X

ശീത സമ്മേളനത്തിലെ ഉഷ്ണക്കാറ്റ്

ജീവല്‍ പ്രതിസന്ധിയുടെ തീക്ഷ്ണതയില്‍ രാജ്യം വെന്തുരുകുന്നതിന്റെ പ്രതിഫലനമാണ് പാര്‍ലമെന്റില്‍ പ്രക്ഷ്ബ്ധമായി പതഞ്ഞുപൊങ്ങുന്നത്. സാമ്പത്തിക അടിയന്തരാവസ്ഥയിലൂടെ രാജ്യത്തെ അരാജകത്വത്തിലേക്കു തള്ളിയിട്ട സ്വേഛാധിപത്യത്തിനെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന്റെ അനുരണനങ്ങള്‍ ശീതകാല സമ്മേളനത്തിന്റെ ആദ്യദിനം കണ്ടു. ശ്രദ്ധയും കരുതലുമില്ലാതെ സമീപ കാലങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച പല നിലപാടുകളും ഇഴകീറി പരിശോധിക്കാന്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷം ഒന്നടങ്കം തീരുമാനിച്ചാല്‍ ഇന്ദ്രപ്രസ്ഥത്തിന് ഈ ശൈത്യകാലം അത്ര കുളിരാകില്ല. സംശയങ്ങളില്‍ ബാക്കിവച്ച രണ്ടു സര്‍ജിക്കല്‍ സ്‌ട്രൈക്കുകളും പ്രായോഗിക പരിഹാരങ്ങള്‍ കാണാത്ത കശ്മീര്‍ പ്രക്ഷോഭവും ദലിത് പീഡനങ്ങളും ഏക സിവില്‍കോഡും കര്‍ഷക ആത്മഹത്യകളും ഇനിയും കണ്ടെത്താനാവാത്ത ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദുമെല്ലാം വരും നാളുകളില്‍ പാര്‍ലമെന്റില്‍ തീപ്പാറും ചര്‍ച്ചകള്‍ക്ക് വഴിവക്കുമെന്നര്‍ത്ഥം.

അതിസങ്കീര്‍ണമായ ഭരണ വൈകല്യങ്ങളുടെ കനല്‍പഥങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സൃഷ്ടിപരവും നിര്‍മാണാത്മകവുമായ നടപടികളല്ല നരേന്ദ്രമോദി നടപ്പാക്കുന്നത്. നയതന്ത്ര കാര്യങ്ങളിലും ആഭ്യന്തര സുരക്ഷിതത്വത്തിലും സാമ്പത്തിക ആസൂത്രണത്തിലും സാമൂഹിക ഇടപെടലുകളിലുമെല്ലാം ഇത് പ്രകടമാണ്. ഉപരി സഭയിലെ കേവലഭൂരിപക്ഷത്തിന്റെ തന്‍പ്രമാണിത്തം മോദിയുടെ വാക്കുകളിലുംപ്രവൃത്തികളിലും വ്യക്തമാകുന്നു. രാഷ്ട്ര ഭരണത്തിന്റെ വൈഭവമില്ലാത്തതും കൂട്ടുത്തരവാദിത്വത്തിന്റെ കാമ്പറിയാത്തതും തെല്ലൊന്നുമല്ല രാജ്യത്തെ അലട്ടുന്നത്. പവിത്രമായ പൈതൃകത്തിലും പാരമ്പര്യത്തിലും പാരസ്പര്യത്തിലും വിള്ളലുണ്ടാക്കിയാണ് കേന്ദ്ര ഭരണം മുന്നോട്ടു പോകുന്നത്. സാമൂഹിക ഘടനയില്‍ ഇതിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ അഗ്നിജ്വാലകളായി പടര്‍ന്നു പന്തലിക്കുകയാണ്. കോര്‍പ്പറേറ്റ് ഉപദേശ നിര്‍ദേശങ്ങള്‍ക്കനുസൃതമായി രാഷ്ട്രതന്ത്രം മെനയുന്നത് സൃഷ്ടിപരമായ വികസനങ്ങള്‍ക്ക് വിഘാതമാവുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ഭാഷയിലെ രണ്ടു ‘സര്‍ജിക്കല്‍ സ്‌ട്രൈക്കു’കളും സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്നത് ഇക്കാരണങ്ങള്‍ കൊണ്ടാണ്.

ഭീകരവാദത്തെയും കള്ളപ്പണയത്തെയും പ്രതിരോധിക്കാനെന്ന പേരിലാണ് ഇവ രണ്ടും അവതരിപ്പിച്ചത്. എന്നാല്‍ ഇക്കാര്യങ്ങളില്‍ എന്തു നേട്ടമുണ്ടായെന്ന പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ വ്യക്തമായ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിനായില്ല. ഊഹങ്ങളും വിചാരങ്ങളും പെരുപ്പിച്ചവതരിപ്പിക്കുകയല്ലാതെ പ്രായോഗിക നേട്ടങ്ങള്‍ മുന്‍നിര്‍ത്തിയുള്ള മറുപടികളായിരുന്നില്ല പലതും. ആദ്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷിതത്വത്തിനു വേണ്ടിയായിരുന്നുവെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല. പക്ഷേ, ഇവയുടെ സാംഗത്യത്തില്‍ സംശയമുയരാനുള്ള കാരണമെന്താണ്? സടകുടഞ്ഞെഴുന്നേറ്റുള്ള ഈ ആക്രമണത്തില്‍ എത്ര ഭീകരവാദികള്‍ വെടിയേറ്റുവീണു? എത്ര തീവ്രവാദികളെ പിടികൂടാനായി? അതിര്‍ത്തിയില്‍ നിന്നുള്ള നുഴഞ്ഞുകയറ്റങ്ങളുടെ എത്ര ഉറവിടങ്ങള്‍ കണ്ടെത്താനായി? സമാധാന കരാറുകളുടെ സര്‍വ അതിര്‍വരമ്പുകളും അതിലംഘിക്കുന്ന പാകിസ്താനെ ഈ മിന്നലാക്രമണത്തിലൂടെ എന്തു പാഠം പഠിപ്പിക്കാനായി? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം ബാക്കിവച്ചതാണ് ആദ്യ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ സംശയത്തിന്റെ മുള്‍മുനിയില്‍ നിര്‍ത്തിയത്. രാഷ്ട്രീയ നേട്ടത്തിന് സൈന്യത്തെ ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തെ അത്ര നിസാരമായി കണ്ടുകൂടാ.

പാകിസ്താനെതിരെയുള്ള പോരാട്ടമായതും രാജ്യത്തിന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന നടപടിയായതും ഭീകരവാദത്തെ അതിന്റെ താവളത്തില്‍ കയറി കശാപ്പുചെയ്യുക എന്ന ഉദ്ദേശ്യമായതും കൊണ്ടാണ് രാജ്യം ഒന്നടങ്കം അതിനെ അംഗീകരിച്ചത്. കേന്ദ്ര സര്‍ക്കാറിന്റെ ഈ നടപടിക്ക് കക്ഷിരാഷ്ട്രീയത്തിന് അതീതമായി പിന്തുണ ലഭിച്ചതും ഇക്കാരണത്താലാണ്. എന്നാല്‍ പിന്നീടു വന്ന വാര്‍ത്തകളും വെളിപ്പെടുത്തലുകളും ഇതിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്തപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരം മുട്ടിപ്പോകുന്നതാണ് ആശങ്കയുയര്‍ത്തിയത്.

