X

വേങ്ങര ഉപതെരഞ്ഞെടുപ്പ്, സ്വതന്ത്രരെ തേടി സി.പി.എം

 

ഇഖ്ബാല്‍ കല്ലുങ്ങല്‍
മലപ്പുറം
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സി.പി.എം സ്ഥാനാര്‍ത്ഥിയെ തേടുന്നു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ സി.പി.എം മത്സരിച്ച സീറ്റില്‍ ഇക്കുറി പാര്‍ട്ടി ഏറ്റെടുക്കേണ്ടതില്ലെന്നാണ് ഭൂരിഭാഗം നേതാക്കളും സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. ഏത് ഘടകകക്ഷിയായിരിക്കും മത്സരിക്കുകയെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി ഇന്നലെ പ്രതീകരിച്ചത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലും തുടര്‍ന്നു നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് കനത്ത മങ്ങലേല്‍പ്പിച്ച പരാജയമാണ് വേങ്ങരയില്‍ നേരിട്ടത്.
ആഴമേറിയ പരാജയം ഏറ്റുവാങ്ങാന്‍ കഴിയില്ലെന്നതാണ് മത്സരിക്കുന്നതില്‍ നിന്നും പല മുതിര്‍ന്ന സി.പി.എം നേതാക്കളെയും പിന്തിരിപ്പിക്കുന്നത്. ഇടതിനു പരാജയം ഉറപ്പായ മണ്ഡലമാണ് വേങ്ങര. 2017 ഏപ്രിലില്‍ മലപ്പുറം ലോക്‌സഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍ മാത്രം മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് 40,529 വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയിരുന്നു. 2011 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 38237 വോട്ടിന്റെ ഭൂരിപക്ഷമാണ് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്.2014 -ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഇ .അഹമ്മദിന് 42632 ഭൂരിപക്ഷം ലഭിച്ചിരുന്നു. 2016ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി 38057 ന്റെ വോട്ട് നേടി .
2008 ലെ നിയമസഭ പുനര്‍നിര്‍ണ്ണയത്തില്‍ പിറന്ന വേങ്ങര നിയോജക മണ്ഡലം തിരൂരങ്ങാടി താലൂക്കിലെ വേങ്ങര, കണ്ണമംഗലം, എ.ആര്‍ നഗര്‍, ഊരകം, പറപ്പൂര്‍, ഒതുക്കുങ്ങല്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തിയാണ് രൂപീകരിച്ചത്. പഴയ മലപ്പുറം, തിരുരങ്ങാടി, താനൂര്‍ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് വേങ്ങര മണ്ഡലം.
വേങ്ങര മണ്ഡലത്തില്‍ 2011ല്‍ ആദ്യ പരീക്ഷണത്തിനു ഇടതു മുന്നണി രംഗത്തിറക്കിയത് ഐഎന്‍എല്‍നെയാണ്. കൈപ്പേറിയ തോല്‍വിയെ തുടര്‍ന്ന് 2016ലെ തെരഞ്ഞെടുപ്പില്‍ നിന്നും ഐഎന്‍എല്‍ ഒളിച്ചോടി. തങ്ങള്‍ മത്സരിക്കുന്നില്ലെന്ന് സി.പി.എമ്മിനെ അറിയിക്കുകയായിരുന്നു. മറ്റു ഘടക കക്ഷികളും മത്സരിക്കാന്‍ തയ്യാറാവാതായതോടെ ഇടതു മുന്നണിയില്‍ നിന്നും മത്സരിക്കാന്‍ സീറ്റ് സി.പി.എമ്മിനു തന്നെ ഏറ്റെടുക്കേണ്ടിവന്നു. അഡ്വ: പി.പി ബഷീറിനെയാണ് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തിറക്കിയത്. എന്നാല്‍ വമ്പന്‍ തോല്‍വി സിപിഎമ്മിനെ ഞെട്ടിച്ചു. സി.പി.എം മത്സരിച്ചാലും ഭൂരിപക്ഷം കുറക്കാനവില്ലെന്ന് പാര്‍ട്ടി നേതൃത്വം തിരിച്ചറിഞ്ഞതോടെയാണ് ഇക്കുറി പാര്‍ട്ടി മറ്റു വഴികള്‍ തേടുന്നത്. ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പി.പി ബഷീറിനെ മത്സരിപ്പിക്കുന്നില്ല. സിപിഎം സ്വതന്ത്രനെ തേടാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ആരെയും ലഭിച്ചിട്ടില്ല. അവിഹിത കൂട്ടുകെട്ടുണ്ടാക്കാന്‍ സി.പി.എം അണിയറയില്‍ നീക്കം നടത്തുന്നുണ്ട്. ഇന്ന് ജില്ലയില്‍ സി.പി.എം യോഗം ചേരുന്നുണ്ട്. സ്വതന്ത്രരെ മത്സരിക്കാന്‍ കിട്ടിയില്ലെങ്കില്‍ എസ്.എഫ്.ഐ നേതാവ് വിപി സാനുവിനെ മത്സരിപ്പിക്കാനാണ് ശ്രമിക്കുന്നത്.യു.ഡി.എഫിന്റെ ശക്തിദുര്‍ഗമായ വേങ്ങരയില്‍ സ്ഥാനാര്‍ത്ഥിയെ കിട്ടാതെ സി.പി.എം ആദ്യ റൗണ്ടിലേ വിയര്‍ക്കുകയാണ്. കഴിഞ്ഞ ദിവസം ജില്ല നേതൃയോഗം ചേര്‍ന്നപ്പോള്‍ തീരുമാനത്തിലെത്താനായില്ല. സ്ഥാനാര്‍ത്ഥി സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നേതൃത്വം ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പണച്ചാക്കുകള്‍ക്ക് പിന്നാലെയാണ് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ സി.പി.എം ജില്ലയില്‍ ഓടിയത്. അത്തരത്തിലുള്ള വ്യവസായികള്‍ വേങ്ങരയിലേക്ക് വരാന്‍ തയ്യാറാവുന്നില്ലെന്നാണ് വിവരം.

chandrika: