X

സംസ്ഥാന കോണ്‍ഗ്രസിന് യുവമുഖം; പുതിയ ഡിസിസി പ്രസിഡണ്ടുമാരെ പ്രഖ്യാപിച്ചു

കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന് ഇനി യുവരക്തത്തിന്റെ ഊര്‍ജ്ജം. പൂര്‍ണമായും പുതുമുഖങ്ങളേയും യുവാക്കളേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ ഡി.സി.സി പ്രസിഡണ്ടുമാരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. ആദ്യമായി ഒരു വനിത ഡി.സി.സി പ്രസിഡണ്ട് സ്ഥാനത്തെത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ബിന്ദു കൃഷ്ണയാണ് പുതിയ ചരിത്രമെഴുതി ഡി.സി.സി പ്രസിഡണ്ടാകുന്നത്.

നെയ്യാറ്റിന്‍കര സനല്‍ (തിരുവനന്തപുരം), ബിന്ദു കൃഷ്ണ (കൊല്ലം), ബാബു ജോര്‍ജ്ജ് (പത്തനംതിട്ട), എം. ലിജു (ആലപ്പുഴ ), ജോഷി ഫിലിപ്പ് (കോട്ടയം), ഇബ്രാഹിംകുട്ടി കല്ലാര്‍(ഇടുക്കി), പി.ജെ വിനോദ് (എറണാകുളം), ടി.എന്‍ പ്രതാപന്‍(തൃശൂര്‍), വി.കെ ശ്രീകണ്ഠന്‍(പാലക്കാട്), വി.വി പ്രകാശ്(മലപ്പുറം), ടി സിദ്ദീഖ് (കോഴിക്കോട്), ഐ.സി ബാലകൃഷ്ണന്‍(വയനാട്), സതീശന്‍ പാച്ചേനി(കണ്ണൂര്‍), ഹക്കീം കുന്നേല്‍(കാസര്‍കോട്) എന്നിവരാണ് പുതിയ ഡി.സി.സി പ്രസിഡണ്ടുമാര്‍.

ഗ്രൂപ്പ് സമവാക്യങ്ങള്‍ പരിഗണിക്കാതെയാണ് പുതിയ ജില്ലാ അധ്യക്ഷന്മാരെ നിശ്ചയിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. അതേസമയം ഏഴ് ജില്ലകളില്‍ അധ്യക്ഷ സ്ഥാനം ലഭിച്ചവര്‍ ഐ.ഗ്രൂപ്പില്‍ നിന്നുള്ളവരാണ്. എ ഗ്രൂപ്പില്‍നിന്നുള്ളവരും വി.എം സുധീരനെ പിന്തുണക്കുന്നവരും പട്ടികയില്‍ ഇടംപിടിച്ചു.

ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിലരെങ്കിലും പട്ടികയില്‍ നിന്നും ഒഴിവായിട്ടുണ്ട്. പി.സി വിഷ്ണുനാഥ്, ഡീന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പട്ടികയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കപ്പെടുകയായിരുന്നു. ഇതില്‍ പി.സി വിഷ്ണുനാഥ് എ.ഐ.സി.സി സെക്രട്ടറി സ്ഥാനത്ത് എത്തുമെന്ന് സൂചനയുണ്ട്. കൊല്ലം ജില്ലാ നേതൃത്വത്തില്‍ വിഷ്ണുനാഥ് വരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കോട്ടയം ജില്ലാ നേതൃത്വത്തിലേക്ക് പരിഗണിക്കപ്പെട്ടിരുന്ന ലതികാ സുഭാഷും അവസാന നിമിഷം തഴയപ്പെട്ടു.

പുനഃസംഘടനയില്‍ വനിതകള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. രണ്ട് ഡി.സി.സി പ്രസിഡണ്ട് സ്ഥാനങ്ങള്‍ വേണമെന്ന് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ബിന്ദു കൃഷ്ണക്ക് മാത്രമാണ് നറുക്ക് വീണത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വേണ്ടെന്ന നിലപാടില്‍ ഉറച്ചുനിന്ന ടി.എന്‍ പ്രതാപന് അര്‍ഹിക്കുന്ന അംഗീകാരമാണ് തൃശൂര്‍ ജില്ലാ ഡി.സി.സി പ്രസിഡണ്ട് പദത്തിലൂടെ ഹൈക്കമാന്‍ഡ് നല്‍കിയത്. ഡി.സി.സി അധ്യക്ഷ സ്ഥാനത്ത് പുതുമുഖങ്ങള്‍ ആണെങ്കിലും കെ.പി.സി.സി നേതൃത്വത്തിലും പോഷക സംഘടനാ ഭാരവാഹിത്വത്തിലും പ്രവര്‍ത്തിച്ചതിന്റെ പരിചയവുമായാണ് എല്ലാവരും പുതിയ പദവിയില്‍ എത്തുന്നത്. സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ മാത്രമാണ് പട്ടികയില്‍ ഇടംപിടിച്ച ഏക നിയമസഭാംഗം.

chandrika: