X

ഷാഹിദ് ഖാകാന്‍ അബ്ബാസി ഇടക്കാല പാക് പ്രധാനമന്ത്രി

ഇസ്്‌ലാമാബാദ്: പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി മുന്‍ പെട്രോളിയം മന്ത്രി ഷാഹിദ് ഖാകാന്‍ അബ്ബാസിയെ പാക് പാര്‍ലമെന്റ് തെരഞ്ഞെടുത്തു. സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് രാജിവെച്ച നവാസ് ശരീഫിന്റെ പിന്‍ഗാമിയായി സഹോദരന്‍ ഷഹ്ബാസ് ചുമതലയേല്‍ക്കുന്നതുവരെ ഇടക്കാല പ്രധാനമന്ത്രിയായി അബ്ബാസി തുടരും. ഭരണകക്ഷിയായ പാകിസ്താന്‍ മുസ്്‌ലിം ലീഗി(എന്‍)ന് ഭൂരിപക്ഷമുള്ള പാര്‍ലമെന്റില്‍ അബ്ബാസിയുടെ വിജയം ഉറപ്പായിരുന്നു. നിരവധി ചെറുപാര്‍ട്ടികളും അദ്ദേഹത്തെ സഹായിച്ചു.
പനാമ കേസില്‍ കുടുങ്ങിയ നവാസ് ശരീഫിനെ സുപ്രീംകോടതി അയോഗ്യനാക്കിയതോടെയാണ് പാകിസ്താനില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.
ശരീഫിനും കുടുംബത്തിനും വിദേശത്ത് അനധികൃത സമ്പാദ്യമുണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വിവരം പാര്‍ലമെന്റ് സ്പീക്കര്‍ അറിയിച്ചപ്പോള്‍ അബ്ബാസി ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റ് പാര്‍ട്ടി നേതാക്കളെ ആശ്ലേഷിച്ചു.
നവാസ് ശരീഫിന്റെ സഹോദരനായ ഷഹ്ബാസ് പാര്‍ലമെന്റ് അംഗമല്ല. ഇടക്കാല തെരഞ്ഞെടുപ്പിലൂടെ അദ്ദേഹം പാര്‍ലമെന്റില്‍ എത്തുന്നതോടെ അബ്ബാസി രാജിവെച്ച് പുതിയ പ്രധാനമന്ത്രിക്ക് കസേര ഒഴിഞ്ഞുകൊടുക്കും. ലാഹോറിലെ എന്‍എ-120 സീറ്റില്‍ മത്സരിക്കാനാണ് ഷഹ്ബാസ് ആലോചിക്കുന്നത്. രണ്ടു മാസത്തിനകം ഷഹ്ബാസ് ചുമതലയേല്‍ക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ശരീഫിന്റെ വിശ്വസ്തനാണ് അബ്ബാസി.
45 മണിക്കൂറിലേക്കായാലും 48 ദിവസത്തേക്കായാലും താനിപ്പോള്‍ പാകിസ്താന്റെ പ്രധാനമന്ത്രിയാണെന്ന് അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു. അബ്ബാസിയും അഴിമതി ആരോപണത്തില്‍നിന്ന് മുക്തനല്ല. പ്രകൃതിവാതക കരാറുകള്‍ നല്‍കിയതില്‍ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ അന്വേഷണം നേരിടുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് പ്രതിപക്ഷം പറയുന്നു.

chandrika: