ശമ്പളവും പെന്‍ഷനും നല്‍കാന്‍ 1200 കോടി രൂപ ട്രഷറിയിലേക്ക് കറന്‍സിയായി ഉടന്‍ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിന് ധനകാര്യ സെക്രട്ടറി കത്തെഴുതിയതായി ധനമന്ത്രി തോമസ് ഐസക്.
ഇത്രയും തുക ലഭിച്ചില്ലെങ്കില്‍ ട്രഷറി പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമെന്നും തോമസ് ഐസക് പറഞ്ഞു.കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കലിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഓരോ ദിവസവും പുതിയ ഉത്തരവുകള്‍ ഇറക്കിക്കൊണ്ടിരിക്കുകയാണ്, ഇത് കേന്ദ്ര സര്‍ക്കാരിന്റെ വീക്ഷണമില്ലായ്മയാണ് സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കൈമാറുന്നത് 29 മുതലാണ്.
ശമ്പളവും പെന്‍ഷനും മുഴുവനായും പിന്‍വലിക്കാന്‍ അനുവദിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. നോട്ടു പിന്‍വലിക്കലിന് ശേഷം കണക്കില്‍പ്പെടാത്ത പണം നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ഇക്കാര്യം വെളിപ്പെടുത്തി 50 ശതമാനം നികുതി ഒടുക്കി ബാക്കി പണം നിക്ഷേപകന് സ്വന്തമാക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇങ്ങനെ പണം വെളുപ്പിക്കുന്നവരില്‍ വ്യാപാരികളുണ്ടെങ്കില്‍ അതിനാനുപാതികമായി വാറ്റുള്‍പ്പെടെ സംസ്ഥാനസര്‍ക്കാരിന് ലഭിക്കേണ്ട നികുതികള്‍ ഉള്‍പ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു
സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയോ ആസ്പത്രികളിലെയോ സേവനങ്ങള്‍ക്കായി സഹകരണ ബാങ്കുകളിലെ ചെക്കുകളുപയോഗിക്കാനനുവദിക്കുന്ന പദ്ധതി ആലോചനയിലുണ്ട്. സഹകരണ ബാങ്കുകള്‍ സ്വകാര്യ സ്ഥാപനങ്ങളുമായി ധാരണയിലെത്തുകയാണെങ്കില്‍ അത്തരം സ്ഥാപനങ്ങളിലും സഹകരണ ബാങ്കുകളുടെ ചെക്കുകള്‍ ഉപയോഗിക്കാം. കേന്ദ്രസര്‍ക്കാരിന്റെ പുതിയ സാമ്പത്തിക നയങ്ങള്‍ മൂലം വാണിജ്യനികുതി വരുമാനം കുറയുമെന്നാണ് കണക്കാക്കുന്നത്. അതിനാല്‍ മുമ്പ് കിട്ടാനുള്ള വാണിജ്യനികുതി പിരിച്ചെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ശ്രദ്ധയൂന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.