കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒരു സീരിയല്‍ നടിയും മോഡലും തട്ടിപ്പുസംഘത്തിന്റെ ഇരയായി എന്നാണ് പൊലീസ് പറയുന്നത്. ആലപ്പുഴ സ്വദേശിനിയായ മോഡലും കടവന്ത്രയില്‍ താമസമാക്കിയ സീരിയല്‍ നടിയുമാണ് തട്ടിപ്പിന് ഇരയായത്.
രണ്ടു പേരും മരട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞാണ് ഇവരില്‍ നിന്ന് പണവും ആഭരണവും തട്ടിയത്. സംഭവത്തില്‍ സിനിമാ മേഖലയില്‍ നിന്നുള്ള ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നുണ്ടെന്ന് ഐ.ജി വിജയ് സാഖറെ പറഞ്ഞു.
കേസില്‍ നിലവില്‍ ഏഴു പ്രതികളാണ് ഉള്ളത് എന്നും വിശദാന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കി. തട്ടിപ്പിന്നിരയായ ചിലരെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കി എന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികള്‍ക്ക് എങ്ങനെയാണ് ഷംന കാസിമിന്റെ സ്വകാര്യ നമ്പര്‍ കിട്ടിയതെന്ന് പരിശോധിക്കും. വലിയ കുടുംബവും ബിസിനസുകാരുമാണെന്ന് പറഞ്ഞാണ് പ്രതികള്‍ പരിചയം സ്ഥാപിക്കുന്നത്. പരിചയം വളര്‍ന്നാല്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് പണവും സ്വര്‍ണവും ആവശ്യപ്പെടുന്നതാണ് രീതി. പണം ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആക്കും. സിം കാര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്യും.
അതിനിടെ, ഷംന കാസിമിന് പിന്തുണ നല്‍കുമെന്ന് താരസംഘടന ‘അമ്മ’ വ്യക്തമാക്കി. ആവശ്യമെങ്കില്‍ നിയമനടപടികള്‍ക്ക് സഹായം നല്‍കുമെന്നാണ് നേതൃത്വം അറിയിച്ചിട്ടുള്ളത്.
ഷംനയില്‍ നിന്ന് പ്രതികള്‍ 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നാണ് റിപ്പോര്‍ട്ട്. ദുബായിലെ ബിസിനസിനു വേണ്ടി എന്ന് തെറ്റദ്ധരിപ്പിച്ച് പണം തട്ടാനായിരുന്നു ശ്രമം. പ്രതി ഷംനയെ വിളിച്ചത് അന്‍വര്‍ എന്ന പേരിലായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത റഫീഖ് ആണ് അന്‍വര്‍ ആയി അഭിനയിച്ചത്. ഇയാള്‍ രണ്ട് കുട്ടികളുടെ പിതാവാണ്.
കുടുംബം വഴി വന്ന വിവാഹാലോചന ആയതിനാല്‍ ആദ്യം സംശയിച്ചില്ലെന്ന് നടി പറയുന്നു. എന്നാല്‍ പെട്ടെന്ന് പണം ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നി. ദുബായില്‍ സ്വര്‍ണ്ണക്കടയുണ്ടെന്ന് പ്രതികള്‍ പറഞ്ഞു. വീഡിയോ കോള്‍ വിളിക്കാന്‍ ഷംന ആവശ്യപ്പെട്ടതോടെ പ്രതി ഫോണ്‍ സ്വിച്ച് ഓഫ് ആക്കി. പിന്നീടാണ് ഭീഷണി തുടങ്ങിയതെന്നും ഷംന പൊലീസിന് മുമ്പില്‍ മൊഴി നല്‍കി.