ചെന്നൈ: ജയലളിതക്കു ശേഷം എ.ഐ.എ.ഡി.എം.കെയുടെ നിയന്ത്രണം ആര്‍ക്ക് എന്ന ചോദ്യത്തിന് ഇതുവരെയുള്ള ഉത്തരമായിരുന്നു വി.കെ ശശികല. അമ്മയില്ലെങ്കില്‍ ചിന്നമ്മ എന്നത് ജയലളിതയുടെ മരണത്തിനു ശേഷം തമിഴ് ജനത ഏറ്റെടുത്ത മുദ്രാവാക്യം തന്നെയായി മാറിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞത് പെട്ടെന്നാണ്.
ഒരു രാത്രിയുടെ വെളിപാടില്‍ ഒ പന്നീര്‍ശെല്‍വം നടത്തിയ പടപ്പുറപ്പാട് എ.ഐ.എ.ഡി.എം.കെ അണികളെ മാത്രമല്ല, തമിഴ് രാഷ്ട്രീയത്തെ ആകെ പിടിച്ചുലയ്ക്കുന്നതായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെത്താന്‍ ശശികല എല്ലാ ഒരുക്കങ്ങളും നടത്തി കാത്തിരിക്കുമ്പോഴായിരുന്നു പന്നീര്‍ശെല്‍വത്തിന്റെ ഭാഗത്തുനിന്നുള്ള അപ്രതീക്ഷിത ഇരുട്ടടി.
പാര്‍ട്ടിതന്നെ പിളര്‍പ്പിലേക്ക് നീങ്ങി. തൊട്ടു പിന്നാലെ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സുപ്രീംകോടതി വിധി കൂടി വന്നതോടെ ശശികല ജയിലിലായി. എടപ്പാടി പളനിസാമിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തെങ്കിലും വിശ്വസ്തനും അനന്തിരവനും മന്നാര്‍ഗുഡി സംഘത്തിന്റെ തലവനുമായ ടി.ടി.വി ദിനകരന്റെ കൈയില്‍ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏല്‍പ്പിച്ചാണ് ശശികല ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലെത്തിയത്.
ജയലളിതയുടെ മരണത്തെതുടര്‍ന്ന് ഒഴിവുവന്ന ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ ടി.ടി.വി ദിനകരനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ തമിഴ്‌നാടിന്റെ ഭരണം മന്നാര്‍ഗുഡി സംഘത്തിന്റെ കൈകളില്‍ ഒതുങ്ങുമെന്ന അഭ്യൂഹം ശക്തമായിരുന്നു. വൈകാതെ തന്നെ ദിനകരന്‍ മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കപ്പെടുമെന്ന വാര്‍ത്തകളും വന്നു. ദിനകരന്റെ സ്ഥാനാര്‍ത്ഥിത്വം തന്നെ ശശികല ക്യാമ്പില്‍ ഭിന്നതക്ക് വിത്തുപാകിയിരുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെ പലരും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് വിട്ടുനിന്നു. ഇതിനിടെ വോട്ടര്‍മാര്‍ക്ക് വ്യാപകമായി പണം നല്‍കുന്നുവെന്ന ആരോപണങ്ങളെതുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് റദ്ദാക്കി. തൊട്ടു പിന്നാലെ ഔദ്യോഗിക ചിഹ്നത്തിനു വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചെന്ന ആരോപണങ്ങളില്‍ ദിനകരനെതിരെ ഡല്‍ഹി പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതോടെയാണ് ശശികല ക്യാമ്പ് പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്. മുതിര്‍ന്ന നേതാക്കളും മന്ത്രിമാരും ഉള്‍പ്പെടെ പലരും തങ്ങളുടെ പക്ഷത്തെത്തുമെന്ന് ഒ.പി.എസ് ക്യാമ്പിലെ മുതിര്‍ന്ന നേതാക്കള്‍ തന്നെ വെളിപ്പെടുത്തി.
234 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 118 അംഗങ്ങളുടെ പിന്തുണ വേണം. നിലവില്‍ 122 പേരുടെ പിന്തുണ സര്‍ക്കാറിനുണ്ട്. എന്നാല്‍ ശശികലക്കും ദിനകരനും എതിരായ എതിര്‍പ്പ് ഭിന്നതയിലേക്ക് നീങ്ങിയാല്‍ സര്‍ക്കാറിന്റെ നിലനില്‍പ്പു തന്നെ ഭീഷണിയിലാകും. ആറ് എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാര്‍ വീഴും. ഇതോടെയാണ് ശശികലയേയും ദിനകരനേയും ഒഴിവാക്കി ഐക്യ ചര്‍ച്ചകളിലേക്ക് നീങ്ങാന്‍ പളനിസാമിയെ പ്രേരിപ്പിച്ചത്.
ആഭ്യന്തര വഴക്കിന് തുടക്കമിട്ടതിനു പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയില്‍ പന്നീര്‍ശെല്‍വത്തെ ശശികല വിഭാഗം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഒ.പി.എസ് എന്ന മുന്‍ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഭാവി ഇതോടെ ഏറെക്കുറെ അവസാനിച്ചെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ആ കണക്കുകൂട്ടലുകളാണ് ഇപ്പോള്‍ പിഴക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തുന്നത് മാത്രമല്ല, ശശികലയേയും ദിനകരനേയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനുള്ള കരുനീക്കത്തിലും അദ്ദേഹം വിജയം കാണുന്നുവെന്നാണ് അവസാനവട്ട ലയന ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത്.
- 8 years ago
chandrika
Categories:
Video Stories