X

വോട്ടോടെയുള്ള ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം- ചര്‍ച്ചയാവാം, വോട്ടിനില്ലെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം ബുധനാഴ്ച  പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചു. ഇതേതുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. സര്‍ക്കാര്‍ തീരുമാനം സംബന്ധിച്ച് വോട്ടോടെയുള്ള ചര്‍ച്ച വേണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. ചര്‍ച്ചയാവാമെങ്കിലും വോട്ട് അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലേക്ക് നീങ്ങി. എന്‍.ഡി.എ സഖ്യകക്ഷികളായ എസ്.എ.ഡിയും പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നതോടെ മുമ്പെങ്ങുമില്ലാത്ത പ്രതിഷേധമാണ് സര്‍ക്കാര്‍ നേരിടേണ്ടി വന്നത്. ഒന്നിലധികം തവണ സഭ നിര്‍ത്തിവെച്ച് വീണ്ടും ചേര്‍ന്നെങ്കിലും പ്രതിഷേധം തുടര്‍ന്നതോടെ പിരിയുകയായിരുന്നു. ശീതകാല സമ്മേളനത്തിന് ബുധനാഴ്ചയാണ് തുടക്കമായത്. ആദ്യദിനം രാജ്യസഭ മാത്രമാണ് സമ്മേളിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ബുധനാഴ്ച രാജ്യസഭയിലുണ്ടായത്.

ബുധനാഴ്ച ലോക്‌സഭ കൂടി സമ്മേളിച്ചതോടെ ഇരുസഭകളിലും പ്രതിഷേധം അണപൊട്ടി. ലോക്‌സഭ സമ്മേളിച്ച ഉടന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം സുധീപ് ബാന്ദോപാധ്യായ ചട്ടം 56 പ്രകാരം നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തു നല്‍കി. തൊട്ടു പിന്നാലെ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും അടിയന്തര പ്രമേയാവതരണത്തിന് അനുമതി തേടി. ആര്‍.ജെ.ഡി, എന്‍.ഡി.എ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ (എസ്.എ.ഡി) എന്നിവയും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി. സഭാ നടപടികള്‍ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. ഇതോടെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. കനത്ത ബഹളത്തിനിടെ ചോദ്യോത്തര വേള പൂര്‍ത്തിയാക്കി 25 മിനുട്ട് നേരത്തേക്ക് സഭ നിര്‍ത്തിവെക്കുന്നതായി സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിച്ചു. ഇടവേളക്കു ശേഷം സഭ സമ്മേളിച്ചപ്പോഴും ചട്ടം 56 പ്രകാരം ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. സര്‍ക്കാര്‍ തീരുമാനം കാരണം ജനം മുഴുവന്‍ പെരുവഴിയിലാണെന്നും തുല്യതയില്ലാത്ത ദുരിതമാണ് രാജ്യം നേരിടുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. മുന്നൊരുക്കങ്ങളില്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നടപ്പാക്കിയത്. നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ചോര്‍ന്നത് ഗുതുരമായ വീഴ്ചയാണ്. ഇതേക്കുറിച്ചും പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ വാദിച്ചു. അതേസമയം ചട്ടം 193 പ്രകാരം വോട്ടിങ് ഇല്ലാതെയുള്ള ചര്‍ച്ചക്ക് സര്‍ക്കാര്‍ സന്നദ്ധമാണെന്ന് അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കിയ പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത്കുമാര്‍ വ്യക്തമാക്കി. ജനങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമാണ്. കള്ളപ്പണവും കള്ളനോട്ടുകളും അവസാനിപ്പിക്കാന്‍ ജനം അഗ്രഹിക്കുന്നു. നിങ്ങളും ഞങ്ങള്‍ക്കൊപ്പം നില്‍ക്കണം. പാര്‍ലമെന്റില്‍ ഇക്കാര്യത്തില്‍ രണ്ടു ശബ്ദം ഉയരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അനന്ത്കുമാര്‍ പറഞ്ഞു. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയ നോട്ടീസുകളെല്ലാം ഒരുമിച്ച് തള്ളി. ഇതോടെ ബഹളം വീണ്ടും മൂര്‍ച്ചിച്ചു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, എസ്.പി, ആര്‍.ജെ.ഡി, എ. എ. പി, എ. ഐ .എ. ഡി. എം. കെ തുടങ്ങിയ കക്ഷികളെല്ലാം ഒരുമിച്ച് സര്‍ക്കാറിനെതിരെ രംഗത്തെത്തി. നടുത്തളത്തിലേക്ക് നീങ്ങിയ പ്രതിപക്ഷം ‘പ്രധാനമന്ത്രി മറുപടി പറയണം’, ‘നാണക്കേട്, നാണക്കേട്’ തുടങ്ങി മുദ്രാവാക്യങ്ങളുമായി സര്‍ക്കാറിനെതിരെ തിരിഞ്ഞു. ഇടക്ക് എ. ഐ .എ.ഡി.എം.കെ അംഗങ്ങളും നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളി തുടങ്ങി. കര്‍ണാടക നീതി പാലിക്കുക, കാവേരി വെള്ളം വിട്ടു തരിക തുടങ്ങിയ മുദ്രാവാക്യം വിളികളുമായിട്ടായിരുന്നു അണ്ണാ ഡി.എം.കെ എം. പിമാരുടെ പ്രതിഷേധം. പ്രതിഷേധം മൂര്‍ച്ചിച്ചതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

chandrika: