ്ടെത്തി. ഇതില്‍ 312 സ്ഥാപനങ്ങള്‍ക്കെതിരായ കേസുകള്‍ ശിക്ഷ പ്രഖ്യാപിക്കുന്നതിന് പ്രത്യേക കമ്മിറ്റിക്ക് കൈമാറി. 51 സ്ഥാപനങ്ങള്‍ അടപ്പിക്കുകയും റെയ്ഡിനിടെ അടച്ചിട്ട നിലയില്‍ കണ്ടെത്തിയ 28 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കുകയും ചെയ്തു. ഏതാനും ബിനാമി സ്ഥാപനങ്ങളും പരിശോധനക്കിടെ കണ്ടെത്തി.
പരിശോധന നടത്തിയ സ്ഥാപനങ്ങളില്‍ 95 ശതമാനവും സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പാലിച്ചതായി കണ്ടെത്തി. 1,829 മൊബൈല്‍ ഫോണ്‍ കടകളാണ് സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പാലിച്ചതെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഫഹദ് അല്‍ഉവൈദി പറഞ്ഞു. റമസാന്‍ ഒന്നിനാണ് മൊബൈല്‍ ഫോണ്‍ കടകള്‍ക്ക് ആദ്യ ഘട്ട സ്വദേശിവല്‍ക്കരണം ബാധകമാക്കിയത്. ആദ്യ ഘട്ടത്തില്‍ 50 ശതമാനം സ്വദേശിവല്‍ക്കരണമാണ് പാലിക്കേണ്ടിയിരുന്നത്. ആദ്യ ഘട്ടം മൂന്ന് മാസം നീണ്ടുനിന്നു. ഇക്കാലയളവില്‍ കാല്‍ ലക്ഷത്തിലേറെ മൊബൈല്‍ ഫോണ്‍ കടകള്‍ സ്വദേശിവല്‍ക്കരണ വ്യവസ്ഥകള്‍ പാലിച്ചു. ആദ്യ ഘട്ടത്തില്‍ 3,670 മൊബൈല്‍ ഫോണ്‍ കടകളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഇതില്‍ 2,638 നിയമ ലംഘനങ്ങള്‍ ശിക്ഷ പ്രഖ്യാപിക്കുന്നതിന് പ്രത്യേക കമ്മിറ്റിക്ക് കൈമാറി. സ്വദേശിവല്‍ക്കരണം പാലിക്കാത്തതിന് 2,057 സ്ഥാപനങ്ങള്‍ അടപ്പിച്ചു.
പരിശോധനക്കിടെ അടച്ചിട്ട നിലയില്‍ കണ്ടെത്തിയ 1,023 മൊബൈല്‍ ഫോണ്‍ കടകള്‍ക്ക് നോട്ടീസ് നല്‍കിയതായും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മൊബൈല്‍ ഫോണ്‍ കടകളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സംയുക്തമായി ശക്തമായ പരിശോധനകള്‍ തുടരുകയാണ്. വിദേശികളെ ജോലിക്ക് വെക്കുന്ന സ്ഥാപനങ്ങള്‍ക്ക് 20,000 റിയാല്‍ വീതം പിഴ ചുമത്തുന്നുണ്ട്.
വിദേശികളില്‍ ഒരാള്‍ക്ക് 20,000 തോതിലാണ് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുന്നത്. മൊബൈല്‍ ഫോണ്‍ കടകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കെതിരെ മറ്റ് ശിക്ഷാ നടപടികളും സ്വീകരിക്കുന്നുണ്ട്. സ്വദേശിവല്‍ക്കരണം വിജയകരമായി നടപ്പാക്കുന്നതിന് അനുയോജ്യമായ സാഹചര്യങ്ങള്‍ ഒരുക്കുന്നതിനും, ഈ മേഖലയിലെ തൊഴിലുകള്‍ സ്വീകരിക്കുന്നതിനും നിക്ഷേപ സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും സ്വദേശി യുവതീയുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും ഏതാനും പദ്ധതികള്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും അനുബന്ധ സ്ഥാപനങ്ങളും നടപ്പാക്കിവരികയാണ്.