സാമ്പത്തിക അടിയന്തരാവസ്ഥ സൃഷ്ടിച്ച രണ്ടാമത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്കും ഇതേ വഴി തന്നെയല്ലെ തുറന്നുവച്ചത്. കള്ളപ്പണക്കാരെ പടിച്ചുകെട്ടാനും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനുമുള്ള നീക്കത്തെ പ്രഥമദൃഷ്ട്യാ രാജ്യം ഒന്നടങ്കം അംഗീകരിക്കുകയായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങള്‍ ഇത് നടപ്പിലാക്കിയ രീതികളിലെ പാളിച്ചകള്‍ ഒരോന്നും പുറത്തുകൊണ്ടുവരികയാണുണ്ടായത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതും ബാങ്കിങ് സംവിധാനം താളംതെറ്റിയതും ജീവിതം ദുസ്സഹമായതും പട്ടണിയിലേക്ക് കൂപ്പുകുത്തിയതും ഈ ഒമ്പതാം ദിവസത്തിലും ജനം അനുഭവിക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥക്ക് ഒറ്റ രാത്രി കൊണ്ട് കൂച്ചുവിലങ്ങിടാമെന്ന മിഥ്യാ ധാരണയാണ് കേന്ദ്ര സര്‍ക്കാറിന്റെ ഈ പരിഷ്‌കാര നടപടികള്‍ പാളാനുള്ള പ്രധാന കാരണം. കള്ളപ്പണത്തിന്റെ ബഹുഭൂരിഭാഗവും വിദേശ ബാങ്കുകളിലാണെന്നും അതെല്ലാം കയ്യോടെ പിടികൂടി ഒരോ പൗരന്റെയും അക്കൗണ്ടുകളിലേക്ക് പതിനഞ്ചു ലക്ഷം വീതം നിക്ഷേപിക്കുമെന്നും വീമ്പു പറഞ്ഞവര്‍ ഇപ്പോള്‍ പഴയ വാക്കുകള്‍ വിഴുങ്ങാന്‍ മത്സരിക്കുകയാണ്. സാധാരണക്കാരുടെ ജീവിതം ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന സഹകരണ ബാങ്കുകളിലാണ് കള്ളപ്പണമെന്ന പുതിയ കണ്ടുപിടുത്തമാണ് ഈ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ബാക്കിപത്രം. മദ്യരാജാവ് വിജയം മല്യയുടേതടക്കമുള്ള വന്‍ സ്രാവുകളുടെ 7016 കോടിയുടെ കിട്ടാക്കടം എഴുതിത്തള്ളിയ കേന്ദ്ര സര്‍ക്കാറിന്റെ ആത്മാര്‍ത്ഥയില്‍ ഇനിയും വെള്ളമൊഴിക്കുന്നുവെന്ന് വിലപിക്കുന്നതിലെന്തര്‍ത്ഥം?

കശ്മീര്‍ പ്രക്ഷോഭവും ദലിത് പീഡനവും കര്‍ഷക ആത്മഹത്യകളും ഏക സിവില്‍കോഡും സര്‍ക്കാര്‍ വിരുദ്ധ വികാരങ്ങളായി കത്തിയാളി നില്‍ക്കുമ്പോള്‍ കണ്ണു ചിമ്മി ഇരുട്ടാക്കുന്ന ചെപ്പടി വിദ്യകള്‍ മാത്രമാണിത്. ഇതിനെതിരെ രാജ്യ വികാരം ഒന്നിച്ചൊന്നായ് തൂവിത്തിളക്കുമ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് ധാര്‍മികമായ ഉത്തരവാദിത്വം വര്‍ധിക്കുകയാണ്. രാജ്യത്തെ അരക്ഷിതത്വത്തിന്റെയും അരാജകത്വത്തിന്റെയും ആഴക്കടലിലേക്ക് തള്ളിയിടാനുള്ള ഭരണകൂട താത്പര്യങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി കൈക്കോര്‍ക്കണം. രാജ്യ താത്പര്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും പൗരാവകാശങ്ങളെ സംരക്ഷിക്കാനും കണ്ണിലെണ്ണയൊഴിച്ച് കരുതലോടെ കാവലിരിക്കേണ്ട കാലമാണിത്.

chandrika: