ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധിയെ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് വീണ്ടും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആസ്പത്രിയിലാണ് വ്യാഴാഴ്ച രാത്രിയോടെ ശ്വാസതടസത്തെ തുടര്‍ന്ന് കരുണാനിധിയെ എത്തിച്ചത്. രണ്ടാഴ്ചക്കിടയില്‍ രണ്ടാം തവണയാണ് ഗുരുതര ആരോഗ്യപ്രശ്‌നവുമായി കരുണാനിധിയെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നത്.കഴിഞ്ഞയാഴ്ച ഒരാഴ്ച നീണ്ട ആസ്പത്രി വാസത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെയാണ് വീണ്ടും ആരോഗ്യപ്രശ്‌നം മൂര്‍ച്ഛിച്ചത്.
ശ്വാസകോശ അണുബാധയും തൊണ്ടയില്‍ അണുബാധയും മൂലമാണ് മുന്‍ മുഖ്യമന്ത്രിയെ പ്രവേശിപ്പിച്ചതെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും കാവേരി ആസ്പത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി.വിദഗ്ധ ഡോകടര്‍മാരുടെ സംഘമാണ് എം കരുണാനിധിക്ക് ചികില്‍സ നല്‍കുന്നത്. അണുബാധ മൂലം ശ്വാസ തടസം അനുഭവപ്പെടുന്നുണ്ടെങ്കിലും ചികില്‍സയില്‍ പുരോഗതിയുള്ളതായി അധികൃതര്‍ പ്രതികരിച്ചു.
മരുന്നു മൂലം അലര്‍ജി അനുഭവപ്പെട്ടതിനാല്‍ ഒരു മാസത്തോളമായി പൊതുപരിപാടികളില്‍ നിന്ന് കരുണാനിധി വിട്ടുനില്‍ക്കുകയായിരുന്നു. മക്കളായ എം.കെ സ്റ്റാലിന്‍, കനിമൊഴി എന്നിവരും മുതിര്‍ന്ന ഡിഎംകെ നേതാവ് ടി.ആര്‍ ബാലുവും കരുണാനിധിയെ സന്ദര്‍ശിച്ചു